Trending Now

ചെങ്ങറ സമരഭൂമിയില്‍ ആക്രമണത്തിന് സാധ്യത : പോലീസ് നിഷ്ക്രിയം

2007 ഓഗസ്റ്റ് 4-നാണ്‌ ഈ സമരം ആരംഭിച്ചത്

കോന്നി :ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂസമരമായ ചെങ്ങറയില്‍ അകത്തു നിന്നും പുറത്തു നിന്നും ആക്രമണ സാധ്യത ഉണ്ടെന്ന പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ .ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ആസ്ഥാനത് റിപ്പോര്‍ട്ട്‌ ചെയ്തു .

സി പി എം ചൂണ്ടി കാണിക്കുന്നു

ചെങ്ങറ സമരഭൂമിക്കുള്ളില്‍ ആയുധ പരിശീലനം നടക്കുന്നു എന്നും മനുക്ഷ്യാ വകാശ ലംഘനം നടക്കുന്നു എന്നും സി പി എം ചൂണ്ടി കാണിക്കുന്നു .ഇവിടെ സ്ഥാപിച്ച ചെക്ക്‌ പോസ്റ്റ്‌ ഉടന്‍ മാറ്റണം ,ആക്രമണം അവസാനിപ്പികണം ,സമര ഭൂമിയിലെ പിരിവു അവസാനിപ്പിക്കണം ,തുടങ്ങിയ കാര്യങ്ങള്‍ സി പി എം ഉയര്‍ത്തുന്നു

 സലീന പ്രക്കാനം നേതാവായുള്ള ഡി എച് ആര്‍ എം ഇങ്ങനെ പറയുന്നു

 

സി.പി.എം. നേതൃത്വം നല്‍കാത്ത എല്ലാ സമരങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു,സമരഭൂമിക്ക് ഉപരോധം തീര്‍ത്തവര്‍ ഇപ്പോള്‍ ജനാധിപത്യക്കുറിച്ച് പറയുന്നു.കുടിവെള്ളം, ആഹാരം എന്നിവ തടഞ്ഞവരാണ് സി.പി.എം.സുരക്ഷാ നടപടികളെ ചോദ്യംചെയ്ത് അവിടം പ്രശ്‌നമേഖലയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.ചെങ്ങറയെ മറ്റൊരു മുത്തങ്ങയാക്കി മാറ്റാന്‍ സി.പി.എം. തുടര്‍ച്ചയായി ശ്രമിക്കുന്നു.

…………….
പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌
…………………….
ചെങ്ങറ സമര ഭൂമിയില്‍ മനപൂര്‍വ്വം ചിലര്‍ സംഘര്‍ഷം ഉണ്ടാകുവാന്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നു .
ചെങ്ങറയില്‍ തീവ്ര മനോഭാവം ഉള്ള രണ്ടു സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു .
സമര ഭൂമിക്കുള്ളില്‍ ആയുധ പരിശീലനം നടക്കുന്നു ,യോഗ ക്ലാസ്സിന്റെ മറവില്‍ ശാരീരിക പരിശീലനം ഉണ്ട് .
ഇവിടെ പുറത്തു നിന്നുള്ള ചിലര്‍ ക്ലാസ്സ്‌ എടുക്കുന്നു.
സമര ഭൂമിയുടെ കവാടത്തില്‍ ഉള്ള ചെക്ക്‌ പോസ്റ്റ്‌ കടന്നു പുറത്തു നിന്നുള്ളവര്‍ക്ക് അകത്തു കയറുവാന്‍ കഴിയില്ല .
ചെങ്ങറ സമര സ്ഥലം ചിലരുടെ നാട്ടു രാജ്യമായി മാറ്റുന്നു .
സി പി എം പ്രവര്‍ത്തകരും ഡി എച് ആര്‍ എം പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ ഉണ്ടാകും.
ചെങ്ങറ സമര ഭൂമിയിലെ ആയുധങ്ങള്‍ പിടിച്ചെടുക്കണം .
സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരങ്ങള്‍ നല്‍കുന്നവരെ നിശബ്ധരാക്കി .
വ്യാപക പണപിരിവു നടക്കുന്നു.
ചെങ്ങറ സമരത്തില്‍ നിന്നും മുന്‍ നേതാവ് ളാഹ ഗോപാലന്‍ പുറത്താക്കിയ സലീന പ്രക്കാനം ഡി എച് ആര്‍ എം സംഘടനയെ നിയന്ത്രിച്ചു കൊണ്ട് സമര ഭൂമിപിടിച്ചടക്കി.
പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തണം .സംഘര്‍ഷ മേഖലയായി ചെങ്ങറയെ കാണണം തുടങ്ങിയ നിര്‍ദേശം പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അക്കം ഇട്ടു നിരത്തുന്നു .
…………………………..
ചെങ്ങറ സമര ഭൂമിയില്‍ സി പി എം പാര്‍ട്ടി ഘടകം രൂപീകരിക്കുവാന്‍ അണിയറയില്‍ നീക്കം നടത്തുന്നു .

