സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും
വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു
ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കും. എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന എക്സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിലാണ് തീരുമാനം.
ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് ഉല്‍പാദനം, വിതരണം തടയാന്‍ വിപുലമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂറുമുള്ള എക്സൈസ് കണ്‍ട്രോള്‍ റൂമും രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റും രൂപീകരിച്ചു.
സംശയാസ്പദമായ സാഹചര്യത്തില്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും ഷാഡോ എക്സൈസ് ടീമും സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും.
ജില്ലയിലെ പ്രധാനപാതകളില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കളുടെ വില്‍പന തടയാന്‍ പരിശോധന നടത്തും.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 2328 റെയ്ഡ് നടത്തി. 485 അബ്കാരി കേസില്‍ 449 പേരെ അറസ്റ്റ് ചെയ്തു. 114 എന്‍ഡിപിഎസ് കേസില്‍ 106 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി- എന്‍ഡിപിഎസ് കേസില്‍ 21,110 രൂപയും ഒമ്പത് വാഹനവും പിടിച്ചെടുത്തു. 2697 കോട്പാ കേസുകളിലായി 205.515 കിലോ ഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് 5,39,000 രൂപ പിഴ ഈടാക്കി.
പൊലിസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ 485 അബ്കാരി കേസില്‍ 2,867 ലിറ്റര്‍ കോട, 637 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 41 ബിയര്‍, 48 ലിറ്റര്‍ കള്ള്, 32.5 ലിറ്റര്‍ ചാരായം, 3.5 ലിറ്റര്‍ വ്യാജമദ്യം എന്നിവ കണ്ടെത്തി.
കള്ള് ഷാപ്പുകളില്‍ 616 പരിശോധന നടത്തി 108 സാമ്പിള്‍ ശേഖരിച്ചു രാസപരിശോധനയ്ക്ക് അയച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം സൂരജ്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍, മദ്യവര്‍ജനസമിതി സംസ്ഥാന സെക്രട്ടറി ബേബികുട്ടി ഡാനിയേല്‍, പോലീസ് ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
