Trending Now

ബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്‌മെന്റ് ആദരവ് ജില്ലാ പോലീസ് മേധാവിക്ക് സമ്മാനിച്ചു

 

നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍(എന്‍എച്ച് ആര്‍എഫ്) നല്‍കുന്ന ബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന് സമ്മാനിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് എന്‍എച്ച് ആര്‍എഫ്. കോവിഡ് 19 ന്റെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിക്കുന്ന ചടങ്ങ് കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം നടത്തി വരുന്നു. ദീര്‍ഘനാളത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെയും, സംസ്ഥാന തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരേയും കണ്ടെത്തുന്നത്. അവരുടെ സേവനത്തിനുള്ള അംഗീകാരമായും, മറ്റുള്ളവര്‍ക്ക് പ്രചോദനമായും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ ആദരവ് നല്‍കുന്നത്. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഇതിനായി കണ്ടെത്തുക. എന്‍എച്ച്ആര്‍എഫിന്റെ ഈ ആദരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന് എന്‍എച്ച്ആര്‍എഫ് നാഷണല്‍ ട്രഷറര്‍ മുംതാസ്, കൊല്ലം ജില്ലാ സെക്രട്ടറി അഫ്‌സല്‍ കുരുടന്റയ്യത്ത്, പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ സലാം, സുജിലി സുജീവ് എന്നിവര്‍ ചേര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ ചേമ്പറില്‍ വച്ചു കൈമാറി. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കോവിഡ് 19 മഹാമാരിയുടെ തുടക്കസമയത്താണ്, പുതിയ ജില്ലാപോലീസ് മേധാവിയായി കെ.ജി. സൈമണ്‍ ചുമതലയേറ്റത്. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍, സ്തുത്യര്‍ഹ സേവാ മെഡല്‍, ബാഡ്ജ് ഓഫ് ഹോണര്‍, മെറിട്ടോറിയല്‍ സര്‍വീസ് എന്‍ട്രി, ഇന്‍വെസ്റ്റിഗേഷന്‍ എക്‌സലന്‍സ് പുരസ്‌കാരം, ഗുഡ് സര്‍വീസ് എന്‍ട്രി തുടങ്ങി ഇരുന്നൂറിലധികം പുരാസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ജില്ലാപോലീസ് മേധാവി, രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സര്‍വ പ്രവര്‍ത്തനങ്ങളിലും ജില്ലാപോലീസിനെ ഭാഗഭാക്കാക്കി.
പ്രാഥമികമായി ജില്ലാപോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു. ലോക്ക്ഡൗണിനൊപ്പം നിരോധനാജ്ഞ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ നിരത്തുകളില്‍ പോലീസിന്റെ സാന്നിധ്യം സമ്പൂര്‍ണമാക്കി. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പഴുതടച്ച പരിശോധനകളിലൂടെ കോവിഡ് സാമൂഹിക വ്യാപനം തടഞ്ഞുനിര്‍ത്താന്‍ പോലീസിനെ പൂര്‍ണമായും പ്രയോജനപ്പെടുത്തി. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് എല്ലാ ആവശ്യസഹായങ്ങളും, ജീവന്‍രക്ഷാ ഔഷധങ്ങളും ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗിച്ച് ലഭ്യമാക്കി.
ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തടയുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ മൂന്ന് ടേണുകളാക്കി, നിലവിലെ സബ് ഡിവിഷനുകള്‍ക്കു പുറമെ നാലു പുതിയ സബ് ഡിവിഷനുകള്‍ കൂടി രൂപീകരിച്ചു, ജില്ലാ ആസ്ഥാനത്ത് ഏതുസമയവും ലഭ്യമാകുംവിധം സ്ട്രൈക്കിംഗ് ഫോഴ്സിനെ തയാറാക്കി. കോവിഡ് കണ്‍ട്രോള്‍ റൂമിനു പുറമെ ഇആര്‍എസ്എസ് 112 ടോള്‍ ഫ്രീ നമ്പര്‍ സേവനമൊരുക്കി. രോഗവ്യാപനത്തിനിടയാക്കും വിധം നിരത്തുകളില്‍ വാഹനങ്ങളുമായി ഇറങ്ങി കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടാക്കിയ ആളുകള്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോവിഡ് ബോധവത്കരണത്തിന് ജനമൈത്രി പോലീസ്, എസ്പിസി തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കി. മുതിര്‍ന്ന പൗരമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കി. ഓണ്‍ലൈന്‍ പഠനവുമായി വീടുകളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ക്ക് സമ്മര്‍ദം ഒഴിവാക്കാന്‍ ചിരി എന്നപേരില്‍ കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നിരവധി പ്രവര്‍ത്തനങ്ങളില്‍ നേരിട്ടും അല്ലാതെയും ജില്ലാ പോലീസിനെ പങ്കെടുപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു