Trending Now

തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിന്റെ ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മലയോര മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന തണ്ണിത്തോട് വെല്‍ഫെയര്‍ യുപി സ്‌കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം.
രണ്ടു നിലകളിലായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ആറു ക്ലാസ് മുറികളും, ഇലക്ട്രിക്കല്‍ വര്‍ക്കും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് റാന്നി ആസ്ഥാനമായുള്ള എസ്‌കെജെകെ എന്ന കമ്പനിയാണ്. എട്ടു മാസമാണ് നിര്‍മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും, നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മാണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി.
ഘട്ടം ഘട്ടമായി കോന്നിയിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.
കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശിലാസ്ഥാപന ചടങ്ങ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി അധ്യക്ഷയായ ചടങ്ങില്‍
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആര്‍. രാമചന്ദ്രന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. സുഭാഷ്, കെ.എന്‍. സുമതി, ടിജോ തോമസ്, അജിത സോമന്‍, എം. കെ. മാത്യു, പിറ്റിഎ പ്രസിഡന്റ് അജയകുമാരന്‍ നായര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ആര്‍. പ്രിയദേവി, തണ്ണിത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ പ്രസാദ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, രക്ഷ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!