വനംവിസ്തൃതി കൂട്ടുവാന്‍ കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ വിരട്ടി കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കം വിലപ്പോവില്ലെന്നും ബലമായി കുടിയിറക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെ മലയോര ജില്ലകളിലേയ്ക്ക് കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
കര്‍ഷകര്‍ നേരിടുന്ന കുടിയിറക്ക് പ്രശ്‌നത്തിന്മേല്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. 1956-ലെ അടിയാധാരമുള്‍പ്പെടെ രേഖകളുള്ളവരും, കാലങ്ങളായി കൃത്യമായി ഭൂനികുതിയടച്ചവരും, വന്യമൃഗശല്യം നേരിട്ടപ്പോള്‍ കൃഷിഭൂമിക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചവരും വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ് മൂലം ഭീഷണി നേരിടുകയാണ്. അടിയാധാരം, വിലയാധാരം, ഭാഗപത്രം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ,് നികുതി ചീട്ട്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ റവന്യൂ രേഖകള്‍ കാണിച്ചിട്ടും ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ഠ്യം തുടരുന്നത് അനുവദിച്ചുകൊടുക്കാനാവില്ല. വനംവകുപ്പിന്റെ താമരശ്ശേരി, പെരുവണ്ണാമൂഴി, കുറ്റിയാടി റേഞ്ചുകളിലാണ് ഇപ്പോള്‍ കുടിയിറക്ക് ഭീഷണി രൂക്ഷമായിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജിലെ 201/1 റീസര്‍വ്വേയില്‍പ്പെട്ട കൃഷിഭൂമി വനംവകുപ്പ് ബലമായി ഏറ്റെടുക്കുന്ന നടപടി അസാധുവാക്കണം. വനംവകുപ്പിന്റെ ഗുണ്ടാസമീപനത്തില്‍ മനംനൊന്ത് അലക്‌സാണ്ടര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് മറക്കരുത്. ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള കര്‍ഷകകുടുംബങ്ങളേയും കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
രാജ്യാന്തര സാമ്പത്തിക ഏജന്‍സികളില്‍ നിന്നും പണംപറ്റുന്ന പരിസ്ഥിതിസംഘടനകളുടെ വീതംപറ്റുന്നവരായി വനംവകുപ്പ് അധഃപതിച്ചിരിക്കുന്നു. വനവിസ്തൃതി കൂട്ടുവാന്‍ കാര്‍ബണ്‍ ഫണ്ട് കൈപ്പറ്റിയവര്‍ കര്‍ഷകരുടെ കൃഷിഭൂമി കൈക്കലാക്കുവാന്‍ ശ്രമിക്കുന്നതിനെ നിയമംകൊണ്ടും പ്രക്ഷോഭംകൊണ്ടും കര്‍ഷകര്‍ ഒറ്റക്കെട്ടായി നേരിടും. 1977-നു മുമ്പുള്ള കൈവശഭൂമിയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുവാന്‍ വനംവകുപ്പിന് നിയമപരമായി യാതൊരു അധികാരവുമില്ല. നിലവിലുള്ള നിയമങ്ങളെയും സര്‍ക്കാര്‍ ഉത്തരവുകളെയും നിഷ്ക്രിയമാക്കിയും 1980-ലെ കേന്ദ്ര വനസംരക്ഷണനിയമം ദുര്‍വ്യാഖ്യാനം ചെയ്തും ഉദ്യോഗസ്ഥ അജണ്ട നടപ്പിലാക്കാനുള്ള വനംവകുപ്പിന്റെ കുത്സിതശ്രമം വിലപ്പോവില്ലന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും ഭൂമാഫിയകളും ചേര്‍ന്നുള്ള അവിഹിത കൂട്ടുകച്ചവടത്തില്‍ കര്‍ഷകരെ ബലികൊടുക്കാന്‍ അനുവദിക്കില്ലന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഒക്‌ടോബര്‍ 31ന് ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയിറക്കുഭീഷണി നേരിടുന്ന കര്‍ഷകജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും.