Trending Now

ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനം

പത്തനംതിട്ട:  ജില്ലയിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനും യഥാസമയം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ തട്ടുകടകളില്‍ പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കും. മാനദണ്ഡലങ്ങള്‍ പാലിക്കാത്ത തട്ടുകടകള്‍ക്ക് ആദ്യപടിയായി പിഴ ചുമത്തുന്നതിനും വീണ്ടും നിയമലംഘനം നടത്തിയാല്‍ അവ അടച്ചുപൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പ്ലാസ്റ്റിക്ക് പേപ്പറുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയില്‍ ആഹാര സാധനങ്ങള്‍ നല്‍കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡി.എം.ഒ അറിയിച്ചു. ചൂടുള്ള ആഹാര സാധനങ്ങള്‍ പ്ലാസ്റ്റിക്കിലും പേപ്പറിലും പൊതിയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാ ഹോട്ടലുടമകളും വിട്ടുനില്‍ക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നിരോധനം ആഗസ്റ്റ് 15 മുതല്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ എല്ലാ ഹോട്ടലുകളും പങ്കാളികളാകുമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വാട്‌സ് അപ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ കൂടി ഉപയോഗിച്ചുള്ള പ്രചരണങ്ങള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.യോഗത്തില്‍ ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ വി.ബി ഷീല, ഡി.എം.ഒ ഡോ.സോഫിയാ ബാനു, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!