കൊച്ചി: മദ്യപിച്ച് മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തുന്നവർ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകും. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്.
സുരക്ഷാ ജീവനക്കാരുടെ പരിശോധനയിലോ സഹയാത്രികരുടെ പരാതിയിലോ പിടിക്കപ്പെടുന്നവർക്ക് 500 രൂപ പിഴയും ആറു മാസം വരെ തടവും അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക. ഭക്ഷണ സാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും മറ്റും മെട്രോയിൽ കയറ്റുന്നതിനു തടസമില്ലെങ്കിലും അവ ട്രെയിനിനകത്ത് ഉപയോഗിക്കുന്നതിനു അനുമതി ഇല്ല. മദ്യപാനം കൂടാതെ പുകവലിയും മൊബൈൽ ഫോണ് ഉച്ചത്തിൽ വച്ച് പാട്ടു കേൾക്കുന്നതും അടക്കമുള്ള കാര്യങ്ങളും അനുവദനീയമല്ല. ട്രെയിനകത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ലെന്നു മാത്രമല്ല സ്റ്റേഷനകത്തും ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് അനുവദനീയല്ല.
റെയിൽവെ നിയമത്തിനു സമാനമായ നിയമം തന്നെയാണ് മെട്രോ ട്രെയിനിലും സ്വീകരിക്കുക. 2002ൽ ഡൽഹി മെട്രോയ്ക്കായി രൂപപ്പെടുത്തിയ നിയമം 2009ൽ രാജ്യത്തെ മെട്രോ നിയമമായി വിപുലീകരിക്കുകയായിരുന്നു.
–