Trending Now

തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവല്ല നിയോജകമണ്ഡലത്തിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി യിലേയും വെള്ളപ്പൊക്ക ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അഡ്വ.മാത്യു.ടി തോമസ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേര്‍ന്നു. നിയോജക മണ്ഡലത്തിനു കീഴില്‍വരുന്ന എല്ലാ പഞ്ചായത്തുകളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ ആരായുകയും ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനമായി. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ അതത് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളിലെത്തി പരിശോധന നടത്തും. ഇതിനാവശ്യമായ വാഹനസൗകര്യം അതത് പഞ്ചായത്തുകളുടെ സഹകരണത്തോടെ ലഭ്യമാക്കണം. അതോടൊപ്പം മഴക്കാല രോഗ പ്രതിരോധത്തിനായി ആരോഗ്യ കേന്ദ്രങ്ങളില്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍, ഒ.ആര്‍.എസ്, ബ്ലീച്ചിംങ് പൗഡര്‍ എന്നിവ എത്തിക്കാനും തീരുമാനമായി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാചകം ചെയ്യാന്‍ ആവശ്യമായ ഗ്യാസ് സിലിണ്ടറുകള്‍ മുടക്കം വരാതെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍ മോട്ടര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കാനും തീരുമാനമായി. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
കോവിഡ് രോഗബാധയും വെള്ളപ്പൊക്കവും ഒരുപോലെ ഉണ്ടായ സാഹചര്യത്തില്‍ എല്ലാവരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഡ്വ. മാത്യു.ടി തോമസ് എം എല്‍ എ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുടര്‍ന്നും അതുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മല്ലപ്പള്ളി താലൂക്കില്‍പ്പെട്ട റാന്നി നിയോജക മണ്ഡലത്തിനു കീഴില്‍ വരുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ രാജു എബ്രഹാം എംഎല്‍എയും തിരുവല്ല താലൂക്കില്‍പ്പെട്ട ആറന്മുള നിയോജക മണ്ഡലത്തിനു കീഴില്‍ വരുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വീണാ ജോര്‍ജ് എം.എല്‍എയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിലയിരുത്തി.
തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തിരുവല്ല തഹസില്‍ദാര്‍ മിനി കെ തോമസ്, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജയിംസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു