തമിഴ്‌നാട്ടിലെ പുഗലൂര്‍ നിന്ന് തൃശൂര്‍ മാടക്കത്തറയിലേക്ക് നിര്‍മിക്കുന്ന എച്ച്.വി.ഡി.സി ലൈനും സബ്‌സ്റ്റേഷനും ഒക്ടോബറില്‍ പൂര്‍ത്തിയാകും . വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നില്‍ക്കണ്ടുകൊണ്ട് വൈദ്യുതി ഇറക്കുമതിശേഷി വര്‍ധിപ്പിക്കുന്നതില്‍ ഈ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് എച്ച്.വി.ഡി.സി ലൈനും സബ്‌സ്റ്റേഷനും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വൈദ്യുതി മേഖലയില്‍ എടമണ്‍ കൊച്ചി പവര്‍ഹൈവേ അടക്കം വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരുന്നതിന് എച്ച്.വി.ഡി.സി സാങ്കേതികവിദ്യ ഫലപ്രദമാണ് എന്നു കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ഏറ്റെടുക്കുന്ന ഭൂമിക്ക് സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കി നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സമയബന്ധിതമായി പദ്ധതി മുമ്പോട്ടുപോകുന്നത്. 2018 മെയ് മാസത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 138 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും 27 കിലോമീറ്റര്‍ യുജി കേബിളുമാണ് 320 കെവി ഡിസി ലൈനില്‍ ഉള്ളത്. 90 ശതമാനം ജോലികളും പൂര്‍ത്തിയായി.കൊവിഡ് 19 നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗതയെ ബാധിച്ചിട്ടുണ്ടെങ്കിലും ഒക്ടോബറോടെ ഇത് പൂര്‍ത്തിയാകും. സബ്‌സ്റ്റേഷന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഒക്ടോബറില്‍ ലൈന്‍ ചാര്‍ജ് ചെയ്യുന്നതോടെ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകും. ആകെ 1474 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ കഴിയും. ഈ സര്‍ക്കാര്‍ കാലത്ത് ആരംഭിച്ച് ഈ സര്‍ക്കാര്‍ കാലത്തുതന്നെ പൂര്‍ത്തിയാക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.