പോലീസിന് നാണക്കേട്
കൊച്ചി :സ്കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പോലീസ് കെട്ടിച്ചമച്ചത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദേശിച്ചു.
പോലീസുകാർ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നെന്ന് ജസ്റ്റിസ് നാരായണക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പോലീസുകാരില്‍ നിന്നും ക്രൂരമായി മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ, 50 ലക്ഷം രൂപ വരെ സുരേഷിനു നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശമുണ്ടെന്നും അതോറിറ്റി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ സുരേഷിന്റെ നട്ടെല്ലിന് പൊട്ടലുണ്ടാവുകയും എട്ടുമാസത്തോളം എഴുന്നേറ്റു നടക്കാനാകാത്ത അവസ്ഥയിലുമായിരുന്നു. സുരേഷ് ഇപ്പോഴും ചികിൽസയിലാണ്.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് സ്കൂൾ ബസ് ഡ്രൈവറായ കെ.എസ് സുരേഷ് കുമാറിനെ ഹാർബർ പോലീസ് അറസ്റ്റ് ചെയ്തത്. ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. അന്നു വൈകുന്നേരം തന്നെ വളരെ ഗുരുതരമായി പരുക്കേറ്റനിലയിൽ സുരേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവും സുരേഷുമായുള്ള തർക്കമാണ് പരാതിക്ക് പിന്നിലെന്നും അതോറിറ്റി കണ്ടെത്തി. കുട്ടിയുടെ പിതാവിന് ആരോപണവിധേയനായ ഒരു പോലീസുകാരനുമായി 14 വർഷത്തെ അടുത്ത പരിചയമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.