Trending Now

ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ വള്ളസദ്യ നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ ഒരു വള്ളസദ്യ നടത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ  എന്നിവ ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുന്നത് സംബന്ധിച്ച വീഡിയോ കോഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി ഈ മാസം 15ന് തിരുവോണത്തോണി വരവേല്‍പ്പിനെ സംബന്ധിച്ചും ആറന്മുള ഉതൃട്ടാതി ജലോത്സവത്തെ സംബന്ധിച്ചും തീരുമാനമെടുക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പോലീസ് മേധാവി, ഡിഎംഒ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സെപ്റ്റംബര്‍ 10ന് രാവിലെ 11ന് നടത്താനിരിക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട 50 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ പരിമിതപ്പെടുത്തി നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ആറന്മുള വള്ളസദ്യ വഴിപാടുകള്‍ ഒക്ടോബര്‍ നാല് വരെയുള്ള കാലാവധിക്കുള്ളില്‍ അനുകൂലമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ദിവസം മാത്രമായി പരിമിതമായ ചടങ്ങുകളോടുകൂടി നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് സംബന്ധിച്ചും പോലീസ്, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് തുടങ്ങിയ വിഭാഗത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, ജില്ലാ പഞ്ചായത്തംഗം ലീല മോഹന്‍, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, തഹസീല്‍ദാര്‍മാരായ ഓമനക്കുട്ടന്‍, മിനി കെ. തോമസ്, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, അസി.ദേവസ്വം കമ്മീഷണര്‍ അജിത്, ഡിഎം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡിഡിപി എസ്.ഷാജി,  ഡിവൈഎസ്പി എസ്.സജീവ്, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, ആറന്മുള, കോഴഞ്ചേരി, തോട്ടപ്പുഴശേരി, കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!