Trending Now

അടൂര്‍ : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍ മികച്ച സൗകര്യങ്ങളോടെ 210 കിടക്കകളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സിഎഫ്എല്‍ടിസി) പ്രവര്‍ത്തനം ആരംഭിച്ചു. സിഎഫ്എല്‍ടിസിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഇവിടെ മൊത്തം 250 കിടക്കകള്‍ സജ്ജീകരിക്കാനാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ തന്നെ മികച്ച സൗകര്യങ്ങളോടുകൂടിയ സിഎഫ്എല്‍ടിസിയാണ് അടൂര്‍ നഗരസഭ ഒരുക്കിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. സിഎഫ്എല്‍ടിസിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കായി മാനസിക ഉല്ലാസത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള സംവിധാനങ്ങള്‍ ഒരുക്കി. കാരംസ്, ചെസ് എന്നീ കളികളില്‍ ഏര്‍പ്പെടാന്‍ സംവിധാനമുണ്ട്. പാട്ടു കേള്‍ക്കുന്നതിനും പത്രങ്ങളും വാരികകളും വായിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനും വീക്ഷിക്കുന്നതിനുമായി ടെലിവിഷനുകളും ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം അവിടെ തന്നെ പാചകം ചെയ്യാനുള്ള സൗകര്യം, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രത്യേകം വിശ്രമമുറികള്‍ തുടങ്ങിയവ പ്രത്യേകതയാണ്. സ്രവം ശേഖരിക്കുന്നതിന് സിഎഫ്എല്‍ടിസിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്, ആര്‍ഡിഒ ഹരികുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പ്രസാദ്, നഗരസഭാ അംഗങ്ങളായ ഉമ്മന്‍ തോമസ്, ടി. മധു, മറിയാമ്മ ജേക്കബ്, ശോഭാ തോമസ്, എസ്. ബിനു, റീന, സൂസി, നഗരസഭ സെക്രട്ടറി ദീപേഷ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹാരീഷ്, ഡോ. പ്രശാന്ത്, ഡോ. ദീപ്തി ലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു