1964-74 കാലത്ത് ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി കേരളത്തിയവർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ത്യാ ഗവണ്മെന്റ് ഉടന്പടി പ്രകാരം കേരളത്തിലെത്തിയവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
എഴുന്നൂറോളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാർഥികളായി പുനലൂരിൽ താമസിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഗവിയിലും ഈ വിഭാഗത്തിൽപ്പെട്ടവരുണ്ട്. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകാരണം പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കാറില്ല. അഭയാർഥികൾ വരുന്ന സമയം ഹൈക്കമ്മിഷൻ നൽകിയ ഫാമിലി കാർഡിൽ ജാതിചേർത്തിരുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുളളൂ. അതേസമയം ജാതി ചേർക്കാനാവാത്തതിന്റെ പേരിൽ മിക്കവർക്കും സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതേതുടർന്നാണ് സർക്കാരിന്റെ പുതിയ നിർദേശം.
തമിഴ്നാട് സർക്കാർ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മാതൃകയിൽ സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. അപേക്ഷകന്റെയും പ്രദേശത്തുളള അതേ സമുദായത്തിൽപ്പെട്ട അഞ്ചു പേരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശികാന്വേഷണം നടത്തിയാണ് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.