പത്തനംതിട്ട : പൊതുതിരഞ്ഞെടുപ്പിനായി കാനഡ ഒരുങ്ങുമ്പോള്‍ ചരിത്രം കുറിക്കാനൊരുങ്ങി റാന്നിക്കാരന്‍ ടോം വര്‍ഗീസ്. ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഏക മലയാളി സാന്നിധ്യമാണ് റാന്നി കണ്ടംപേരൂര്‍ കപ്പമാമൂട്ടില്‍ കുടുംബാംഗമായ ടോം. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മിസ്സിസാഗമാള്‍ട്ടണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. എതിരാളിയാകട്ടെ നിസാരക്കാരനല്ല. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അടുപ്പക്കാരനും ഫെഡറല്‍ മന്ത്രിയുമായ നവദീപ് ബെയ്ന്‍സിനെയാണ് എതിര്‍ക്കുന്നത്.
A better ‘TOM’orrow എന്ന തലവാചകവുമായി പ്രചാരണത്തില്‍ സജീവമാകുകയാണ് അദ്ദേഹം. ഒക്ടോബര്‍ 21ലെ വിധിയെഴുത്തും അനുകൂലമാണെങ്കില്‍ പുതിയൊരധ്യായമാകും അന്നു കുറിക്കപ്പെടുക കേരളത്തില്‍ ജനിച്ച, വടക്കന്‍ അമേരിക്കയിലെ ആദ്യ പാര്‍ലമെന്റംഗം എന്ന അപൂര്‍വ നേട്ടം. കപ്പമാമൂട്ടില്‍ കെ.ടി.വര്‍ഗീസിന്റെയും ചിന്നമ്മയുടെയും മകനായ ടോം 33 വര്‍ഷം മുമ്പാണ് കാനഡയില്‍ കുടിയേറിയത്.
നാട്ടില്‍ ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിച്ച പരിചയവുമായി കാനഡയില്‍ എത്തിയ അദ്ദേഹം ടൊറന്റോ രാജ്യാന്തര വിമാനത്താവളം കണ്‍ട്രോള്‍ ടവറില്‍ ഏപ്രണ്‍ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. പിന്നീട് സംരംഭകനായി. മിസ്സിസാഗമാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളിലൂടെയും ഒട്ടേറെ കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വം നല്‍കിയും സംഘാടന മികവു തെളിയിച്ചു. കൊല്ലം പുനലൂര്‍ വാഹനില്‍ക്കുന്നതില്‍ ജിജിയാണ് ഭാര്യ. മക്കള്‍: ഡാനി, ജോനാഥന്‍.
4 വര്‍ഷം മുന്‍പു പൊതുതിരഞ്ഞെടുപ്പില്‍ 2 മലയാളികള്‍ക്കു സ്ഥാനാര്‍ഥിത്വം ലഭിച്ചിരുന്നു. രണ്ടും പത്തനംതിട്ട ജില്ലക്കാര്‍. അന്നു പാര്‍ലമെന്റംഗമായിരുന്ന കോഴഞ്ചേരി കോയിപ്രം സ്വദേശി ജോ ഡാനിയലും മാര്‍ക്കംതോണ്‍ഹില്‍ റൈഡിങ്ങിലെ സ്ഥാനാര്‍ഥി മാരാമണ്‍ സ്വദേശി ജോബ്‌സണ്‍ ഈശോയും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരായ ഇരുവരും ഇക്കുറി മല്‍സരരംഗത്തില്ല.