Trending Now

ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം

ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം : മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആശംസകള്‍

ഡോ.അജയകുമാർ എസ്  (  പ്രസിഡൻറ്, കെ ജി എം ഒ എ, കൊല്ലം)

കേരളം : പ്രളയത്തിൽ മത്സ്യതൊഴിലാളികൾ നാട് രക്ഷിച്ചു എങ്കില്‍ കോവിഡ് മഹാമാരിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും കൊറോണയുടെ സമൂഹവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ച് നിർത്തുന്നു.എല്ലാ സുരക്ഷയും മുന്‍ കരുതല്‍ നിര്‍ദേശവും ഉപദേശവും നല്‍കി കേരള പോലീസും ഒപ്പം ചേരുമ്പോള്‍ വളരെ മാതൃകാപരമായ    രീതിയിൽ ആണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ച്നിര്‍ത്തുന്നത് .

 

 

ഡോക്ടര്‍മാര്‍ , നഴ്സുമാർ, മറ്റു ആശുപത്രി സ്റ്റാഫ്,പോലീസ്, ഫയർഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്തുത്യർഹമായ സേവനം ആണ് നൽകുന്നത്.ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ നിശ്ശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ഒരുആർമി ഉണ്ട് ഇവിടെ . 4500- ഓളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും 5600-ഓളം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും അവരുടെ സൂപ്പർവൈസർമാരും അടങ്ങുന്ന ആർമി. കേരളത്തിലെ     ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫീൽഡ് പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും.
കോവിഡ് എന്ന മഹാമാരിയെ തടുത്തുനിർത്താൻ ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

 

 

ക്വാറന്റൈനിലുള്ള ഒന്നര ലക്ഷത്തോളം ആളുകളെ ദിനംപ്രതി ബന്ധപ്പെടുകയും സ്നേഹത്തോടെ ഉപദേശവും ആവശ്യമെങ്കിൽ ശാസനയും അനുസരിക്കാത്തവരെ പബ്ലിക് ഹെൽത്ത് ആക്റ്റ് ഉപയോഗിച്ച് നടപടിയെടുക്കുകയും ചെയ്തുവരുന്നു. ക്വാറന്റൈനിൽ ഉള്ളവരോട് രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ദിവസേന ചോദിച്ചറിയുകയും ലക്ഷണങ്ങൾ ഉള്ളവരെ സുരക്ഷിതമായി പരിശോധനാ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നു. ദൈനംദിന ജീവിതത്തിൽ ഭക്ഷണം, മരുന്ന് എന്നിവ അവരുടെ വീടുകളിൽ മുടക്കം വരാതെ എത്തിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തുകയും ചെയ്തുവരുന്നു.

 

കോവിഡ് കെയർ സെന്റർ ഡ്യൂട്ടി മുതൽ സ്വാബ് പരിശോധനയ്ക്കായി ലബോറട്ടറിയിൽ എത്തിക്കുന്നത് വരെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ പങ്ക് വഹിക്കുന്നു.കോവിഡ് കാലത്ത് മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് തന്നെ കോവിഡ് പ്രതിരോധ നടപടികളിലും ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് വീടുകളിൽ മരുന്ന് എത്തിക്കുന്നതിനും മാനസികാരോഗ്യ പ്രശ്നമുള്ളവർക്കും വയോജനങ്ങൾക്കും അഗതികൾക്കും കരുതലായും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഉണ്ട്. ആൾക്കൂട്ടം ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ഇവരുടെ പ്രത്യേകശ്രദ്ധയും കരുതലും ഉണ്ട്. ഇവരുടെ സൂപ്പർവൈസർമാർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രാഥമിക ആരോഗ്യ തലത്തിൽ മികച്ച ഏകോപനം നടത്തി വരുന്നു. വളരെ പ്രധാനപ്പെട്ട സേവനമാണ് ഫീൽഡ് പ്രവർത്തകർ എന്ന നിലയിൽ ബസ് സ്റ്റാൻഡ്, ചെക്ക് പോസ്റ്റ്, റെയിൽവേ സ്റ്റേഷൻ, ബാങ്കുകൾ, മരണവീടുകൾ, റേഷൻകടകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, കശുവണ്ടി ഫാക്ടറികൾ, നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങൾ, ചന്തകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ആരാധനാലയങ്ങൾ,ക്വാറന്റൈനിൽ ഇരിക്കുന്ന ആളുകളുടെ വീടുകൾ മുതിർന്ന പൗരന്മാർ ഉള്ള വീടുകൾ തുടങ്ങിയ എല്ലാ സ്ഥലത്തും ഇവർ നൽകിവരുന്നത്.കോവിഢ് മഹാമാരിയിൽ സമൂഹവ്യാപനം തടയുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

വാർഡ്തല ശുചിത്വ സമിതികളെയും ആശ പ്രവർത്തകരെയും വോളണ്ടിയർമാരേയും ഏകോപിപ്പിച്ച് ഇവർ നൽകുന്ന കരുതൽ മൂലമാണ് കോവിഡ് പോലുള്ള മഹാമാരിയിൽ കേരളം അടിപതറാതെ നില്ക്കുന്നത്.ഈ ലോക്ഡൗൺ സമയത്തും അവരുടെ ജാഗ്രത നമ്മെ സുരക്ഷിതരാക്കുന്നു.
ഡോക്ടർമാരോടൊപ്പം നിന്ന് പൊതുജനാരോഗ്യത്തിന്റെ ഗോൾവലയം കാക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ ഈ കാലാൾപ്പടക്ക് കൊടുക്കാം ഒരു വലിയ കൈയ്യടി.

 

ഡോ.അജയകുമാർ എസ്(  പ്രസിഡൻറ്, കെ ജി എം ഒ എ, കൊല്ലം)
Dr Ajaykumar S,
Asst surgeon
PHC THALAVOOR
[email protected]
9447728702,

04734213567

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!