കോന്നി ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു: അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ നമുക്ക് ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായുണ്ട്. ഒരു ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി വിശ്രമമില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ അത് എന്റെ കടമയും, എന്നില്‍ നിക്ഷിപ്തമായ ബാധ്യതയുമാണ്.
മെഡിക്കല്‍ കോളജ് മലയോര മണ്ണിന്റെ സ്വപ്നമാണ്. അത് ഇന്നത്തെ നിലയിലാക്കാന്‍ പ്രയത്‌നിച്ചവര്‍ നിരവധിയാണ്. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് യാഥാര്‍ഥ്യമാക്കാന്‍ ചുമതലപ്പെട്ട എംഎല്‍എ എന്ന നിലയിലുള്ള ഇടപെടലാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ രണ്ട് പ്രധാന റോഡുകളും, നിരവധി ഉപറോഡുകളും ഉന്നത നിലവാരത്തില്‍ നിര്‍മിക്കേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണുള്ളത്. പുതിയ തസ്തിക അനുവദിക്കാനുള്ള ഫയല്‍ സര്‍ക്കാര്‍ പരിഗണനയിലാണുള്ളത്. ഒപി വിഭാഗവും, 300 കിടക്കകളോടുകൂടിയ ഐപി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചാല്‍ മാത്രമേ നമുക്ക് മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ കഴിയുകയുള്ളു. എങ്കിലേ നമ്മുടെ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ കഴിയുന്ന കേന്ദ്രമായി ഇത് മാറുകയുള്ളു. ഓഗസ്റ്റ് മാസത്തില്‍ ഒപി, ഐപി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലാണ് എംഎല്‍എ എന്ന നിലയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇതിനായി കേരള മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നല്‍കുന്ന പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്. ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടത്തുന്നുണ്ട്.
മെഡിക്കല്‍ കോളജ് നിയമനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിധേയമായി മാത്രമേ നടത്തുകയുള്ളു. മറിച്ചുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും അവാസ്ഥവമാണ്. കോന്നിയിലെ ജനങ്ങളുടെ അഗ്രഹ സഫലീകരണത്തിന് പിന്നില്‍ വളരെയധികം ആളുകളുടെ പരിശ്രമമുണ്ട്. നിരവധി ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കോന്നിയിലെ പൊതു സമൂഹം തുടങ്ങി ഇതിനായി പ്രവര്‍ത്തിച്ചവരെല്ലാം ബഹുമാനവും, അഭിനന്ദനവും അര്‍ഹിക്കുന്നവര്‍ തന്നെയാണ്.
ഇപ്പോള്‍ നമുക്കാവശ്യം വിവാദങ്ങളല്ല. പത്തനംതിട്ട ജില്ലയുടെ തന്നെ സ്വപ്ന പദ്ധതിയാണിത്. കേരളത്തിന്റെ മുപ്പത്തിമൂന്നാമത്തെ മെഡിക്കല്‍ കോളജായി കോന്നി പ്രവര്‍ത്തനമാരംഭിക്കുക എന്നതാണ് പ്രധാനം. ഈ പ്രതിസന്ധി കാലയളവില്‍ നമ്മുടെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും കക്ഷി രാഷ് ട്രീയത്തിനതീതമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കോന്നിയിലെ ജനതയുടെ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം സഫലമാക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ എല്ലാവരും ഒറ്റക്കെട്ടായി കോന്നിയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു.