കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലത്തും കാര്‍ഷികരംഗത്ത് മികച്ച മാതൃകയാകുകയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതി, നെല്ല് സംഭരണം, കര്‍ഷകരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ തുടങ്ങിയ ഇക്കോഷോപ്പ്, വിത്ത് വണ്ടി തുടങ്ങിയ സംരംഭവങ്ങള്‍ കൃഷി മേഖലയ്ക്ക് ഉത്തേജനമായിരിക്കുകയാണ്. കൊടുമണ്‍ കൃഷി ഓഫീസ് പൂര്‍ണപിന്തുണയും ഗ്രാമപഞ്ചായത്തിനുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡപ്രകാരം വാര്‍ഡ്തല പദ്ധതികള്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത്തല സമിതിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ അഞ്ചിന് സുഭിക്ഷകേരളം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം വിവിധ മേഖലകളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി, തരിശുപുരയിട കൃഷി, മത്സ്യകൃഷി, ഫലവൃക്ഷത്തൈ വിതരണം, കോഴിക്കുഞ്ഞ് വിതരണം, പുല്‍കൃഷി, ഔഷധസസ്യത്തോട്ടം നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുന്നു.
സുഭിക്ഷ കേരളം പദ്ധതിയില്‍ ചേനങ്കര ഏലായില്‍ ചേറാടി വിത്ത് ഉപയോഗിച്ച് നെല്‍കൃഷി ആരംഭിച്ചു. കര്‍ഷകര്‍ക്ക് തീറ്റപുല്ല് വിതരണവും നടത്തുന്നു. 35 കുളങ്ങള്‍ മത്സ്യ സമൃദ്ധം ആക്കുന്നതിന്റെ ഭാഗമായി രണ്ടു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കര്‍ഷകര്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അങ്ങാടിക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യതോട്ടം തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ ആരംഭിച്ചു.
13500 ഫലവൃക്ഷ തൈകളാണ് പഞ്ചായത്തില്‍ വിതരണം ചെയ്തത്. 1010 വീടുകളില്‍ കിഴങ്ങുവര്‍ഗ്ഗ വിത്തുകള്‍ വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് വാഴവിത്ത്, ടി.സി വാഴതൈകള്‍ എന്നിവ വിതരണം നടത്തി.
158 ഹെക്ടര്‍ നെല്‍പാടങ്ങളില്‍ കൃഷി ചെയ്ത 650 മെട്രിക്ക് ടണ്‍ നെല്ല് സപ്ലൈക്കോ വഴിയും കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി മുഖേനയും സംഭരിച്ചു. 130 മെട്രിക്ക് ടണ്‍ നെല്ല് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വില ഉടനടി കര്‍ഷകര്‍ക്ക് നല്‍കി കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി സംഭരിച്ചത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
കോവിഡ് കാലത്ത് വിപണിയില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ കര്‍ഷകര്‍ വിഷു വിപണി ലക്ഷ്യംവച്ച് ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍, നിത്യേന വിളവെടുക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് വിപണി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഇക്കോഷോപ്പ് തണലായി. ഈ ഇക്കോഷോപ്പിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ഫാര്‍മേഴ്സ് സൊസൈറ്റിയുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു.
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉത്തമ കാര്‍ഷിക രീതികള്‍പ്രകാരം കൃഷി ചെയ്യുന്ന നെല്ല് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലയില്‍ സംഭരിച്ച് സംസ്‌ക്കരിക്കുന്ന കൊടുമണ്‍ റൈസിന്റെ വിപണനത്തിനായി സജ്ജീകരിച്ച ഇക്കോഷോപ്പ് മുഖേന പച്ചക്കറികള്‍, പഴവര്‍ഗങ്ങളും മെച്ചമായ വിലയില്‍ സംഭരിച്ച് വിപണനം നടത്തുന്നതില്‍ വിജയം കണ്ടു.
ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിത്തുകളും തൈകളും എത്തിക്കാന്‍ വിത്ത് വണ്ടി എന്ന പദ്ധതി നടപ്പിലാക്കി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 സെന്റ് പച്ചക്കറി കൃഷി ചെയ്യുന്നതിന് ആവശ്യമായ 900 വിത്ത് പാക്കറ്റുകളും പച്ചക്കറി തൈകളും ടിഷ്യൂ കള്‍ച്ചര്‍ വാഴതൈകളും എല്ലാ വാര്‍ഡുകളിലും സൗജന്യമായി എത്തിച്ചു. കൃഷിക്കാവശ്യമായ ഉദ്പാദന ഉപാധികള്‍ ആവശ്യക്കാര്‍ക്ക് ടെലഫോണ്‍ മുഖേന ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തതിനു ശേഷമാണ് വിത്ത് വണ്ടി മുഖേന വിതരണം നടത്തിയത്. കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നേതൃത്വത്തില്‍ കൃഷി അനുബന്ധമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കാലത്തും നടന്നുവരുന്നത്.