കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു
konnivartha.com; കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് പ്രയോജനകരമായ ഇടപെടലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിപണിയില്‍ സര്‍ക്കാരിന്റേത് ജനകീയ ഇടപെടലാണ്. വിപുലമായ വിപണിയാണ് സപ്ലൈകോ ഒരുക്കിയിട്ടുള്ളത്. ഓണം ഫെയര്‍ റെക്കോഡ് വരുമാനം നേടിയിരുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി.
പൊതുവിതരണമേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് അധ്യക്ഷന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന്റെ ആദ്യ വില്‍പനയും അദേഹം നടത്തി.
പത്തനംതിട്ട നഗരസഭ കാര്യാലയത്തിന് എതിര്‍വശത്തെ റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ 2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയര്‍. പലവ്യഞ്ജനങ്ങളും അരിയും സബ്സിഡി നിരക്കിലും ഫ്രീ സെയില്‍ നിരക്കിലും ലഭിക്കും. കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം പൊതു വിപണിയില്‍ ലഭ്യമല്ലാത്ത സ്പെഷ്യല്‍ കോമ്പോ ഓഫറുമുണ്ട്. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും മില്‍മ സ്റ്റാളും ഇതിനൊപ്പം പ്രവര്‍ത്തിക്കും.
പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ സി കെ അര്‍ജുനന്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ ആര്‍ രാജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ജേക്കബ്, ബി ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
