Trending Now

കോവിഡ് 19: റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

 

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയായ റേഷന്‍ കടകള്‍, സപ്ലൈകോ മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ :

റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ കൈകള്‍ ശുചിയാക്കുന്നുണ്ടെന്നും കൃത്യമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്നും ലൈസന്‍സി അല്ലെങ്കില്‍ ജീവനക്കാരന്‍ ഉറപ്പുവരുത്തണം. മാസ്‌ക് ശരിയായ വിധത്തില്‍ ധരിക്കാതെ എത്തുന്നവരെ ഒരു കാരണവശാലും കടയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.
ബയോമെട്രിക് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഓരോ ഉപഭോക്താവിന്റെയും കൈവിരലടയാളം പതിപ്പിക്കുന്നതിനു മുന്‍പ് കൈവിരല്‍ ഹാന്‍ഡ്
സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിച്ചു 10 സെക്കന്റ് കഴിഞ്ഞതിനു ശേഷം മാത്രമേ ബയോമെട്രിക് മെഷീനില്‍ കൈവിരല്‍ പതിപ്പിക്കാന്‍ പാടുള്ളൂ.
പരമാവധി ശാരീരിക അകലം പാലിച്ചു വേണം ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന ബാഗുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍. ഭക്ഷ്യധാന്യങ്ങള്‍ കടയിലേക്ക് കൊണ്ടുവരുന്ന വാഹനത്തിലെ ജീവനക്കാരും സാധനങ്ങള്‍ ഇറക്കിവയ്ക്കാന്‍ സഹായിക്കുന്ന ലോഡിംഗ് തൊഴിലാളികളും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സെയില്‍സ്മാന്‍, ലൈസന്‍സി എന്നിവര്‍ വീടുകളില്‍ തിരികെ എത്തിയ ഉടന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മാസ്‌ക് എന്നിവ മാറി കുളിച്ചതിനു ശേഷം മാത്രം വീട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുക.
എല്ലാദിവസവും കുറഞ്ഞത് ഒരു തവണയെങ്കിലും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ച് കടകളില്‍ അണുനശീകരണം നടത്തണം. (ബ്ലീച്ച് ലായനി തയാറാക്കുന്ന രീതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് മനസിലാക്കാം). എപ്പോഴും സ്പര്‍ശിക്കാന്‍ സാധ്യതയുള്ള പ്രതലങ്ങളായ മേശ, കസേര, ഭക്ഷ്യധാന്യങ്ങള്‍ അളക്കുന്ന തുലാസ് തുടങ്ങിയവ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഒരു ശതമാനം ബ്ലീച് ലായനി ഉപയോഗിച്ച് തുടയ്ക്കണം.
കടയില്‍ വന്നുപോയ ഏതെങ്കിലും ഉപഭോക്താവിനോ, ജീവനക്കാരനോ, ലൈസന്‍സിക്കോ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ കടകള്‍ ഒരു ശതമാനം ബ്ലീച് ലായനി ഉപയോഗിച്ച് അണുനശീകരണം വരുത്തിയ ശേഷം ഒന്നു മുതല്‍ രണ്ടു മണിക്കൂറിനുശേഷം തുറന്ന് പ്രവര്‍ത്തിക്കണം. ഈ കാരണത്താല്‍ കടകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം അടച്ചിടാന്‍ പാടില്ല.
പോസിറ്റീവ് ആയ വ്യക്തിയുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ ആയതിനാല്‍ ഈ വ്യക്തിയുമായി സമ്പര്‍ക്കം വന്ന ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകണം.
പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കം വന്ന ദിവസം മുതല്‍ 14 ദിവസം വരെ നിരീക്ഷണത്തില്‍ കഴിയണം. ഒരു കാരണവശാലും പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ പുറത്തുപോകാന്‍ പാടില്ല. സമ്പര്‍ക്കത്തിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ക്വാറന്റൈയിന്‍ മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനകള്‍ നടത്തണം. 65 വയസിനു മുകളില്‍ പ്രായമുള്ള ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവര്‍ കടകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!