ചെങ്ങറ സമര ഭൂമിയില്‍ സി പി എം ബ്രാഞ്ച് കമ്മറ്റി തന്നെ നിലവില്‍ വരുത്താന്‍ പ്രാദേശിക ഘടകത്തിന് ആലോചന ഉണ്ട് .ചെങ്ങറ സമരത്തെ അധിക്ഷേപിച്ച പ്രധാന പാര്‍ട്ടി യായിരുന്നു സി പി എം .ഹരിസ്സന്‍ കമ്പനി നിശബ്ദത പാലിക്കുകയും സി പി എം നേതാക്കളെ കൊണ്ട് തന്നെ ഭൂമി തിരിച്ചു പിടിക്കുവാന്‍ ഉള്ള അണിയറ നീക്കം അഞ്ചു വര്‍ഷമായി നടക്കുന്നു .ഹരിസ്സന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന ചെങ്ങറ കുറുംബടറ്റി ഡിവിഷന്റെ പ്രധാന ഭാഗമാണ് ചെങ്ങറ ഭൂസമരം നയിച്ച സാധുജന വിമോചന സംയുക്ത വേദി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു കുടില്‍ കെട്ടി സമരം നടത്തി വരുന്നത് .ചെങ്ങറ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു എങ്കിലും അര്‍ഹമായ ഭൂമി ആര്‍ക്കും നല്‍കിയില്ല .നേതാവ് ളാഹ ഗോപാലന്‍ ചെങ്ങറ സമരം അവസാനിപ്പിചു എങ്കിലും സമരം തുടരുന്നു .സലീന പ്രക്കാനം ഡി എച് ആര്‍ എം നേതൃത്വം ഏറ്റുഎടുത്തു കൊണ്ട് ചെങ്ങറ സമരം പുറത്തു നിന്ന് നിയന്ത്രിക്കുന്നു .ഇപ്പോള്‍ സി പി എം ഭരണ തണലില്‍ ചെങ്ങറ സമര ഭൂമിയില്‍ കടന്നു കയറി ആധിപത്യം സ്ഥാപിക്കുവാന്‍ ഉള്ള നീക്കം നടത്തുന്നു .ഇതിന്റെ ഭാഗമായി സമര ഭൂമിയില്‍ സ്ഥിരം സംഘര്‍ഷം സൃഷ്ടിച്ചു കൊണ്ട് ചെങ്ങറ സമരം ഭൂമി കലാപ ഭൂമി എന്ന് വരുത്തി തീര്‍ത്തു കൊണ്ട് ഇവരെ ഒഴിപ്പിച്ചെടുത്തു കൊണ്ട് ഭൂമി ഹരിസ്സന്‍ കമ്പനി യുടെ നിയന്ത്രണത്തില്‍ ആക്കി കൊണ്ട് മറ്റൊരു ഭൂമി ഭൂമിയില്ലാ ത ആളുകള്‍ക്ക് വിതരണം ചെയ്തു കൊണ്ട് ജനകീയ ശ്രദ്ധ നേടുവാന്‍ സി പി എം ശ്രമിക്കുന്നതായി ഡി എച് ആര്‍ എം ആരോപിക്കുന്നു .

“ഇടനേരം” ഓണ്‍ലൈന്‍ മാസികക്ക് സലീന പ്രക്കാനം നല്‍കിയ അഭിമുഖം ഇങ്ങനെ
………………………………………………..

ഡി.എച്ച്.ആര്‍.എം രാഷ്ട്രീയത്തെകുറിച്ച് ചെങ്ങറ ഭൂസമരനായിക സെലീനപ്രക്കാനം – അഭിമുഖം: സെലീനപ്രക്കനം/അജിത് നന്തന്‍കോട്
……….
ചെങ്ങറ ഭൂസമര നായികയായി നിലനില്‍ക്കുമ്പോളാണ് താങ്കള്‍ ദലിത് തീവ്രവാദം ആരോപിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം. എന്ന സംഘടനയില്‍ രംഗപ്രവേശനം ചെയ്യുന്നത് അത്തരം ഒരുതീരുമാനത്തിനുള്ള കാരണമെന്താണ്?

ദലിത് സമൂഹത്തിന്റെ വിമോചനം ആഗ്രഹിച്ചാണ് ഞാന്‍ സാധുജനവിമോചനസംയുക്തവേദിയില്‍ എത്തുന്നതും ആ പ്രസ്ഥാനം നയിച്ച ചെങ്ങറ ഭൂസമരത്തില്‍ പങ്കാളിയാകുന്നതും. ആ കാലയളവില്‍ സമരത്തെ പൊളിക്കുന്നതിനു വേണ്ടി കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്നുള്ള പ്രചരണമാണ് ആദ്യംനടത്തിയത്. ഹാരിസണ്‍ കുത്തകകളുടെ പണംപറ്റി പാര്‍ട്ടിഗുണ്ടകള്‍ പോലീസ് സഹായത്തോടെ (അപ്പോള്‍ കേരളം ഭരിച്ചിരുന്നത് സഖാവ് അച്യുതാനന്ദന്റെ സര്‍ക്കാരാണ്) സമരക്കാരെ മര്‍ദ്ദിക്കുന്നതും സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കുന്നതും സമരഭൂമിയില്‍ പതിവാണ്. ഒരുതുണ്ടുമണ്ണില്ലാതെ അലയുന്നവരാണ് ചെങ്ങറഭൂമിയില്‍ എത്തിയത്. അത്തരം നിരാലംബരായ ഒരു ജനതയെ അസുഖം വന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയില്‍ പോകാന്‍ പോലും കമ്മ്യൂണിസ്റ്റു ഗുണ്ടകള്‍ അനുവദിച്ചിരുന്നില്ല. അത്തരത്തില്‍ പലമരണങ്ങളും സമരഭൂമിയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ പുറത്തുള്ള പ്രചരണം ഞങ്ങള്‍ക്ക് വിദേശസഹായം കിട്ടുന്നു എന്നും, സമരഭൂമിയില്‍ ഞങ്ങള്‍ക്ക് വെടിവെക്കാനുള്ള പരിശീലനം മാവോയിസ്റ്റുകള്‍ നല്‍കുന്നു എന്നൊക്കെയാണ്.

