ശബരിമല വാര്‍ത്തകള്‍ ( 21/12/2025 )
ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം: പോലീസ്
പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം ലംഘിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.
മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം
ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്‍കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായര്‍ തുടക്കംകുറിച്ചു.
പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ടീമും ഇക്കാര്യം മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇടവിട്ട് മെഗാഫോണിലൂടെ ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നുണ്ട്.
അയ്യപ്പസന്നിധിയില്‍ സന്നദ്ധ സേവനവുമായി നീലഗിരിയില്‍ നിന്നുള്ള യുവാക്കള്‍
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്ള വിക്കി എന്ന വിഘ്‌നേശ് ബാംഗ്ലൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ജോലിയില്‍ നിന്നും അവധിയെടുത്ത് ഈ ശബരിമല തീര്‍ഥാടന കാലത്ത് സന്നദ്ധ സേവനം നടത്തുകയാണ് വിക്കിയും കൂട്ടരും. വിക്കി മാത്രമല്ല സൂര്യ, രഞ്ജിത്ത്, ആര്‍. പ്രദീപ്, ഷാറൂണ്‍, അമര്‍ദേശ് തുടങ്ങി 68 പേരുടെ സംഘമാണ് ശബരിമലയില്‍ സന്നദ്ധസേവനത്തിന് എത്തിയിട്ടുള്ളത്.
സന്നിധാനത്തേക്കുള്ള വഴികളില്‍ ക്ഷീണിതരായി തളര്‍ന്നുപോകുന്നവരെയും പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്നവരെയും സ്‌ട്രെച്ചറില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന സ്‌ട്രെച്ചര്‍ സംഘത്തിലെ അംഗങ്ങളാണ് ഈ യുവാക്കള്‍. മാനവസേവയാണ് യഥാര്‍ഥ മാനവസേവയെന്ന് തിരിച്ചറിഞ്ഞാണ് ടീം ലീഡര്‍ ജിനീഷ് ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇവരുടെ സൗജന്യസേവനം. മലയാളികള്‍ ഉള്‍പ്പടെ ഊട്ടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ സംഘത്തിലുണ്ട്. കഴിഞ്ഞ 6 വര്‍ഷത്തിലധികമായി ഇവര്‍ സൗജന്യ സേവനത്തിന് ശബരിമലയിലെത്തുന്നു. എല്ലാവരും നാട്ടില്‍ വിവിധ ജോലി ചെയ്യുന്നവരാണ്. എല്ലാ മണ്ഡലകാലത്തും സന്നദ്ധസേവനത്തിനായി ഇവര്‍ ശബരിമലയിലെത്തും. ദേവസ്വം ബോര്‍ഡിന്റെ ഏകോപനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.
പാണ്ടിത്താവളം, അപ്പാച്ചിമേട്, ശരംകുത്തി, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിലായി ഏഴംഗ സംഘമായി തിരിഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം.
സത്രം പുല്ലുമേട് കാനനപാത വഴി സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരില്‍ അവശതയനുഭവിക്കുന്നവരെ സ്‌ട്രെച്ചറില്‍ സന്നിധാനത്തേക്കും വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമായി എത്തിക്കുകയാണ് പാണ്ടിത്താവളത്തിലുള്ളവര്‍. പുല്ലുമേട് വഴിയുള്ള കാനനപാത താണ്ടുന്ന പ്രായാധിക്യം മൂലം അവശരായി പോകുന്ന നിരവധി പേരെയാണ് ഇവര്‍ സ്‌ട്രെച്ചറില്‍ പാണ്ടിത്താവളത്തിലെത്തിക്കുന്നത്. പാണ്ടിത്താവളത്തിലെ നവം വകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ട്രെച്ചറുമായി സംഘം കാടു കയറുന്നത്. അവശരാകുന്ന അയ്യപ്പന്മാരെ സ്‌ട്രെച്ചറില്‍ ചുമലിലേറ്റി ഇവര്‍ അതിവേഗം പാണ്ടിത്താവളത്തിലെത്തും. ആവശ്യമുള്ളവര്‍ക്ക് വൈദ്യ പരിശോധന ലഭ്യമാക്കും.
മികച്ച ശാരീരിക ക്ഷമതയുള്ളവര്‍ മാത്രമേ കാനനപാത തിരഞ്ഞെടുക്കാവൂ എന്ന് ഇവര്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലെ മനോഹര ദൃശ്യങ്ങള്‍ക്കപ്പുറം കഠിനമായ കാനനപാത താണ്ടാന്‍ കുറച്ച് പ്രയാസം നേരിടേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ നിന്ന് സന്നദ്ധ സേവനത്തിന് താല്‍പര്യമുള്ള യുവാക്കള്‍ മുന്നോട്ട് വരണമെന്ന് ടീം ലീഡര്‍ ജിനീഷ് പറയുന്നു. ഒരു മാസത്തോളമായി ജിനീഷ് ഇവിടെ സേവനം നല്‍കിവരികയാണ്. 10 ദിവസത്തേക്കാണ് ഒരു പോയിന്റില്‍ ഒരു ടീം സേവനം ചെയ്യുക. തുടര്‍ന്ന് അടുത്ത ടീം എത്തും. ഈ രീതിയില്‍ ഓരോ പോയിന്റിലും മാറി മാറിയാണ് ഇവരുടെ സേവനം. വനംവകുപ്പും പോലീസും എല്ലാവിധി പിന്തുണയും നല്‍കുന്നുണ്ടെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ഇവരുടെ സേവനം അടയന്തരഘട്ടങ്ങളില്‍ ഏറെ വിലപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു
ക്ഷീണിച്ചെത്തുന്ന അയ്യപ്പന്മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കി പോലീസ്
പമ്പയില്‍ നിന്ന് മലകയറി ക്ഷീണിച്ചെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കി ആശ്വാസമേകുകയാണ് കേരള പോലീസിന്റെ സ്റ്റുഡന്റ് പോലീസ് സംഘം.
ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിനു മുന്‍പ് ഗവണ്‍മെന്റ് ആശുപത്രിക്ക് എതിര്‍വശത്തായി ആരംഭിച്ച തീര്‍ഥാടക സഹായ കേന്ദ്രത്തിലാണ് ഗ്ലൂക്കോസ് വിതരണം. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായര്‍ ഗ്ലൂക്കോസ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ അലുംമ്‌നിയാണ് ഗ്ലൂക്കോസ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. 16 കേഡറ്റുകളാണ് സന്നിധാനത്ത് വിവിധയിടങ്ങളിലായി അയ്യപ്പ ഭക്തന്മാര്‍ക്ക് സേവനം നല്‍കാനായി രംഗത്തുള്ളത്. 24 മണിക്കൂറും ഗ്ലൂക്കോസ് വിതരണവും തീര്‍ഥാടക സഹായ കേന്ദ്രത്തിന്റെ സേവനവും ലഭ്യമാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
എഎംഎം എച്ച്എസ്എസ് ഇടയാറന്‍മുള, എംആര്‍എസ് വടശേരിക്കര, എസ്എന്‍വി എച്ച്എസ്എസ് & വിഎച്ച്എസ്എസ് അങ്ങാടിക്കടവ്, സെന്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകളാണ് ഗ്ലൂക്കോസ് വിതരണ കൗണ്ടറിലുള്ളത്. തീര്‍ഥാടക സഹായ കേന്ദ്രം ഹെല്‍പ്പ് ലൈന്‍-14432, എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍- 04735 203232
