കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജിനെ പ്രകാശപൂരിതമാക്കി എല്‍റ്റി പാനല്‍ കമ്മീഷന്‍ ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി നിലവളക്കു കൊളുത്തി കമ്മീഷനിംഗ് നിര്‍വഹിച്ചു. ഇതോടു കൂടി മെഡിക്കല്‍ കോളജിന്റെ നാല് നിലകളിലുമുള്ള ഫാന്‍, ലൈറ്റ്, പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമായി. ഒരു കോടി രൂപ മുടക്കിയാണ് എല്‍.റ്റി. പാനല്‍ സ്ഥാപിച്ചത്.
ബാംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി.വി. സിസ്റ്റംസ് ലിമിറ്റഡാണ് എല്‍.റ്റി. പാനല്‍ സപ്ലൈ ചെയ്തത്. എറണാകുളത്തുള്ള ഷൈന്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനമാണ് എല്‍.റ്റി. പാനല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഉപകരാര്‍ എടുത്തത് നിര്‍വഹിച്ചത്.
16 മീറ്റര്‍ നീളമുള്ള എല്‍.റ്റി. പാനലാണ് സ്ഥാപിച്ചിട്ടുള്ളത്. നാല് 2500 ആംപിയര്‍ എയര്‍ സര്‍ക്യൂട്ട് ബ്രേക്കറും, 2500 ആംപിയറിന്റെ എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ കപ്ളറും, 2000 ആപിയറിന്റെ നാല് ബ്രേക്കറും എല്‍.റ്റി.പാനലിന്റെ ഭാഗമായി ഉണ്ട്. മെയിന്‍ എല്‍.റ്റി.പാനല്‍ കമ്മീഷന്‍ ചെയ്ത് ചാര്‍ജു ചെയ്തതോടു കൂടി നാലു നില ആശുപത്രി കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യമായി.
കമ്മീഷനിംഗിന്റെ ഭാഗമായി ദീപം തെളിയിച്ചതോടൊപ്പം സ്വിച്ച് ഓണ്‍ കര്‍മവും എംപി നിര്‍വഹിച്ചു. കോന്നിക്കും, ജില്ലയ്ക്കും പ്രയോജനപ്രദമായ കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് എംപി. പറഞ്ഞു. മലയോര മേഖലയ്ക്ക് ഈ മെഡിക്കല്‍ കോളജ് മുതല്‍കൂട്ടാകുമെന്നും എംപി. പറഞ്ഞു.
നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന 11 കെവിയുടെ എച്ച്റ്റി സപ്ലൈ വര്‍ക്കിന്റെ കമ്മീഷനിംഗും ഉടന്‍ തന്നെ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. ഇതോടെ മെഡിക്കല്‍ കോളജ് വൈദ്യുതീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാകും. 750 കെവിയുടെ രണ്ട് ഡീസല്‍ ജനറേറ്റര്‍, എച്ച്വിഎസി എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണെന്ന് എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, എച്ച്എല്‍എല്‍ പ്രൊജക്ട് മാനേജര്‍ രതീഷ് കുമാര്‍, നാഗാര്‍ജുന കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍, ഡിജിഎം ഡി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.