ഇങ്ങനെ സമരക്കാരുടെ മേല്‍ ഇടതുസര്‍ക്കാര്‍ കുപ്രചരണവും അടിച്ചമര്‍ത്തലും തുടരു മ്പോഴാണ് ഒരു ദലിത് സംഘടയുടെ പുറത്ത് തീവ്രവാദം ആരോപിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ദലിത് കോളനികള്‍ വേട്ടയാടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആ സമയത്ത് ഡി.എച്ച്.ആര്‍.എമ്മിന്റെ പുറത്ത് ഇടതുഭരണകൂടം അരോപിച്ച കുറ്റകൃത്യങ്ങളെല്ലാം സമരഭൂമിയില്‍ ഏറെകുറേ ഞങ്ങളും അനുഭവിച്ചതാണ്. ഞങ്ങള്‍ ജനിച്ചമണ്ണില്‍ കൃഷിചെയ്തു ജീവിക്കാനുള്ള ഭൂമിക്കുവേണ്ടിയാണ് സമരത്തിനിറങ്ങിയത്. ഇതിലൂടെ ദലിതുകളുടെ രക്ഷകരെന്നും സമരപ്രസ്ഥാനമെന്നും പറഞ്ഞിരുന്ന സി.പി.എമ്മിനുണ്ടായ തിരിച്ചടിയാണ് ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. അങ്ങനെയെങ്കില്‍ ദലിത് തീവ്രവാദം പ്രചരിപ്പിച്ച് നൂറുകണക്കിന് ദലിത് യുവത്വത്തെ സി.പി.എം ഭരണകൂടം ജിവച്ഛവമാക്കാനുള്ള കാരണമെന്താണെന്നുള്ള ചിന്തയാണ് ഡി.എച്ച്.ആര്‍.എമ്മിനെ കുറിച്ച് പഠിക്കാനുള്ളകാരണം. കൂടുതല്‍കാര്യങ്ങള്‍ മനസിലാക്കിയപ്പോഴാണ് ഡി.എച്ച്.ആര്‍എമ്മിലൂടെ ദലിത് സമൂഹത്തിന്റെ മോചനം ഞാന്‍ ആഗ്രഹിച്ചതരത്തില്‍ സാധിക്കുമെന്ന് ഞാന്‍ മനസിലാക്കിയതും ആ പ്രസ്ഥാനത്തില്‍ എത്തിചേര്‍ന്നതും.

കൂടുതല്‍ വ്യക്തമാക്കാമോ?

മദ്യ-മയക്കുമരുന്നില്‍ അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി ദലിതര്‍ മാറിയിരിക്കുന്നു. ഇതില്‍നിന്നും ദലിതരെ വിമോചിപ്പിക്കുക എന്ന ലക്ഷ്യമാണ് ഡി.എച്ച്.ആര്‍.എം നടത്തികൊണ്ടിരി ക്കുന്നത്. അതോടൊപ്പം സാമൂഹ്യവിദ്യാഭ്യാസം ദലിത് കുടുംബങ്ങളില്‍ നല്‍കപ്പെടുന്നു. അടുക്കും ചിട്ടയുമായ അത്തരം ഒരു പ്രവര്‍ത്തനമാണ് പാര്‍ട്ടി ചാവേറുകളായിരുന്ന ദലിത് കോളനികളില്‍ മാറ്റമുണ്ടാകുന്നത്. ബഹുഭൂരിപക്ഷം ദലി തരും ജനാധിപത്യത്തെകുറിച്ച് അജ്ഞരാണ്. മുന്‍കാലത്തെ ജാതി നിയമത്തില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപെട്ട ജനതയായിരുന്നു ദലിതര്‍. ജനാധിപത്യത്തിലും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ദലിതുകള്‍ നേരിടുന്നു. ഇതിനു കാരണമായി വരുന്നത് ജാതി നിയമത്തെയും ജനാധിപത്യനിയമത്തെയും ദലിതര്‍ വേര്‍തിരിച്ചറയാത്തതാണ്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അയ്യായിരത്തിനുപുറത്ത് വോട്ടുനേടുകയുമുണ്ടായി. ദലിതര്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാണ് ഇതിലൂടെ കോട്ടമുണ്ടായത്. ദലിത് വോട്ടുകള്‍ ദലിതര്‍ കേന്ദ്രീകരിക്കുന്ന രീതി തുടച്ചുമാറ്റാനാണ് കമ്മ്യൂണിസ്റ്റു ഭരണകൂടം ദലിത് തീവ്രവാദം കെട്ടിചമച്ചതും, അതിന്റെ പേരില്‍ ഇരുപത്തിരണ്ട് കോളനികള്‍ വേട്ടയാടിയതും. ഇന്ന് ഇരുന്നൂറിനു പുറത്ത് ദലിത് യുവത്വങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷികളായി നരകിക്കുന്നതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ കമ്മ്യൂണിസ്റ്റു ഭരണകൂടത്തിന്റേതാണ്.

ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തന രീതി സന്നദ്ധരാഷ്ട്രീയമാണെന്ന് പറയുന്നു. എന്നാല്‍ സമരരാഷ്ട്രീയത്തിലൂടെ കടന്നുവന്ന താങ്കള്‍ ഈ രണ്ടു രാഷ്ട്രീയത്തെയും അവ തമ്മിലുള്ള വ്യത്യാസത്തേയും എങ്ങനെ നോക്കികാണുന്നു?

സന്നദ്ധരാഷ്ട്രീയവും സമരരാഷ്ട്രീയവും ഇന്ന് നാം വിലയിരുത്തുന്നത് രണ്ടുതരത്തിലാണ്. ഭരണാധികാരികളുടെ മുന്നേ കൊടികുത്തി സമരമിരിക്കുന്ന രീതിയെയാണ് പൊതുവേ സമരരാഷ്ട്രീയമായി പറയപെടുന്നത്. എന്നാല്‍ സന്നദ്ധരാഷ്ട്രീയം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നമുക്കറിയാവുന്നുള്ള കാരുണ്യപ്രവര്‍ത്തനം കുടിവെള്ളക്ഷാമകാലത്ത് ജീവജലമെത്തിക്കുന്നതും ദുരന്തസമയങ്ങളില്‍ ജീവന്‍രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നതും ഒക്കെയാണ്. എന്നാല്‍ ഡി.എച്ച്.ആര്‍.എം മുന്നോട്ടുവെയ്ക്കുന്ന കാരുണ്യപ്രവര്‍ത്തനം തികച്ചും വ്യത്യസ്തമാണ്. ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകളായി ജാതി നിയമത്തില്‍ മൃഗതുല്ല്യരായി തലമുറകള്‍ കടന്നുവന്നവരാണ്. ജനാധിപത്യത്തിലും ഇതു തുടരുന്നതുകൊണ്ടാണ് പാര്‍ട്ടികളുടെ ചാവേര്‍സൈ ന്യമായും ജാതി ഇരകളായും കുത്തഴിഞ്ഞ സാമൂഹ്യസാഹചര്യത്തിലും ദലിതര്‍ കഴിഞ്ഞുപോകുന്നത്. മുന്‍കാലത്തുനിലനിന്ന ജാതി നിയമം മാറി മനുഷ്യതുല്ല്യതയുടെ ജനാധിപത്യ നിയമവ്യവസ്ഥിതിയാണ് ഇന്നുള്ളത്. എന്നാല്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ദലിതര്‍ ജനാധിപത്യത്തെ തിരിച്ചറിഞ്ഞിട്ടില്ല. ജാതി നിയമത്തിലെ മേലാളനെന്നും കീഴാളനെന്നുമുള്ള വേര്‍തിരിവ് ജനാധിപത്യത്തിലില്ല. എങ്കിലും തങ്ങള്‍ കീഴാളരാണെന്നുള്ള ബോധത്തില്‍ ഇന്നും ദലിതര്‍ ജീവിക്കുന്നു. ഇതില്‍നിന്നും ഭജാതി നിയമത്തിലെ മനോരോഗം’ ഈ ജനതയെ എത്രമാത്രം ഭീകരമായി ബാധിച്ചിരിക്കുന്നു എന്നു മനസിലാക്കാം! ഇന്ത്യയെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകളായി മൃഗബോധത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനതയെ മനുഷ്യരാക്കി മാറ്റുകയെന്നതാണ് ഏറ്റവും വലിയ മനുഷ്യകാരുണ്യപ്രവര്‍ത്തനം. നമ്മുടെ രാജ്യത്ത് ഏറ്റവും വലിയ ദുരന്തം ജാതി സംസ്‌ക്കാരവും അതിനെ ഊട്ടിയുറപ്പിക്കുന്ന മനുസ്മൃതി നിയമവുമാണല്ലോ? ഈ ജാതിദുരന്തത്തെ നിവാരണം ചെയ്യുകയാണ് ഡി.എച്ച്.അര്‍.എം ലക്ഷ്യം.

