പത്തനംതിട്ട :പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും കുടുംബവും പ്രതികളാണെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമൺ അറിയിച്ചു . റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.
ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്തതിന് ഇവർക്കെതിരെ നിക്ഷേപകരുടെ
പരാതികളുടെ അടിസ്ഥാനത്തിൽ കോന്നി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഈ കേസ് അന്വേഷിച്ചിട്ടുള്ളതും, പ്രതികൾ പോപ്പുലർ
ഫിനാൻസിന്റെ പേരിൽ നിക്ഷേപകരിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം അവരുടെ അറിവോ
സമ്മതമോ ഇല്ലാതെ, തെറ്റിദ്ധരിപ്പിച്ചു ചതിയും വഞ്ചനയും നടത്തി, മറ്റു കടലാസ് കമ്പനികളിലേക്ക്
വകമാറ്റി 2000 കോടിയിലധികം രൂപ കബളിപ്പിച്ചു വിദേശനിക്ഷേപം നടത്തിയിട്ടുള്ളതാണ്.
പോലീസ് കേസെടുത്തതറിഞ്ഞു ഉടമയുടെ മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർ
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായിരുന്നു. അവരിൽനിന്നു ലഭിച്ച
വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമ റോയ് ഡാനിയേലിനെയും ഭാര്യ പ്രഭ തോമസിനെയും ഇന്നലെ
അറസ്റ്റ് ചെയ്ത് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലസ്സ് മജിസ്‌ട്രേറ്റ് കോടതി 2 ൽ ഹാജരാക്കി റിമാൻഡ്
ചെയ്യുകയുമായിരുന്നു.
കേരളത്തിന് പുറമെ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിലായി 250
ശാഖകളിലെ നിക്ഷേപകരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
കൂടുതൽ അന്വേഷണം നടത്തുമെന്നും, നിക്ഷേപകരെ കബളിപ്പിച്ച പണം കടത്തിക്കൊണ്ടു പോയതിനെക്കുറിച്ചും അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
അഞ്ചാം പ്രതിയായ ഉടമയുടെ മകളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും
അന്വേഷിച്ചുവരികയാണ്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ വിവിധ പോലീസ്
സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ കോന്നി പോലീസ് സ്റ്റേഷനിലേക്ക് അയച്ചുതരുന്നതിന് സംസ്ഥാന പോലീസ് മേധാവി നിർദേശം നല്കിയിട്ടുള്ളതിനാൽ അവ ഈ കേസുമായി ചേർത്ത് അന്വേഷണം വ്യാപിപ്പിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.