Trending Now

കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി വാഹനം സംഭാവന ചെയ്തു

 

കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌സ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായി) നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് വാഹനം കൈമാറി. രാജു എബ്രഹാം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ക്രെഡായി കൊച്ചിന്‍ ചാപ്‌റ്റേഴ്‌സ് പ്രസിഡന്റ് രവി ജേക്കബ് ആണ് വാഹനം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.

ജില്ലയില്‍ ഒരു റാപ്പിഡ് ടെസ്റ്റ് വാഹനമാണ് നിലവിലുള്ളത്. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നും രണ്ടു വാഹനങ്ങള്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍, ജില്ലയില്‍ രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ ഓരോ താലൂക്കിനും ഒരോ റാപ്പിഡ് ടെസ്റ്റ് വാഹനം തയാറാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ക്രെഡായി സംഭാവനയായി നല്‍കിയ വാഹനം റാപ്പിഡ് പരിശോധനയ്ക്ക് ആവശ്യമായ രീതിയില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
സമ്പര്‍ക്കം വഴി വ്യാപനം ഉണ്ടാകാതെ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ സഹായിക്കുന്ന വാഹനമാണ് റാപ്പിഡ് ടെസ്റ്റിംഗ് വെഹിക്കിള്‍. റാപ്പിഡ് ടെസ്റ്റ് വാഹനം ആളുകളിലേക്ക് എത്തുന്നതുകൊണ്ടു തന്നെ ആശുപത്രികളില്‍ ധാരാളം സമയം ചിലവിടേണ്ടതായി വരില്ല. ഇതു വഴി ആശുപത്രിയിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും രോഗവ്യാപനം തടയാനും ഒരുപരിധിവരെ സാധിക്കും.
ഒന്നിലധികം രോഗികളെ ഒരേ ആംബുലന്‍സിലോ വാഹനത്തിലോ ആശുപത്രയിലെത്തിക്കുന്നത് ഒഴിവാക്കാനും ഇതുവഴി ഉണ്ടായേക്കാവുന്ന രോഗ വ്യാപനം തടയാനും റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ സഹായത്തോടെ സാധിക്കും. റാപ്പിഡ് ടെസ്റ്റ് വാഹനങ്ങളിലൂടെ ഒരു സമയം വിവിധ സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയും. ഓരോ വാഹനത്തിലും ഡ്രൈവറെ കൂടാതെ ഒരു ഡോക്ടറും ഒരു പാരാമെഡിക്കല്‍ സ്റ്റാഫുമാണ് ഉണ്ടാകുക. സാമ്പിള്‍ ശേഖരിച്ച ശേഷം വാഹനം അണുവിമുക്തമാക്കിയിട്ടാണ് വീണ്ടും ഉപയോഗിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ വാഹനങ്ങള്‍ സംഭാവന ചെയ്യാന്‍ സന്നദ്ധരായി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. അടുത്ത ആഴ്ചയോടെ അവ ഉപയോഗ യോഗ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!