ഡി.എച്ച്.ആര്‍.എമ്മിന്റെ കാഴ്ച്ചപാടില്‍ ഉപജാതിസംഘടനകള്‍ ദലിതരുടെ ഇടയില്‍ എന്തുമാറ്റമാണ് വരുത്തിയിട്ടുള്ളത്?

ദലിതരുടെ ഇടയില്‍ രണ്ടുഘട്ടങ്ങളിലായിട്ടാണ് ഉപജാതിസംഘടനകള്‍ കടന്നുവരുന്നത്. ഒന്ന് മനുസ്മൃതിഘട്ടത്തിലും മറ്റൊന്ന് ജനാധിപത്യത്തിലുമാണ്. യജമാനന്‍ അയ്യന്‍കാളിയുടെ ദലിത് ഏകീകരണത്തിന്റേയും മനുഷ്യാവകാശപോരട്ടാത്തിന്റേയും കാലഘട്ടത്തെയാണ് ഇവിടെ മനുസ്മൃതികാലമായി സൂചിപ്പിക്കുന്നത്. 1905ല്‍ സാധുജനപരിപാലനസംഘത്തിലൂടെ യജമാനന്‍ അയ്യന്‍കാളി ജാതിക്കതീതമായി ഏകീകരിച്ച ജനതയെ ഉപജാതിയിലൂടെ വിഘടിപ്പിക്കാനാണ് 1912 മുതല്‍ ജാതിമേധാവികള്‍ ശ്രമിച്ചത്. സമസ്ത തിരുവിതാംകൂര്‍ ചേരമര്‍സംഘം തുടങ്ങി അന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരപിള്ള രൂപീകരിച്ച ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭവരെ നിളുന്നു. ഇത് യജമാനന്‍അയ്യന്‍കാളിയുടെ കാലഘട്ടത്തിലെ ദലിത് മുന്നേറ്റത്തെ തകര്‍ക്കുന്നതിനായിരുന്നു. ഉപജാതി സംഘടനകള്‍ രണ്ടാമതായി നിലവില്‍വന്നത് ദലിതര്‍ ജാനധിപത്യത്തില്‍ അധികാരിയാകാതിരിക്കാനാണ്. ജനാധിപത്യ വ്യവസ്ഥിതിയിലാണല്ലോ മറ്റുള്ളവര്‍ക്ക് തുല്ല്യമായ വോട്ടെന്ന അധികാരമൂല്യം നേടിയെടുക്കാന്‍ കഴിഞ്ഞത്. ഈ വോട്ടുകള്‍ ഏകീകരിക്കാതെ ചിതറിപ്പിക്കാനാണ് ജാതിസംഘടനകള്‍ നിലവില്‍വന്നത്. അതിന്റെ തുടക്കം 1968 മുതല്‍ക്കാണ്. ജാതിമേധാവികള്‍ ത്തന്നെ ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ച് നിലവില്‍ വന്നപ്പോള്‍ അവരുടെ കുബുദ്ധിയില്‍ ഉദിച്ച വിഘടനതന്ത്രമാ ണ് ഭജാതി മഹാസഭകള്‍’. അതുകൊണ്ടുതന്നെയാണ് ഈ സംഘടനകള്‍ രൂപീകൃതമായി അരനൂറ്റാണ്ട് ആകാന്‍ പോകുമ്പോഴും ഈ ജനതയില്‍ ഒരു പുരോഗതിയും സാദ്ധ്യമാക്കാന്‍ കഴിയാത്തത്. ഇന്നും ഈ സംഘടനകളുടെ നിയന്ത്രണം ജാതി മേധാവികളുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്.

മാധ്യമങ്ങള്‍ ഡി.എച്.ആര്‍. എമ്മിന്റെ സന്നദ്ധരാഷ്ട്രീയത്തെ കുറിച്ച് എങ്ങനെ നോക്കികാണുന്നു?

