കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ നടത്തുമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അലക്‌സ് പി. തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതലത്തില്‍ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എഡിഎം. ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കി.
കോഴഞ്ചേരി തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ഡി.എച്ച്.ക്യൂ എസ്.ഐ പി.ജെ ഫ്രാന്‍സിസ്, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ പ്രകാശ്, കോന്നി ഡിവിഷന്‍ ഡിആര്‍എഫ്ഒ എസ്. സനോജ്, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, വില്ലേജ് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍, പി.ഡബ്ല്യൂ.ഡി എഇ കെ.എ. ശ്യാംകുമാര്‍, പി.ഡബ്ല്യൂ.ഡി എഇഇ മാത്യു ജോണ്‍, പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് എഇഇ വി. മെജോ ജോര്‍ജ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ക്രമീകരണങ്ങള്‍:
ആഗസ്റ്റ് 15ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. പോലീസിന്റെ മൂന്ന് ടീം, എക്‌സൈസിന്റെ ഒരു ടീം, ഫോറസ്റ്റിന്റെ ഒരു ടീം എന്നിങ്ങനെ അഞ്ചു ടീമുകളാണ് ഇത്തവണ പരേഡ് നടത്തുക. ഈ മാസം 13ന് രാവിലെ ഒന്‍പതിന് ജില്ലാ സ്റ്റേഡിയത്തില്‍ പരേഡില്‍ പങ്കെടുക്കുന്ന ടീമുകളുടെ റിഹേഴ്‌സല്‍ നടത്തും. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, രണ്ടു സാനിറ്റേഷന്‍ തൊഴിലാളികള്‍, കോവിഡ് ഭേദമായ മൂന്ന് വ്യക്തികള്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കും.
മതിയായ ഹാന്‍ഡ് സാനിറ്റൈസര്‍/വെള്ളവും സോപ്പും, മാസ്‌ക് എന്നിവ കവാടത്തില്‍ ക്രമീകരിക്കും. കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സൗകര്യം ഡിഎംഒയുടെ നേതൃത്വത്തില്‍ ഒരുക്കും. സ്റ്റേഡിയത്തിലേക്ക് കയറുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക കവാടം നഗരസഭയുടെ നേതൃത്വത്തില്‍ ക്രമീകരിക്കും. വിഐപികള്‍ക്കായി (പവലിയന്‍സ്) തയാറാക്കുന്ന സല്യൂട്ടിംഗ് ബേസ് പി.ഡബ്ല്യൂ.ഡി വിഭാഗം നിര്‍മിക്കും. സ്റ്റേഡിയത്തിലെ മറ്റ് ഒരുക്കങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ക്രമീകരിക്കും.
ഒഴിവാക്കപ്പെട്ടവ:
പൊതുജനത്തെ ചടങ്ങില്‍ അനുവദിക്കില്ല. ക്ഷണിതാക്കള്‍ പരമാവധി 100 പേര്‍ എന്ന രീതിയിലാകും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെയും ചടങ്ങില്‍ പങ്കെടുപ്പിക്കില്ല. എല്ലാ വര്‍ഷവും നടത്തിവരുന്ന ലഘുഭക്ഷണം വിതരണം, കുടിവെള്ള വിതരണം എന്നിവ ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.