കൊറോണ വൈറസ് എന്താണ്? വൈറസ് ബാധയെങ്ങനെ ഉണ്ടാവും? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? എങ്ങനെ വരാതെ തടയാം?
(ഡോ ജയശ്രീ നായര്‍)
വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്‍ക്കാനാവൂ. സാധാരണ ആര്‍ എന്‍ എ അല്ലെങ്കില്‍ ഡി എന്‍ എ ആണ് വൈറസുകളുടെ ജനിതക വസ്തു. കൊറോണ വൈറസില്‍ കാണുന്നത് ഒരു സ്ട്രാന്‍ഡ് ഉള്ള ആര്‍ എന്‍ എ ആണ്. ഈ ആര്‍ എന്‍ എ ക്കു ചുറ്റും വളരെ നേരിയ ഒരു ലിപിഡ് പാളിയുണ്ട് അതില്‍ പ്രോട്ടീന്‍ (മൂന്നു പ്രോട്ടീന്‍ ചേര്‍ന്നതാണ്) പിന്നെ അതില്‍ ഇടയ്ക്കിടെ ഇതിന്റെ പുറത്തായി ഷുഗര്‍ കണികകള്‍ ഉണ്ട്, നമ്മുടെ മനുഷ്യ കോശങ്ങളിലും ഇങ്ങനെ ഷുഗര്‍ കണികകള്‍ കാണുന്നതിനാല്‍ ഈ വൈറസ് പുറത്തുനിന്നുള്ള ജീവിയാണെന്നു തിരിച്ചറിയാന്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹത്തിനു ചിലപ്പോള്‍ കഴിയാറില്ല. ഈ പ്രോട്ടീന്‍ നമ്മുടെ കോശങ്ങളുടെ പുറമെയുള്ള റിസെപ്റ്റര്‍ വഴിയാണ് കോശങ്ങള്‍ക്കുള്ളില്‍ കടക്കുക. ഒരിക്കല്‍ കോശത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ റിസോഴ്സ്സ് ഉപയോഗിച്ച് നമ്മുടെ കോശത്തെ ഒരു വൈറസ് ഫാക്ടറി തന്നെയാക്കി മാറ്റും. അങ്ങനെ ഓരോ കോശത്തില്‍ നിന്നും ലക്ഷക്കണക്കിന് വൈറസുകള്‍ വെളിയില്‍ വന്നു കൂടുതല്‍ കൂടുതല്‍ കോശങ്ങളെ തങ്ങളുടെ പ്രത്യത്പാദന വിഹാരകേന്ദ്രമാക്കി മാറ്റും. അങ്ങനെ ശ്വാസകോശത്തിലെ കോശങ്ങളൊക്കെ തന്നെ രോഗബാധിതമാവു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണ്ണമായോ ബാധിക്കും. ശ്വാസം വിടാന്‍ ബുദ്ധിമുട്ടും കിതപ്പും ന്യൂമോണിയയും ഒക്കെയായി പരിണമിക്കും വളരെ കൂടിയാല്‍ ചിലപ്പോള്‍ സപ്റ്റിക് ഷോക്ക് ഉണ്ടായി മരണപ്പെടാം. എങ്ങനെയെന്ന് ചോദിച്ചാല്‍ ശ്വാസകോശം കാര്യക്ഷമായി പ്രവര്‍ത്തിക്കാത്തത് കാരണം രക്തത്തില്‍ ഓക്‌സിജന്റെ അളവ് തുലോം കുറയുകയും തദ്വാരാ രക്തസമ്മര്‍ദ്ദവും കുറയും.