രാജഭരണകാലത്ത് പട്ടും വളയും’ വാങ്ങാന്‍ രാജാവിനെ പ്രകീര്‍ത്തിച്ച് കവിത രചിക്കുന്ന എഴുത്തുകാരുടെ ചിന്തയാണ് ജനാധിപത്യത്തിലും പത്രമാധ്യമങ്ങള്‍ക്ക് പൊതുവേയുള്ളത്. ജനങ്ങളുടെ വാര്‍ത്തകള്‍ പൊതുജനമദ്ധ്യത്തില്‍ എത്തിക്കേണ്ട മാധ്യമങ്ങള്‍ ഭഭരണകൂട രചന’യാണ് നടത്താറുള്ളത്. അവര്‍ സത്യസന്ധതയ്ക്ക് പ്രാധാന്യം നല്‍കാതെ അസത്യത്തെ സത്യമായി സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ദലിത്‌വോട്ടുകള്‍ ഏകീകരിക്കുന്നു എന്ന് മനസിലാക്കിയ കഴിഞ്ഞ കമ്മ്യൂണിസ്റ്റുസര്‍ക്കാര്‍ ദലിത് വേട്ടനടത്തിയപ്പോള്‍ അതിനെ ന്യായികരിച്ച് മാധ്യമങ്ങള്‍ ഉറച്ചുനിന്നത്. അന്ന് മാധ്യമങ്ങളാരും തന്നെ ദലിത് തീവ്രവാദത്തിന്റെ നിജസ്ഥിതിയോ തെളിവോ അന്വേഷിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഭരണമാറ്റമുണ്ടായപ്പോള്‍ മാധ്യമമനസും മാറിയിട്ടുണ്ട്. ഡി.എച്ച്.ആര്‍.എം മുന്നോട്ടുവെച്ച സന്നദ്ധരാഷ്ട്രീയത്തെ ഇപ്പോള്‍ മാധ്യമങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ദലിത് തീവ്രവാദവും ഡി.എച്ച്.ആര്‍.എമ്മില്‍ കെട്ടിവെച്ച കുറ്റകൃത്യങ്ങളും കളവാണെന്ന് ഇപ്പോള്‍ മാധ്യമങ്ങളിലൂടെതന്നെ പുറത്തുവന്നിട്ടുണ്ട്.

ഡി.എച്ച്.ആര്‍.എം കേരളത്തിലെ ദലിത് ബുദ്ധിജീവിസമൂഹത്തെകുറിച്ച് എന്തുപറയുന്നു?

കേരളത്തിലെ ദലിത് ബുദ്ധിജീവികള്‍ മുറിക്കകത്തിരുന്ന് ദലിത് മോചനം സാധ്യമാകും എന്ന് പ്രഖ്യപിക്കുന്നവരാണ്. അയലത്തുള്ള ഒരു ദലിതന്റെ അവസ്ഥപോലും ശരിക്കു മനസിലാക്കാന്‍ കഴിവില്ലാത്തവരാണ് ഇവര്‍. പ്രത്യയശാസ്ത്രചര്‍ച്ചകളിലും വാരികകളിലെ സൈ ദ്ധാന്തിക എഴുത്തുകുത്തുകളും ചാനലില്‍ മുഖംകാണിക്കലുമാണ് ഈ ബുദ്ധിജീവികളുടെ പ്രവര്‍ത്തനമേഖല. അവര്‍ ഉത്തരേന്ത്യയില്‍ നടക്കുന്നതും അയല്‍സംസ്ഥാനങ്ങളില്‍ നടക്കുന്നതുമായ ദലിത് ദുരന്തങ്ങളെക്കുറിച്ച് വ്യാകുലപ്പെടും. കണ്‍മുമ്പില്‍കാണുന്ന ദലിത് പീഡനങ്ങളെകുറിച്ച് കണ്ടില്ലാ എന്നുനടിക്കും. കേരളം കണ്ടതില്‍ ഏറ്റവും വലിയ മനുഷ്യാവകാശധ്വംസനവും ദലിത് വേട്ടയുമാണ് കമ്മ്യൂണിസ്റ്റുജാതിഭരണക്കാര്‍ ഡി.എച്ച്.ആര്‍.എമ്മിന്റെമേല്‍ നടത്തിയത്. ദലിത് വീട്ടമ്മയെ പരിപൂര്‍ണ്ണനഗ്നയാക്കി മണിക്കൂറുകളോളം പരസ്യമായി പൊതുവഴിയില്‍ നടത്തിച്ചത് ഈ ബുദ്ധിജീവികളാരുംതന്നെ കണ്ടതായിനടിച്ചില്ല. ദലിത് യുവതിയുടെ ഗര്‍ഭപാത്രം തകര്‍ത്തതും ദലിത് യുവാക്കളെ മൂന്നാംമുറയ്ക്കുവിധേയമാക്കിയതും ദലിത് ബുദ്ധിജീവികള്‍ക്ക് പ്രതികരിക്കാനുള്ള പ്രത്യയശാസ്ത്രം രചിക്കാനായില്ല. ഇവരുടെ ദലിത് സ്‌നേഹം കാപട്യമാണ്. ദലിതര്‍ നടത്തുന്ന സമരങ്ങളേയും മുന്നേറ്റങ്ങളേയും ശത്രുപക്ഷത്തോടൊപ്പം ചേര്‍ന്ന് തുരങ്കംവെക്കുന്ന പണിയാണ് ഇന്നുവരെയും ഈ ദലിത് ബുദ്ധിജീവികള്‍ കേരളത്തില്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടു ഇത്തരം ജിവികളെ ഡി.എച്ച്.ആര്‍.എം കാര്യമായി പരിഗണിക്കുന്നില്ല.

മഹാത്മ അയ്യന്‍കാളിമുതല്‍ കല്ലറ സുകുമാരന്‍ വരെയുള്ള ദലിതരുടെ സ്വാതന്ത്ര്യപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?

യജമാനന്‍ അയ്യന്‍കാളിയുടെ കാലഘട്ടവും കല്ലറസുകുമാരന്‍ സാറിന്റെ കാലഘട്ടവും രണ്ടുതലത്തിലാണ് നോക്കികാണേണ്ടത്. യജമാനന്റെ പ്രവര്‍ത്തനശൈലി ജാതിനിയമത്തെ ലംഘിക്കാന്‍ ദലിതരെ പഠിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുകയെന്നുള്ളതാണ്. എന്നാല്‍ കല്ലറസാറിന്റെ പ്രവര്‍ത്തനശൈലി ജനാധിപത്യനിയമത്തെ മനസിലാക്കാനും അത് പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമമായിരുന്നു. രണ്ടുപേരുടേയും ചിന്താഗതി ഉപജാതിക്കതീതമായി ദലിതര്‍ സ്വാതന്ത്ര്യത്തോടുജീവിക്കുന്ന ഒരു സമൂഹമായി പുരോഗമിക്കുക എന്നുള്ളതായി രുന്നു. ഈ രണ്ടുകാലഘട്ടത്തിലും നടന്നിട്ടുള്ള ദലിത് സാമൂഹ്യപ്രവര്‍ത്തനങ്ങളേയും നായകത്വം വഹിച്ചവരേയും കുറിച്ച് പഠിക്കുകയും വിലയിരുത്തുകയും ചെയ്യാതെ ദലിതരുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സാദ്ധ്യമാകുകയില്ല. അങ്ങനെയുള—ള സംഘടനകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രമേ ബ്രാഹ്മണിസത്തേയും ജാതിസംസ്‌ക്കാരത്തേയും അതിജീവിക്കാന്‍ കഴിയു.

ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രത്യയശാസ്ത്രം സാമൂഹ്യജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയുമെന്ന് പറയുമ്പോള്‍ അത് ദലിത് മോചനത്തിന് പ്രാപ്തമാണോ?

സാമൂഹ്യജനാധിപത്യമെന്നത് എല്ലാ മനുഷ്യസമൂഹവും സ്വതന്ത്രരാവുക എന്നുള്ളതാണ്. അതിനുള്ള ഉറപ്പ് നമ്മുടെ ഭരണഘടനയില്‍ അനുശാസിക്കുന്നു. സമ്പത്തും അധികാരവും അറിവും നിയമപരമായി കൈവശം വെയ്ക്കാനുള്ള ജനതയും ഇല്ലാത്തജനതയുടേയും ചരിത്രമാണ് സാമൂഹ്യജനാധിപത്യം വരുന്ന കാലത്തിനുമുന്നേയുള്ളത്. ആ കാലത്ത് സാമൂഹിക അധികാരം ബ്രാഹ്മണനും രാഷ്ട്രീയ അധികാരം ക്ഷത്രിയനുമാണ് സംവരണം ചെയ്തിരുന്നത്. ഇതില്‍ രാഷ്ട്രീയ അധികാരമാണ് ജനാധിപത്യത്തിലൂടെ തകര്‍ക്കപെട്ടത്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണന്റെ സാമൂഹ്യഅധികാരം ഇന്നും തുടരുന്നു. ഏതുജനസമൂഹത്തിന്റെയും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സാമൂഹ്യഅധികാരവും രാഷ്ട്രീയഅധികാരവും സമന്വയിപ്പിക്കുന്നതിലൂടെയാണ്. സാമൂഹ്യഅധികാരത്തിന്റെ അടിത്തറ സംസ്‌ക്കാരമാണ്. അതുകണ്ടെത്താനും അതില്‍ജീവിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാജനതയ്ക്കും നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയെഴുതിയ ബാബാസഹേബ് അംബേദ്ക്കര്‍ ബുദ്ധമതത്തിലേയ്ക്ക് തിരികെപോയി ദലിതരുടെ സാസ്‌ക്കാരിക അടിത്തറ കാണിച്ചുതന്നത്. ഇന്ത്യയിലെ തദ്ദേശിയരായ ദലിത്പൂര്‍വികരില്‍ നിന്ന് ഉത്ഭവിച്ച ബുദ്ധമതം തന്നെ ബാബാസാഹേബ് അംബേദ്ക്കര്‍ തിരഞ്ഞെടുത്തത്. ഈ മാര്‍ക്ഷമാണ് ഡി.എച്ച്.ആര്‍.എം കുടുംബങ്ങളില്‍ പാലിക്കപെടുന്നത്. വിദേശിക്കും സ്വദേശിക്കും വിശ്വാസിക്കും അവിശ്വാസിക്കും ഇന്ത്യന്‍പൗരത്വമുള്ള എല്ലാവര്‍ക്കും ഒരേപദവി നിര്‍ണ്ണയിക്കുന്നതാണ് നമ്മുടെ വോട്ടിന്റെ മൂല്യം. ആ മൂല്യം ഏകീകരിക്കാനുള്ള പ്രാപ്തി ദലിതരിലുണ്ടാകുമ്പേഴാണ് രാഷ്ട്രിയസ്വാതന്ത്ര്യവും സാധ്യമാകുന്നത്. അതിന്റെ ആദ്യപടിയായിട്ടാണ് ഡി.എച്ച്.ആര്‍.എം തുടക്കം മുതല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഇന്നത്തെ ദലിതരുടെ ദുരന്തങ്ങളുടെകാരണം സാമൂഹ്യജനാധിപത്യമോ ഇന്ത്യന്‍ഭരണഘടനയോ അല്ല. അതുതിരിച്ചറിയാന്‍ ദലിതര്‍ക്ക് കഴിയാത്തതാണ് കാരണം. അതു തിരിച്ചറിയു ന്ന ഒരു ദലിത് സമൂഹം എന്ന് ദലിതര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്നോ അന്നുമുതല്‍ ദലിതരുടെ വിമോചനപ്രത്യയശാസ്ത്രം സാമൂഹ്യജനാധിപത്യവും ഭരണഘടനയുമായിരിക്കും.

ഭൂസമരങ്ങളെ താങ്കള്‍ ഏതു രീതിയിലാണ് കാണുന്നത്?

അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത എല്ലാ ഇന്ത്യന്‍ ജനതയ്ക്കും ഭൂമിയിലെ അവകാശം ഉറപ്പുവരുത്തുന്നതായിരുന്നു ബാബസാഹേബ് അംബേദ്ക്കര്‍ മുന്നോട്ടുവെച്ച സ്റ്റേറ്റ് സോഷ്യലിസം. ഇന്ത്യാരാജ്യത്തെ ഭൂമി ദേശസാല്‍ക്കരിക്കുക എന്നുള്ളതാണ് ഇത് ലക്ഷ്യംവെക്കുന്നത്. ഇന്ത്യാരാജ്യത്തിലെ മൂന്നില്‍ രണ്ടു ഭാഗം ഭൂമിയും നൂറ്റാണ്ടുകളായി ബ്രാഹ്മണര്‍ സ്വകാര്യമായി കൈവശംവെച്ചിരുന്നതാണ്. അതുതകിടം മറിയാതിരിക്കാനാണ് സ്റ്റേറ്റ് സോഷ്യലിസത്തെ അട്ടിമറിക്കപെടുന്നത്. ഇതിലൂടെയാണ് ഭൂരഹിതര്‍ സമരമുഖത്തേയ്ക്ക് എത്തിചേരുന്നത്. ഭരണപങ്കാളിത്തമില്ലാത്ത എല്ലാജനതയുടേയും ഭൂസമരങ്ങള്‍ പരാജയമായിരുന്നു. എന്നാല്‍ ഭൂമി എന്നു പറയപ്പെടുന്നത് എല്ലാ ജനതയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനഘടകമാണ്. ഭൂമിക്കുവേണ്ടി നമ്മള്‍ സമരം ചെയ്യുന്നത് ഭരണകൂടത്തോടാണ്. അത് ഏതുപാര്‍ട്ടി ഭരിച്ചിരുന്നാലും നിയമനിര്‍മ്മാണം നടത്തുന്നത് ആ ഭരണകൂടമാണ്. നിയനിര്‍മ്മാണം നടത്താനുള്ള ഒരു ശക്തിയായി ഭൂരഹിത സമൂഹം മാറുക എന്നുള്ളതാണ് സമരങ്ങള്‍ക്കുപകരം നാംചെയ്യേണ്ടത്. അതിന് രാഷ്ട്രീയപാര്‍ട്ടികളെ ഉപേക്ഷിച്ച് രാഷ്ട്രീയം ഉള്ളോരു ജനതയായി ഭൂരഹിതര്‍ മാറുകഎന്നുള്ളതാണ്. നമ്മുടെ കേരളത്തെ പരിശോധിച്ചാല്‍തന്നെ 1939ല്‍ തുടങ്ങിയതാണ് ഈ ഭൂമിരാഷ്ട്രീയത്തിന്റെ സമരചരിത്രം. ആദ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ ഭൂരഹിതരുടെ രാഷ്ട്രീയമുയര്‍ത്തി അധികാരത്തില്‍ വന്നു; ഭൂരഹിതര്‍ക്കു മിച്ചഭൂമിയെന്ന തുണ്ടുഭൂമികള്‍ നല്‍കി കബളിപ്പിച്ചു. മേലാളന്മാരുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ദലിതരുടെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ഒരിക്കലും കഴിയില്ലാ എന്നതിരിച്ചറിവിലാണ് പിന്നിട് ദലിത്-ആദിവാസി നേതൃത്വങ്ങള്‍ ഭൂസമരങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവന്നത്. ആ സമരങ്ങള്‍ ഇന്നും അനന്തമായിതുടരുന്നതല്ലാതെ ഭൂമിപ്രശ്‌നം പരിഹരിക്കപെട്ടിട്ടില്ല. പ്രതിപക്ഷപാര്‍ട്ടികള്‍ മിച്ചഭൂമിയില്‍ ഭൂരഹിതരെ കൊണ്ട് കൊടികുത്തിസമരം നടത്തുമ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ ഭൂമിനല്‍കേണ്ടവരുടെ ലിസ്റ്റുതയ്യാറാക്കും. ലിസ്റ്റു പൂര്‍ത്തികരിക്കാത്തതു കാരണം ഭൂമിനല്‍കേണ്ട നടപടിക്രമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടത്തിനു കഴിയില്ല ഈ കബളിപ്പിക്കല്‍ തന്ത്രം തന്നെയാണ് ഭൂമിക്കുവേണ്ടി മിച്ചഭൂമിയില്‍ സമരംചെയ്ത പ്രതിപക്ഷപാര്‍ട്ടികളും ഭരണത്തിലേറുമ്പോള്‍ ചെയ്യുന്നത്. പതിറ്റാണ്ടുകളായി മാറിമാറി ഭരണത്തില്‍ വരുന്ന എല്‍.ഡി.എഫും യു.ഡി.എഫും ഇതുതന്നെയാണ് ഇവിടെ ചെയ്യുന്നത്. ഇപ്പോള്‍ ഏതുരാഷ്ട്രീയപാര്‍ട്ടികള്‍ നിലവില്‍വന്നാലും അവരുടെ ആദ്യഅജണ്ട തന്നെ ഭൂമിരാഷ്ട്രീയമാണ്.

സാധുജനവിമോചനസംയുക്തവേദിയും ഡി.എച്ച്.ആര്‍.എമ്മും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

സാധുജനവിമോചനസംയുക്തവേദി ഒരു സമരസംഘടനയാണ്. അവിടെ മെമ്പര്‍ഷിപ്പ് എഴുതിയാണ് ഒരു വ്യക്തിയോ കുടുംബമോ അംഗമാകുന്നത്. ഇപ്പോള്‍ അംഗമാകുന്ന ഒരുകുടുംബത്തിന് 8000 രൂപയാണ് അംഗത്വഫീസ്. ഞാന്‍ സമരഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഏകദേശം 410 രൂപയായിരുന്നു അംഗത്വഫീസ്. എന്നാല്‍ ഡി.എച്ച്.ആര്‍.എമ്മില്‍ മെമ്പര്‍ഷിപ്പ് എഴുതിയല്ല പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനാകുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ എന്താണ് സംഘടന? എന്താണ് ഇന്ത്യന്‍സമൂഹം? എന്നുള്ളതിനെ കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുന്ന ക്ലാസുകളില്‍ പങ്കെടുത്താണ് അംഗങ്ങളാകേണ്ടത്. ഒരു സംഘടനയില്‍ അംഗമാകുമ്പോള്‍ ആദ്യം ആ സംഘടന മുന്നോട്ടുവെയ്ക്കുന്ന ആശയം മനസിലാക്കുക എന്നുള്ളതാണ്. അതിനുശേഷമാണ് ഒരോ അംഗങ്ങള്‍ക്കും സ്വന്തം സമൂഹത്തില്‍ ഏതൊക്കെ തരത്തില്‍ സ്വന്തം കഴിവുപയോഗിച്ച് പ്രവര്‍ത്തിക്കാം എന്നുതീരുമാനിക്കാന്‍ കഴിയുക. ഇതാണ് ഡി.എച്ച്.ആര്‍.എമ്മിന്റെ സംഘടനാരീതി. രണ്ടുസംഘടനകളും അടിസ്ഥാനപരമായി വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന ആശയ-പ്രവര്‍ത്തനരീതിയാണ് ഉള്ളത്.

ഡി.എച്ച്.ആര്‍.എം. നടത്തുന്ന ഹോംസ്‌കൂളിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ഹോംസ്‌കൂള്‍ എന്ന് പറയുന്നത് ലോകത്തില്‍ മുഴുവനും ഉള്ള ഒരു വിദ്യാഭ്യാസസമ്പ്രദായമാണ്. ബ്രിട്ടീഷ്ഭരണകാലത്ത് സ്‌കൂളില്‍ പോകാതെ വീടു വിദ്യാലയമാക്കി പഠിച്ച വ്യക്തിയാണ് രവീന്ദ്രനാഥടാഗോര്‍. നമ്മുടെ ദേശീയ ഗാനമെഴുതിയ അദ്ദേഹത്തിന്റെ ഗീതാഞ്ജലി എന്ന കാവ്യസമാഹാരത്തിനാണ് സാഹിത്യത്തിന് നോബേല്‍ സമ്മാനം കിട്ടിയത്. ജനാധിപത്യ സംവിധാനത്തില്‍ ജാതീയവിദ്യാഭ്യാസമാണ് ഇന്നും ഇവിടെ നടപ്പിലാക്കുന്നത്. അതിലൂടെ ജാതീയസംസ്‌ക്കാരത്തിന്റെ ഒരു ചരിത്രബോധമാണ് സ്ഥാപിച്ചെടുക്കുന്നത്. ഇതില്‍നിന്ന് പുരോഗതിയിലേക്ക് ഇന്ത്യാരാജ്യത്ത് മാറ്റമുണ്ടാകണമെങ്കില്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. ഈ മാറ്റം ഇതുവരെയായിട്ടും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ഒരു ദലിതനില്‍ പോലും അപകര്‍ഷത വിട്ടുമാറാത്തത്. അത് ദലിതരിലെ ഐ.എ.എസുകരിലും പി.എച്ച്.ഡി ഗവേഷകരില്‍വരെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. കുട്ടിക്കാലത്തു ഇവര്‍ക്കു കിട്ടിയിരിക്കുന്ന ജാതിവിദ്യാഭ്യാസമാണ് അപകര്‍ഷതയുടെ മുഖ്യകാരണം. ഡി.എച്ച്.ആര്‍.എം ഹോംസ്‌ക്കൂള്‍ വിദ്യാഭ്യാസം നല്‍കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസം ദലിത് കുട്ടികളില്‍ സ്വായത്തമാക്കാനാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കപെടേണ്ടിവന്ന വിദ്യാര്‍ത്ഥികളിലാണ് ഇതുനടപ്പാക്കുന്നത്. അതുപോലെ സ്‌ക്കൂള്‍പഠനം തുടരുന്ന ദലിത് വിദ്യര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കപ്പെടുന്നു. ഇതിനായി ഡിഗ്രിതലം മുതല്‍ പി.എച്ച്.ഡി തലം വരെയുള്ള ഡി.എച്ച്.അര്‍.എം മുഴുവന്‍സമയപ്രവര്‍ത്തകര്‍ ഹോംസ്‌ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

ഡി.എച്ച്.ആര്‍.എമ്മിന്റെ ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തേക്ക് വന്നിരിക്കുന്ന താങ്കള്‍ ഒരു സ്ത്രീ എന്നനിലയ്ക്ക് സംഘടനയെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്?

ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ച് പറയുകയാണെങ്കില്‍ സംഘടനയെ മുന്നോട്ടു നയിക്കുന്നത് വ്യക്തികളും നേതാക്കളുമല്ല, ആശയമാണ്. ഈ ആശയം പ്രാ വര്‍ത്തികമാക്കാന്‍ ശേഷിയുള്ളവര്‍ക്ക് സംഘടനയെ നയിക്കാം. അതില്‍ സ്ത്രീ-പുരുഷവേര്‍തിരിവില്ല. ദലിത് സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീ-പുരുഷതുല്ല്യത നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഈ രാജ്യത്ത് പരിണാമം സിദ്ധിച്ചവരാണ് ദലിതരുടെ പൂര്‍വികര്‍. അവര്‍ സാംസ്‌ക്കാരിക അടിത്തറ ഇന്ത്യന്‍ മണ്ണില്‍ കെട്ടിപടുത്തിയവരാണ്. ആ കാലയളവില്‍ അധികാരികളും എഴുത്തുകാര്‍ അടക്കം സര്‍വ്വമേഖലയിലും പുരുഷനുതുല്ല്യം കഴിവുകള്‍ പ്രകടിപ്പിച്ചവരാണ് ദലിത് സ്ത്രീകള്‍. പില്‍ക്കാല ത്ത് ആര്യന്‍ ആധിപത്യത്തില്‍ ജാതിനിയമത്തില്‍ അടിമയാക്കപെട്ടകാലത്തും ദലിത്‌സ്ത്രീയെന്ന പരിഗണന ബ്രാഹ്മണമേധാവികള്‍ നല്‍കപ്പെട്ടിരുന്നില്ല. ആഹ്ലാദത്തിലും ദുഃഖത്തിലും സ്ത്രീപുരുഷതുല്ല്യത പുലര്‍ത്തി തലമുറകള്‍ കടന്നുവന്നവരാണ് ദലിതര്‍. അങ്ങനെയുള്ള ഒരു ജനതയില്‍ എല്ലാവരും തുല്ല്യരെന്നുപറയുന്ന ജനാധിപത്യവ്യവസ്ഥിതിയില്‍ ദലിത് സ്ത്രീകളുടെ കഴിവുകള്‍ വളരെവേഗം മെച്ചപെടുത്താനാകും.

നന്ദി :ഇടനേരം ഓണ്‍ലൈന്‍ മാസികക്ക്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!