കോന്നി വാര്‍ത്ത ഡോട്ട് കോം : റീബില്‍ഡ് കേരള ഇനിഷേ്യറ്റീവ് പദ്ധതിയിന്‍ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തൊഴുത്ത് നിര്‍മാണം, ഫാം ആധുനികവത്ക്കരണം, പുല്‍കൃഷി, കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തീറ്റ വിതരണം, ആടുവളര്‍ത്തല്‍, വീട്ടുമുറ്റത്ത് കോഴിവളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷിക്കാന്‍ അവസരം. 2018ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.പത്തനംതിട്ട ജില്ലയിലെ 57 തദ്ദേശഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. അപേക്ഷ ഈ മാസം 22നകം അതത് പഞ്ചായത്തിലെ മൃഗാശുപത്രികളില്‍ നല്‍കണം.
ജില്ലയില്‍ 600 പശുവളര്‍ത്തല്‍ യൂണിറ്റ് അനുവദിച്ചിട്ടുണ്ട്. രണ്ട് പശുക്കളുള്ള ഒരു യൂണിറ്റിന് 60000 രൂപ സബ്‌സിഡി ലഭിക്കും. കിടാരിയെ വാങ്ങുന്നതിന് 15000 രൂപയും പുതിയ തൊഴുത്ത് നിര്‍മാണത്തിനും ആടുവളര്‍ത്തലിനും 25000 രൂപയും സബ്‌സിഡി അനുവദിക്കും. പശുക്കളെയും ആടുകളെയും ബ്ലോക്കുതലത്തിലുള്ള പര്‍ച്ചേസ് കമ്മിറ്റി വാങ്ങി നല്‍കും.
ജില്ലയില്‍ പശുവളര്‍ത്തലിലുള്ള 1000 കര്‍ഷകര്‍ക്ക് പ്രതിമാസം രണ്ട് ചാക്ക് കാലിത്തീറ്റ ആറ് മാസത്തേക്ക് പകുതിവിലയ്ക്ക് ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 500 പശുക്കുട്ടികള്‍ക്ക് ആദ്യ പ്രസവം വരെ ആവശ്യമായ കാലിത്തീറ്റ പകുതി വിലയില്‍ ലഭ്യമാക്കും. ഇതിനായി ഗുണഭോക്താക്കള്‍ക്ക് 12500 രൂപ സബ്‌സിഡി അനുവദിക്കും. ജില്ലയില്‍ 2000 പേര്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ വീതവും 1500 പേര്‍ക്ക് 10 താറാവിന്‍ കുഞ്ഞുങ്ങളെയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.