പമ്പയുടെ ഓളങ്ങളില്‍ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പള്ളിയോടങ്ങളില്‍ പാടിതുഴഞ്ഞ് ആറന്മുള ക്ഷേത്ര മതില്‍കടവില്‍ തുഴച്ചില്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരു വള്ളസദ്യക്കാലത്തിന് കൂടി ആറന്മുളയില്‍ തുടക്കമായി. നെടുമ്പ്രയാര്‍, തെക്കേമുറി, വരയന്നൂര്‍, പുന്നംതോട്ടം, ചിറയിറമ്പ്, ചെറുകോല്‍, മേപ്രം-തൈമറവുങ്കര എന്നീ പള്ളിയോടങ്ങളാണ് ആദ്യദിവസത്തെ വള്ളസദ്യയ്‌ക്കെത്തിയത്. ഉച്ഛപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യക്ക് തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ തൂശനിലയില്‍ ആദ്യ വിഭവം വിളമ്പി. ക്ഷേത്രകടവില്‍ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തിന് വെറ്റ-പുകയില നല്‍കി പള്ളിയോട സേവാസംഘം ഭാരവാഹികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് സ്വീകരിച്ചു.
ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണ വള്ളസദ്യകള്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 370 പേരാണ് വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുള്ളത്. 80ദിവസം വള്ളസദ്യകള്‍ ഉണ്ടാവും. പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ക്ക് പള്ളിയോട സേവാംസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.ജി ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് കെ പി സോമന്‍, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ഭാരവാഹികളായ സി കെ ഹരിശ്ചന്ദ്രന്‍, ആര്‍ ശ്രീകുമാര്‍, അശോക് കുമാര്‍, സഞ്ജീവ് കുമാര്‍, ദേവസ്വം അസി. കമ്മീഷണര്‍ രാജീവ് കുമാര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോ. ബി.ബൈജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവേശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡി അനില്‍കുമാര്‍ തുടങ്ങിയവര്‍ വള്ളസദ്യയില്‍ പങ്കെടുത്തു