പത്മപുരസ്‌കാരങ്ങള്‍ : നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചു

 
2018 ലെ പത്മപുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവില്‍സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ട സേവനങ്ങളേയും കൈവരിച്ച മികച്ച നേട്ടങ്ങളേയും ആദരിക്കുന്നതിനായിട്ടാണ് പത്മ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ (www.padmaawards.gov.in) 2017 സെപ്തംബര്‍ 15 നോ അതിനു മുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായി ഇ. ചന്ദ്രശേഖരന്‍ (റവന്യൂ വകുപ്പ് മന്ത്രി), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖ വകുപ്പ് മന്ത്രി), തോമസ് ചാണ്ടി (ഗതാഗത വകുപ്പ് മന്ത്രി), മാത്യു ടി. തോമസ് (ജലവിഭവ വകുപ്പ് മന്ത്രി) എന്നിവര്‍ അടങ്ങുന്ന ഒരു മന്ത്രിസഭാ ഉപസമിതിക്ക് (സെര്‍ച്ച് കമ്മിറ്റി) രൂപം കൊടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള അപേക്ഷ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന ജൂലൈ 31 നകം ലഭ്യമാക്കണം. പത്മ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ നേരിട്ടോ അഭ്യുദയകാംക്ഷികള്‍/സംഘടനകള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കാനോ പുറമെ സ്വമേധയാ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനോ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാറ്റിയൂട്ട്‌സ്, റൂള്‍സ് എന്നിവ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ http://padmaawards.gov.in/SelectionGuidelines.aspx എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!