കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് അനന്തര ടൂറിസം എന്ന രീതിയില്‍ ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്തോ, നിശ്ചിത മേഖലയിലേയോ ആളുകളുടെ വിനോദ ആവശ്യങ്ങള്‍ പരിഗണിച്ച് അതേസ്ഥലത്ത് തന്നെ തദ്ദേശീയ ടൂറിസം കേന്ദ്രം വികസിപ്പിക്കുക എന്നതാണ് ഗ്രാമീണ ടൂറിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ വരുന്ന രണ്ട് വര്‍ഷക്കാലത്തേക്ക് വിനോദ സഞ്ചാര സാധ്യതകള്‍ പരിമിതമാണെന്നിരിക്കെ ആഭ്യന്തരടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത്തരത്തിലാണ് ജില്ലയ്ക്കുള്ളില്‍ നില്‍ക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി.
നഗരവത്കരണം അധികം കടന്നുചെന്നിട്ടില്ലാത്ത പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങളും വനമേഖലകളും ജലാശയങ്ങളുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി തല്‍സ്ഥിതി നിലനിര്‍ത്തി ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക മാത്രമാണ് ചെയ്യേണ്ടതായുള്ളത്. ഇതിനോടനുബന്ധിച്ച് ചെറിയ ഭക്ഷണ കേന്ദ്രങ്ങളും ചെറിയ ടൂറിസം ആക്ടിവിറ്റികള്‍ കൂടി ഉള്‍പ്പെടുത്തുന്നത് ജനപ്രീതി വര്‍ധിപ്പിക്കുകയും വരുമാനമാര്‍ഗം ഉണ്ടാക്കുകയും ചെയ്യും. ചെറിയ തരത്തിലുള്ള ട്രക്കിംഗ്, ആറിലൂടെയുള്ള വഞ്ചി സവാരി, രാത്രികളില്‍ ക്യാമ്പ് ഫയര്‍, ചെറിയ ഒത്തുകൂടല്‍ (കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്/കോവിഡാനന്തരം) തുടങ്ങിയവയ്ക്കുള്ള സൗകര്യം ഒരുക്കുന്നതോടുകൂടി ആഭ്യന്തര ടൂറിസം കേന്ദ്രങ്ങള്‍ വികസിക്കുകയും സാധാരണ ജനങ്ങള്‍ക്ക് പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും. കോവിഡ് 19 മൂലം തൊഴില്‍ നഷ്ടപ്പെട്ട നിരവധിയാളുകള്‍ക്ക് ഇതു പ്രയോജനകരമാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഇതിനായി അവരുടെ പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റാവുന്ന കേന്ദ്രങ്ങളെ സംബന്ധിച്ചും അവയുടെ പ്രാധാന്യം സംബന്ധിച്ചും വിശദമായ അപേക്ഷ സമര്‍പ്പിക്കാവുന്നതും തുടര്‍ന്ന് ടൂറിസം വകുപ്പ് ഇത് പഠിച്ച് സാധ്യതകള്‍ വിലയിരുത്തിയതിന് ശേഷം പ്രധാനപ്പെട്ട ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇത് ആദ്യ ഘട്ടമായി നടപ്പിലാക്കും. തുടര്‍ന്ന് ജില്ലയിലാകമാനം ഘട്ടം ഘട്ടമായി വിപുലീകരിക്കും.
പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും അവരവരുടെ പ്രദേശത്തെ ടൂറിസം സാധ്യതാ പ്രദേശങ്ങളെ കണ്ടെത്തി ഡി.ടി.പി.സി യുടെ ശ്രദ്ധയില്‍പ്പെടുത്താം. കേന്ദ്രങ്ങള്‍ സംബന്ധിച്ച വിശദാംശവും സ്ഥലത്തിന്റെ പ്രത്യേകതയും ടൂറിസം കേന്ദ്രമാക്കി മാറ്റാവുന്നതിന്റെ സാധ്യതകളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഫോട്ടോകള്‍ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ആഗസ്റ്റ് 31 ന് മുന്‍പായി അയക്കണം. വിശദവിവരങ്ങള്‍ക്ക് കോഴഞ്ചേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി നേരിട്ടോ 04682311343 എന്ന നമ്പറിലേക്കോ ബന്ധപ്പെടുക.