റിയാദ്: ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ ഞായറാഴ്ച നടന്ന അറബ് ഇസ്ലാമിക്ക് അമേരിക്കന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ രാജ്യക്കാരും തങ്ങളുടെ മണ്ണില്‍ ഭീകര സംഘടനകളുടെ താവളങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഭീകരതയ്‌ക്കെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അറബ്-ഇസ്ലാമിക് നേതാക്കളോടായി അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് അമേരിക്കയുടെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. വിശ്വാസപരമായോ സാംസ്‌ക്കാരികപരമായോ മതപരമായോ അല്ല ഈ യുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് മനുഷ്യ ജീവന്‍ വച്ച് പന്താടുന്ന ക്രിമനലുകള്‍ക്കെതിരെയുള്ള യുദ്ധമാണിതെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ മതത്തിലുള്ള ജനവിഭാഗത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.