കലയുടെ പൊന്നോണം 2020 ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം

ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ആരവങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കലയുടെ 43 വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് വേദിയും സദസ്സുമില്ലാതെ വേറിട്ടൊരു ഓണാഘോഷം നടക്കുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സ്വജീവന്‍ പണയപ്പെടുത്തി സഹജീവികളുടെ പരിരക്ഷയ്ക്കും പരിചരണത്തിനുമായി ആതുര ശുശ്രൂഷ ചെയ്യുന്ന ഫിലാഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഭാരതീയ ഭക്ഷണം എത്തിച്ച് ഓണത്തിന്റെ സന്തോഷവും സാഹോദര്യവും അറിയിച്ചുകൊണ്ടായിരുന്നു ഇക്കുറി കലയടെ ഓണാഘോഷം. ഭാഷയുടേയും വര്‍ണ്ണത്തിന്റേയും സംസ്കാരത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ഫിലഡല്‍ഫിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കലയുടെ ഉദ്യമത്തേയും ഉപഹാരത്തേയും സഹര്‍ഷം ഏറ്റുവാങ്ങി.

 

 

 

കല വൈസ് പ്രസിഡന്റ് ഷാജി മിറ്റത്താനി, കമ്മിറ്റി മെമ്പര്‍ ജോര്‍ജ് വി. ജോര്‍ജ് എന്നിവരുടെ പ്രത്യേക താത്പര്യപ്രകാരം പ്രസിഡന്റ് ഡോ. ജയ്‌മോള്‍ ശ്രീധറിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപംകൊടുത്ത പദ്ധതിയാണ് “ഓണറിംഗ് ഓണ്‍ ഓണം’. ജോയി കരുമത്തി, ജോണി കരുമത്തി, ജോജോ മുണ്ടയ്ക്കത്തറപ്പേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കലയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം തയാറാക്കുവാന്‍ അണിനിരന്നു. ഓഗസ്റ്റ് 29നു ശനിയാഴ്ച രാവിലെ 11.30നു മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ ഫഌഗ് ഓഫ് ചെയ്തതോടെ ഭക്ഷണം നിറച്ച വാഹനങ്ങള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു. കലയുടെ ഈ ഉദാത്ത മാതൃക അഭിനന്ദനീയവും, അനുകരണീയവുമാണെന്നു തന്റെ സന്ദേശത്തില്‍ ജോര്‍ജ് മാത്യു പ്രസ്താവിച്ചു.

 

തോമസ് ചാക്കോ, ജയിംസ് ജോസഫ്, ജിമ്മി ചാക്കോ, സുജിത്ത് ശ്രീധര്‍, സേവ്യര്‍ മൂഴിക്കാട്ട്, സണ്ണി പടയാറ്റില്‍, ബെന്നി ജേക്കബ്, സന്തോഷ് കുര്യന്‍, ജയിംസ് വരിക്കപ്പള്ളില്‍ എന്നിവര്‍ വിവിധ ചുമതലകള്‍ക്ക് നേതൃത്വം നല്‍കി.

ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, നസറത്ത് ഹോസ്പിറ്റല്‍, ഐവി ഹില്‍ നഴ്‌സിംഗ് ഹോം, അബിംഗ്ടണ്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റല്‍സ് എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷണവിതരണം ഏകോപിപ്പിച്ചത് കല വിമന്‍സ് ഫോറം ചെയര്‍ ജയ്ബി ജോര്‍ജ് ആയിരുന്നു. പൊതു സമൂഹത്തില്‍ നിന്നു വിഭവസമാഹരണം നടത്താതെ സാമ്പത്തിക ക്രമീകരണം നടത്തുവാന്‍ ട്രഷറര്‍ ജേക്കബ് ഫിലിപ്പ് ജാഗ്രത പുലര്‍ത്തി.
കല യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍ ജെറി പെരിങ്ങാടിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിര്‍ച്വല്‍ ഓണം സെലിബ്രേഷന്‍ വീഡിയോ യുട്യൂബിലും ഇതര സാമൂഹിക മാധ്യമങ്ങളിലും ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ കലയിലെ കലാകാരന്മാര്‍ നടത്തിയ പരിശ്രമം നന്ദിപൂര്‍വ്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു പ്രസിഡന്റ് ജയ്‌മോള്‍ ശ്രീധര്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ സ്വാഗതം ആശംസിച്ചു. സാമൂഹിക അകലമില്ലാതെ സമൂഹമൊന്നിച്ച് ഓണം ആഘോഷിക്കുന്ന കാലം എത്രയും പെട്ടെന്നുതന്നെ ഉണ്ടാകട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘ഓണറിംഗ് ഓണ്‍ ഓണം’ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച കലയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും, അതോടൊപ്പം എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജോയിന്റ് സെക്രട്ടറി ജയിംസ് കുരുവിള കൃതജ്ഞത പ്രകാശിപ്പിച്ചു.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു