കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്താന്‍ തീരുമാനമായി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
തിരുവോണത്തോണി ഓഗസ്റ്റ് 30 ന് വൈകിട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ 20 പേരെ മാത്രം ഉള്‍പ്പെടുത്തി തിരുവോണ സദ്യക്കാവശ്യമായ വിഭവങ്ങളുമായി പുറപ്പെട്ട് ഓഗസ്റ്റ് 31 ന് പുലര്‍ച്ചെ ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് തീരുമാനിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി പള്ളിയോടത്തില്‍ 24 പേര്‍ക്ക് അനുമതി നല്‍കി. ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ നാലിന് രാവിലെ പത്തിന് ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിന് പള്ളിയോടത്തില്‍ 24 പേര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായി. സെപ്റ്റംബര്‍ 10ന് രാവിലെ 11ന് അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട പള്ളിയോടത്തില്‍ 24 പേരും ചടങ്ങുകള്‍ക്കായി എട്ട് പേരും ഉള്‍പ്പെടെ 32 പേരെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ പരിമിതപ്പെടുത്തി നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
വള്ളസദ്യ പരിമിതമായ ചടങ്ങുകളോടുകൂടി നടത്തുന്നത് സംബന്ധിച്ച് അന്നത്തെ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എഡിഎം അലക്‌സ് പി. തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, ഡിഡിപി എസ്.ഷാജി, ഡിവൈഎസ്പി എസ്.സജീവ്, തഹസീല്‍ദാര്‍മാരായ ഓമനക്കുട്ടന്‍, ജോണ്‍ പി. വര്‍ഗീസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.