അതുകൊണ്ടാണ് ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ അസുഖമുള്ളവരോ അല്ലെങ്കില്‍ അറുപതില്‍ കൂടുതല്‍ വയസുള്ളവരോ കൂടുതല്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത്. കോശങ്ങള്‍ പൊട്ടി പുറത്തു വരുന്ന വൈറസുകള്‍ ചുമ, തുമ്മല്‍, ഒക്കെ വരുമ്പോള്‍ ശ്വാസനാളങ്ങള്‍ വഴി പുറത്തു കടന്നു ആളുകള്‍ അടുത്തുണ്ടെങ്കില്‍ അവരുടെ മൂക്കിലേക്കോ വായിലേക്കോ നേരിട്ട് പ്രവേശിച്ചു അവര്‍ക്കും അണുബാധയുണ്ടാക്കും. അല്ലെങ്കില്‍ നമ്മുടെ കൈയിലോ അടുത്തുള്ള പ്രതലങ്ങളിലോ പറ്റി അവിടെ തൊടുന്നവരുടെ കൈയിലേക്കും തുടര്‍ന്ന് അവരുടെ ഉള്ളിലും പ്രവേശിച്ചു അണുബാധയുണ്ടാക്കും. കൊറോണ വൈറസ് വളരെ സമര്‍ത്ഥമായി മറ്റുള്ളവരിലേക്ക് പകരും അത് കൊണ്ടാണ് കൂടെ കൂടെ കൈ കഴുകാനും ഹാന്‍ഡ് സാനിറ്റൈസര്‍ വച്ച് തുടക്കാനും കൈ മടക്കില്‍ ചുമക്കാനും തുമ്മാനും ആറടി അകലത്തില്‍ നില്‍ക്കാനും മറ്റും പറയുന്നത്. സോപ്പിട്ടു ചെറു ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൈറസിന്റെ പുറത്തുള്ള പ്രോട്ടീന്‍ നശിപ്പിക്കപ്പെടും. പിന്നീട് അവയ്ക്കു നമ്മുടെ കോശങ്ങളില്‍ കയറാന്‍ പറ്റില്ല കാരണം പ്രോട്ടീന്‍ ഉപയോഗിച്ചാണല്ലോ നമ്മുടെ കോശങ്ങളിലേക്കു കടക്കുന്നത്. 70 % ത്തിനു മേലുള്ള ആല്‍ക്കഹോളിനും ഇതേ രീതിയില്‍ പ്രോട്ടീന്‍ പുറം ചട്ട നശിപ്പിക്കാനാവും. ഇതൊക്കെയാണ് രോഗം വരാതെയിരിക്കാനുള്ള ഉപായം. ഒരു പക്ഷെ അടുത്ത വര്‍ഷം ആവുമ്പോഴേക്കും വാക്‌സിന്‍ ഒക്കെ എടുത്തു മിടുക്കരായി വരാതെയിരിക്കാനുള്ള മുന്‍കരുതല്‍ ആവാം. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് തെളിയിക്കണം, അതായതു മൃഗങ്ങളിലും പിന്നെ മനുഷ്യരിലും കൊടുത്തു നമ്മുടെ കോശങ്ങളെയോ ആരോഗ്യത്തെയോ ബാധിക്കാതെ വൈറസിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു എന്ന് പൂര്‍ണ്ണ ഉറപ്പായാല്‍ മാത്രമേ മനുഷ്യര്‍ക്ക് മുന്‍കരുതലായി നല്‍കാന്‍ പറ്റൂ. ഇപ്പോള്‍ തല്‍ക്കാലം ഇതേയുള്ളൂ വഴി.
കൊറോണ ബാധിച്ചു കഴിഞ്ഞാല്‍ എന്താണ് ചെയ്യുക?
ചെറിയ ചുമയോ തൊണ്ടവേദനയോ പനിയോ ഒക്കെയായി ആവും തുടക്കം. കാരണം തൊണ്ടയിലെ കോശങ്ങളില്‍ ബാധിച്ചു ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാവുന്നതാണ് വേദനക്ക് കാരണം, അതിന്റെ ഭാഗമായി ചുമയും. പുറത്തു നിന്നുള്ള ജീവിയെന്ന നിലയില്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹം പ്രതിരോധിക്കുന്നതിന്റെയാണ് പനി, പുകച്ചു ചാടിക്കുക എന്ന് കേട്ടിട്ടില്ലേ? നമ്മുടെ പനിയിലൊന്നും കൊറോണ വൈറസ് പേടിക്കില്ല, അതിനു തിളയ്ക്കുന്ന ചൂട് തന്നെ വേണം പ്രോട്ടീന്‍ ഉപയോഗശൂന്യമാവാന്‍. അതുകൊണ്ടു പനി വന്നു വൈറസ് തോറ്റു മടങ്ങാന്‍ ചാന്‍സ് കുറവാണ്. ഇങ്ങനെ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടുക അവര്‍ അതിനുള്ള ടെസ്റ്റ് ചെയ്യും.
