സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു :
റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തി. 1000 കിറ്റുകളാണ് ആദ്യ ബാച്ചിൽ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകൾ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു . ഇതിലൂടെ രണ്ട് മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം ലഭിക്കും
റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?
റാപ്പിഡ് ടെസ്റ്റ് – കുറഞ്ഞ സമയം
ആള്‍ക്കാരെ പ്രാഥമിക സ്‌ക്രീനിംഗിനു വിധേയരാക്കി അവര്‍ക്ക് വൈറസ് ബാധ ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗം. വളരെ കുറച്ച് സമയത്തിനുള്ളില്‍ ഫലമറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ സമയം കൊണ്ട് വൈറസ് ബാധ സ്ഥിരീകരിക്കാനാകും. ചെലവും വളരെ കുറഞ്ഞതാണ് ഈ മാര്‍ഗം. മികച്ച ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വേഗത്തില്‍ കണ്ടെത്താനാകും.
കോവിഡ് 19 ടെസ്റ്റ് എന്ത് ?
പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) ടെസ്റ്റ് വഴിയാണ് നിലവില്‍ ഇന്ത്യയിലെ രോഗികളില്‍ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ടുതരം പരിശോധനകളിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പിസിആര്‍ എന്ന മോളിക്കുലാര്‍ പരിശോധന വഴിയും കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ഡി.ആര്‍.പി, ഒ.ആര്‍.എഫ് 1 ബി ജീനുകള്‍ കണ്ടെത്താനുള്ള പരിശോധന വഴിയും.
വ്യത്യാസം എന്ത്?
ഒരാളുടെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ നടത്തുന്നതാണ് റാപ്പിഡ് ടെസ്റ്റ്. എന്നാല്‍ കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് കോവിഡ് 19 പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നത്. ഇതിന് സമയവും ചെലവും അല്‍പം കൂടുതലാണ്. പ്രതിരോധിക്കാനായി സാമൂഹ്യ വ്യാപനം വേഗത്തില്‍ തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.
എങ്ങനെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്
റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് രക്ത പരിശോധനയിലൂടെയാണ്. മനുഷ്യ ശരീരത്തില്‍ വൈറസ് പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മ്മിക്കും. ഈ ആന്റിബോഡികള്‍ തിരിച്ചറിയുന്നതിനായാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. കൊവിഡ് 19 വൈറസ് മാത്രമല്ല, ഏത് വൈറസ് ബാധ പടരുമ്പോഴും സാമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ ഈ രീതിയാണ് ഉപയോഗിച്ചു വരുന്നത്. ഇതിലൂടെ സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാനാകും. വൈറസ് ഒരാളുടെ ശരീരത്തിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാനാകൂ.
ചെലവ് എത്ര ?
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പൈലറ്റ് പദ്ധതി ആദ്യം നടപ്പാക്കുകയെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദ്രുത പരിശോധനാ ചെലവ് 500 മുതല്‍ 1000 രൂപ വരെയാണ്. ഇത് 3500 മുതല്‍ 5000 രൂപ വരെ വിലയുള്ള നിലവിലെ പരിശോധന രീതിയെക്കാള്‍ വളരെ വിലകുറഞ്ഞതാണ്. രോഗിയുടെ സ്രവത്തിന്റെ സാമ്പിളിനുപകരം രക്തസാമ്പിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് റാപ്പിഡ് ടെസ്റ്റ്. വിദഗ്ദ്ധര്‍ പറയുന്നത്, റാപ്പിഡ് ടെസ്റ്റില്‍ ഒരു നഴ്‌സിന് വ്യക്തിയുടെ കഴുത്തില്‍ നിന്ന് വ്യത്യസ്തമായി രക്തസാമ്പിളുകള്‍ എടുക്കാം എന്നാണ്.
ടെസ്റ്റ് നടത്തന്‍ അനുമതി ആര്‍ക്ക്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) ന്റെ അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ളൂ. ഒരു ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താനും പാടുള്ളൂ.
ആരൊക്കെ ടെസ്റ്റ് നടത്തണം
* വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍
* അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍
* കോവിഡ് 19 വൈറസ് ബാധ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍
* കോവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവര്‍ത്തകര്‍
* ഗുരുതര ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങള്‍
* ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ നിന്ന് രോഗമുക്തി നേടിയവര്‍
നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരുമടക്കമുള്ളവരില്‍ വേഗത്തില്‍ പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം സഹായിക്കും.