Trending Now

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരിയില്‍ തുടങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ അഞ്ചാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പടെ ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ 350 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, അഞ്ച് ഗേഡ് രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെ 15 ജീവനക്കാരെയാണ് ഇവിടെ
നിയമിച്ചിട്ടുള്ളത്.
രോഗികള്‍ക്കും, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കായും റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ രണ്ടു മേഖലകളായി സി.എഫ്.എല്‍.ടി.സിയെ തിരിച്ചിട്ടുണ്ട്.
രോഗികള്‍ കിടക്കുന്ന ഭാഗം റെഡ് സോണ്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഗ്രീന്‍ സോണ്‍. എക്സ്‌റേ യൂണിറ്റും, ലാബ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗബാധ ഗുരുതരമായവര്‍ക്ക് വേണ്ടി ഓക്സിജന്‍ സാകര്യങ്ങളോടു കൂടിയ ഒബ്സര്‍വേഷന്‍ മുറി ഗ്രീന്‍ സോണിന് സമീപം ക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ പെട്ടെന്ന് തന്നെ രോഗനില കൃത്യമായി മനസിലാക്കാനും സാധിക്കും. സി.എഫ്.എല്‍.റ്റി.സിയില്‍ ഉള്ളവരുടെ സ്രവ പരിശോധനയോടൊപ്പം തന്നെ പ്രമേഹം പോലെയുള്ള മറ്റ് അസുഖങ്ങളുടെ ടെസ്റ്റുകള്‍ നടത്തുന്നതിന് ലാബ് സൗകര്യം ഉപയോഗിക്കാം. സി.എഫ്.എല്‍.റ്റി.സിയില്‍ കിടക്കുന്ന രോഗികള്‍ക്ക് ഡോക്ടറുമായി കാണുന്നതിനും, ചികില്‍സയെ പറ്റി അറിയുന്നതിനും ടെലി മെഡിസിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
ജില്ലയില്‍ റാന്നി മേനാന്തോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി, ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രി, പത്തനംതിട്ട ജിയോ ആശുപത്രി എന്നിവയാണ് മറ്റ് നാല് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. കോവിഡ് പോസിറ്റീവായ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളുടെ കിടത്തി ചികിത്സക്കുന്നതിനുള്ള സ്ഥലമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍.
ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം. ഡി.പി.എം എബി സുഷന്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് എസ്. പ്രതിഭ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ബി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!