ഇനി എന്താണ് കൊറോണ ടെസ്റ്റ്?
മോളിക്യൂലര്‍ ടെസ്റ്റ് നമ്മുടെ ശരീരത്തില്‍ ലൈവ് ആയി വൈറസ് ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്. കൊറോണ വൈറസിന്റെ ആര്‍ എന്‍ എ സീക്വന്‍സ് അറിയാം അതിന്റെ റിവേഴ്‌സ് ട്രാന്‍സ്ക്രിപ്റ്റയ്‌സ് എന്ന് വച്ചാല്‍ ആര്‍ എന്‍ എ യില്‍ നിന്ന് ഡി എന്‍ എ ഉണ്ടാക്കും. അതില്‍ നിന്ന് പോളിമറയ്‌സ് ചെയിന്‍ റിയാക്ഷന്‍. അതായതു ചെറിയ ഒരു പീസ് ആര്‍ എന്‍ എ യില്‍ നിന്ന് നമുക്ക് അളക്കാന്‍ അല്ലെങ്കില്‍ പരോക്ഷമായി കാണാന്‍ കഴിയുന്നത്ര ഡി എന്‍ എ നിര്‍മ്മിക്കുകയാണ്, വൈറസില്‍ കാണുന്ന ആര്‍ എന്‍ എ യുടെ ഡി എന്‍ എ കോപ്പി. ഇതിനു മനുഷ്യരുടെ ശ്വാസനാളത്തിലുടനീളം ലങ്‌സ് വരെയുള്ള അവയവങ്ങളില്‍ നിന്ന് സ്‌പെസിമെന്‍ എടുത്തു അതില്‍ നിന്ന് ആര്‍ എന്‍ എ എടുത്തു അവിടെ നിന്നാണ് ഇങ്ങനെയൊരു പ്രോസസ്സ്. ഇപ്പോള്‍ റോഷ് ഫര്‍മസ്യൂറ്റിക്കല്‍സ് 3 മണിക്കൂറുകൊണ്ട് ഈ ടെസ്റ്റ് ചെയ്യാവുന്ന കിറ്റ് റെഡി ആക്കിയിട്ടുണ്ട്. ഇതിനെ പറ്റിയാണ് വൈറ്റ് ഹൗസില്‍ നിന്ന് പത്ര പ്രസ്താവന ഉണ്ടായത്. വാക്‌സിനെക്കുറിച്ചല്ല.
ഇതല്ലാതെ സീറോളജിക്കല്‍ ടെസ്റ്റ് ഉണ്ട്. ഈ ടെസ്റ്റ് നമ്മില്‍ നേരത്തെ ഈ വൈറസ് ബാധയുണ്ടായിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ആണ്. എങ്ങനെയാണു വൈറസ് സംക്രമണം നടക്കുന്നത് എന്ന് വ്യക്തമായ ചിത്രമില്ലാത്തതിനാല്‍ ഇതും ചെയ്യുന്നുണ്ട്. ആദ്യത്തെ ടെസ്റ്റ് നമ്മളില്‍ ഈ വൈറസ് എന്നെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനെ ചെറുക്കാനുള്ള ആന്റിബോഡി നമ്മുടെ രോഗപ്രതിരോധവ്യൂഹം നിര്‍മ്മിച്ചിട്ടുണ്ടാവും. അത് നമ്മുടെ ശരീരത്തില്‍ ഉണ്ടോ എന്ന് എലൈസാ (എന്‍സൈം ലിങ്ക്ഡ് ഇമ്മുണോസോര്‍ബന്റ് അസ്സേ) എന്ന് പറയും. ഈ ടെസ്റ്റില്‍ വൈറസിന്റെ പുറത്തെ രണ്ടു പ്രോട്ടീനിനെതിരെയുള്ള ആന്റിബോഡി ആണ് ഉപയോഗിക്കുക. ഇത് ഉണ്ടെങ്കില്‍ നമ്മുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെന്നു ഉറപ്പിക്കാം. ഇത് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും ഇമ്മ്യൂണോ ന്യൂട്രലൈസേഷന്‍ ഉണ്ട്. ഇത് കുറച്ചുകൂടി സമയം പിടിക്കും ചെയ്യാന്‍. ഇത് രണ്ടും പോസിറ്റീവ് ആയാല്‍ തീര്‍ച്ചയായും ഇന്‍ഫെക്ഷന്‍ ഉണ്ട്. ആദ്യത്തെ ആര്‍ ടി പി സി ആര്‍ ആണ് പെട്ടെന്നുള്ള ടെസ്റ്റ്.
