Trending Now

ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്ത് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കേണ്ടത് അനിവാര്യമായ സാഹചര്യവും, അതേസമയം, വ്യാപാരം തടസപ്പെടാതെ നടക്കേണ്ടതും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍:
കടകളില്‍ സാനിറ്റൈസറും, ഹാന്‍ഡ് വാഷും നിര്‍ബന്ധമായി ഉണ്ടായിരിക്കണം. കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കുന്നതിന് കടകള്‍ക്ക് മുന്നില്‍ ആവശ്യമായ മാര്‍ക്കിംഗുകള്‍ ചെയ്യണം. 15 ചതുരശ്ര അടിക്ക്് ഒരാളെന്ന ക്രമത്തില്‍ വിസ്തീര്‍ണം അടിസ്ഥാനമാക്കി വ്യാപാരശാലക്ക് ഉള്ളില്‍ എത്രപേര്‍ നില്‍ക്കാമെന്നുള്ള എണ്ണം പുറത്ത് പ്രദര്‍ശിപ്പിക്കണം. ബാക്കിയുള്ളവരെ വ്യാപാരശാലയുടെ പുറത്ത് വൃത്തം വരച്ചോ, ലൈന്‍ വരച്ചോ കാത്തു നില്‍ക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണം.
ഹോട്ടലുകള്‍, റസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. അടഞ്ഞു കിടക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും, റസ്റ്റോറന്റുകളും, റിസോര്‍ട്ടുകളും അണു വിമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം.
വഴിയോര മത്സ്യ കച്ചവടവും, പഴം, പച്ചക്കറി, മറ്റ് വില്‍പ്പനകളും വീടുതോറും പോയുള്ള മത്സ്യ കച്ചവടവും പഴം, പച്ചക്കറി, മറ്റ് വില്‍പ്പനകളും പൂര്‍ണമായും നിരോധിച്ചു. പൊതു സ്ഥലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും നിരോധിച്ചു. ഓണക്കാലത്ത് പുറത്തു നിന്ന് സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനും സംരക്ഷണം ഒരുക്കാനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം.
ഓണാഘോഷവുമായി ബന്ധപ്പെട്ട് വെളിയില്‍ നിന്നും കൊണ്ടുവരുന്ന പൂക്കള്‍ ഒഴിവാക്കി വീടുകളിലെ പൂക്കള്‍ കൊണ്ട് പൂക്കളം ഇടുന്നതിന് ശ്രദ്ധിക്കണം. ഓണ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന പോലീസ് നിര്‍വഹിക്കണം.
കട ഉടമകളോടും ഉപഭോക്താക്കളോടും മാന്യമായി ഉദ്യോഗസ്ഥര്‍ പെരുമാറണം.
വിവാഹം/മരണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നില്ല എന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുണ്ടെന്ന് പോലീസ് ഉറപ്പു വരുത്തണം.
കടകളുടെ വലുപ്പത്തിന് അനുസൃതമായി എത്ര ആളുകളെ കയറ്റാമെന്നുള്ളത് ബന്ധപ്പെട്ട താലൂക്കിന്റെ ചുമതലയുള്ള സബ് കളക്ടര്‍/ ആര്‍ഡിഒ/ഡെപ്യൂട്ടി കളക്ടര്‍ പരിശോധിക്കണം. അനുവദനീയമായ ആളുകളില്‍ അധികം പേരെ കയറ്റുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കണം. വഴിയോര കച്ചവടം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാലും നടപടി സ്വീകരിക്കണം. സ്‌കാഡുകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് താലൂക്ക് തലത്തില്‍ മൂന്നു സ്‌ക്വാഡുകള്‍ വീതം പ്രവര്‍ത്തിക്കണം.
ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കുകയും വിവരം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു