കോന്നിയില്‍ തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയത്തിന് റെവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയുടെ രേഖകള്‍ കേന്ദ്രീയ വിദ്യാലയം അധികാരികള്‍ ഏറ്റു വാങ്ങി.കോന്നി താലൂക്ക് തഹസീല്‍ദാര്‍ ടി .ജി ഗോപകുമാറില്‍ നിന്നും അടൂര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എന്‍ സുരേഷ് ബാബു രേഖകള്‍ ഏറ്റു വാങ്ങി.
കോന്നിയില്‍ തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടിയുള്ള എട്ട് ഏക്കര്‍ സ്ഥലത്തിന്‍റെ രേഖകള്‍ ആണ് കൈമാറിയത് .റെവന്യൂ വകുപ്പിന്‍റെ കയ്യില്‍ ഉള്ള കോന്നി ഐരവാന്‍ വില്ലേജില്‍ നെടുമ്പാറയില്‍ കോന്നി മെഡിക്കല്‍കോളേജിനോട് ചേര്‍ന്നുള്ള എട്ട് ഏക്കര്‍ സ്ഥലമാണ് കോന്നി കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടി വിട്ടു നല്‍കിയത് .സ്കൂളിന് അടിസ്ഥാന വികസനത്തിന് ഉള്ള മുഴുവന്‍ ഭൂമിയും ഇതോടെ കൈമാറി .ഭൂമി കൈമാറി കിട്ടിയതോടെ ഇവിടെ ആധുനിക കെട്ടിടം നിര്‍മിക്കുവാന്‍ ഉള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും .അടുത്ത അധ്യായന വര്‍ഷം തന്നെ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങും .താല്‍കാലികമായി വാടക കെട്ടിടത്തില്‍ സ്കൂള്‍ തുടങ്ങും .ഹോസ്റ്റല്‍ അടക്കം ഉള്ള കെട്ടിടം നിര്‍മ്മിക്കും .മാസം നൂറു രൂപാ പാട്ട വ്യവസയിലാണ് ഭൂമി കൈമാറിയത് .കേന്ദ്രീയ വിദ്യാലയത്തിനും അതിന്റെ അടിസ്ഥാന വികസനത്തിനും ഭൂമി പൂര്‍ണ്ണമായും ഉപയോഗിക്കുവാന്‍ കഴിയും .പത്തനംതിട്ട എം പി ആന്റോ ആന്റണി യുടെ ശ്രമ ഫല മായാണ് കോന്നിയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചത് .
കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് റവന്യൂ മന്ത്രി ആയിരുന്നപ്പോള്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി എട്ടേക്കര്‍ സ്ഥലം കണ്ടെത്തി നല്‍കിയിരുന്നു. ഇതു കേന്ദ്രീയ വിദ്യാലയത്തിനു നല്‍കുന്നതിനുള്ള കാബിനറ്റ് തീരുമാനവും കൈക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയ സംഘടന്‍ അധികൃതര്‍ പരിശോധന നടത്തി സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് അനുയോജ്യമാണെന്ന റിപോര്‍ട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഇതേസമയം തന്നെ കോന്നിയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന ആവശ്യം നിരന്തരം ലോക്‌സഭയില്‍ ഉന്നയിച്ചതിനൊപ്പം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ സമ്മര്‍ദവും ചെലുത്തി. കോന്നിയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ ഉറപ്പ് നടപ്പാക്കുന്നതിനായി അംഗമായ ഗവണ്‍മെന്റ് അഷ്വറന്‍സ് കമ്മിറ്റിയിലൂടെയും സമ്മര്‍ദം ചെലുത്തി. ഇതേത്തുടര്‍ന്നാണ് രാജ്യത്ത് പുതുതായി അനുവദിച്ച 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടികയില്‍ കോന്നിയെ ഉള്‍പ്പെടുത്തിയത്. നിലവിലുള്ള അടൂര്‍, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളോടൊപ്പം മൂന്നാമതൊരു കേന്ദ്രീയ വിദ്യാലയം കോന്നിയില്‍ തുടങ്ങുമ്പോള്‍ ജില്ലയ്ക്കു അതൊരു മുതല്‍ കൂട്ടാണ്.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്,ഇടുക്കി ജില്ലയിലെ മൂന്നാര്‍ ദേവികുളം, എറണാകുളം ജില്ലയിലെ തൃക്കാക്കര, കൊല്ലംജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ കോന്നി, കോഴിക്കോട് ജില്ലയിലെഉളിയേരി, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രീയവിദ്യാലയങ്ങള്‍ .
കോന്നി കേന്ദ്രീയ വിദ്യാലയത്തിനു ഉള്ള രേഖകള്‍ ഐരവാന്‍ വില്ലേജ് ഓഫീസില്‍ വച്ച് ഒപ്പിട്ടു .റവന്യൂ ഹെഡ് ക്വാര്‍ട്ടെഴ്സസ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി എസ് തുളസീധരന്‍ നായര്‍ ,വില്ലേജ് ഓഫീസര്‍ തോമസ് കുട്ടി ,കേന്ദ്രീയ വിദ്യാലയം അടൂര്‍ സെന്റര് എച് എം ജോണ്‍ മാത്യു ,എസ എസ് ഹരികുമാര്‍ ,രാജേന്ദ്രന്‍ , മനോജ് എന്നിവര്‍ സംബന്ധിച്ചു.