ഇനി വാക്‌സിന്‍ എന്ന്? അതിനു ഒരു വര്‍ഷമെങ്കിലും എടുക്കും മാര്‍ക്കറ്റിലെത്താന്‍. വൈറസിന് പുറത്തുള്ള മൂന്നു പ്രോട്ടീനുകള്‍ തുറന്നാണ് നമ്മുടെ കോശങ്ങളിലെ റിസെപ്റ്ററിലേക്കു എത്തിപ്പിടിക്കുന്നത്. ആ പ്രോട്ടീനുകളുടെ ഓപ്പണിങ് ആവും ഒരു വാക്‌സിനാധാരം. അങ്ങനെ വന്നാല്‍ വൈറസിന് നമ്മുടെ കോശത്തില്‍ കയറിപ്പറ്റാനാവില്ല.
ഇപ്പോഴുള്ള മരുന്നുകള്‍ പനിക്കും ചുമക്കും പിന്നെ ശ്വാസം മുട്ടലിനുമുള്ളത്, ലക്ഷണങ്ങള്‍ക്കുള്ള മരുന്ന്. ഇത് കൂടാതെ ആന്റി വൈറല്‍ മരുന്നുകളും ഫലിക്കുന്നുണ്ട്. ഇബോളക്കെതിരെയുള്ള റെമഡീസിവിര്‍, മലേറിയക്കുള്ള മരുന്ന് ക്ലോറോക്വിന്‍, ഫാവിളവീര്‍, തുടങ്ങിയ മരുന്നുകള്‍ ഒറ്റക്കയോ ഒന്നിച്ചോ രോഗികളില്‍ ഫലപ്രദമായി പ്രയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആളുകള്‍ ശബ്ദം കേട്ടാല്‍ വൈറസ് നശിക്കും എന്നൊരു കിംവദന്തി പരത്തി. സാധാരണ അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല ശാസ്ത്രീയമായി. പിന്നെ മോദിജി വെളിയില്‍ വന്നു ആരോഗ്യ പരിപാലന രംഗത്തുള്ളവരെ ശ്ലാഘിക്കാന്‍ പറഞ്ഞത് അവര്‍ നമുക്ക് വേണ്ടി ഒരുപാടു കഷ്ടപ്പെടുന്നുണ്ടല്ലോ, നമ്മള്‍ നിസ്സഹായരും. പിന്നെ പകലന്തിയോളം വീട്ടിലിരുന്നാല്‍ വൈകിട്ട് അഞ്ചു മിനിറ്റ് മറ്റുള്ളവരെ കാണുന്നത് മനസ്സിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അങ്ങനെയൊരു സോഷ്യലൈസേഷന്‍ മാത്രമേ ഇപ്പോള്‍ ഇറ്റലിയില്‍ ഒക്കെയുള്ളൂ, നാമും അത് പരിശീലിക്കേണ്ടിയിരിക്കുന്നു അധികം വിദൂരമല്ലാത്ത ഭാവിയില്‍..
ഡോ ജയശ്രീ നായര്‍
([email protected])