
konnivartha.com: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ഇടത്താവളവികസനം, വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങും. മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുന്ന തീര്‍ഥാടനകാലത്തിനായുള്ള പ്രവൃത്തികള്‍ നേരത്തെ ആരംഭിക്കുന്നതിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകും.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനും പോലിസ് പ്രത്യേക ശ്രദ്ധപതിപ്പിക്കും. തീര്‍ഥാടകര്‍ക്ക് പന്തളം ഇടത്താവളത്തില്‍ താമസിക്കുന്നതിന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിംഗ് സുഗമമാക്കുന്നതിനും നടപടിസ്വീകരിക്കും. ശൗചാലയ സംവിധാനം വൃത്തിപൂര്‍വവും പ്രകൃതിസൗഹൃദമായും നിര്‍മിക്കും.
അച്ചന്‍കോവിലാറിന്റെ തീരത്ത് വേലികെട്ടി അപകടസ്ഥലങ്ങളില്‍ ഇറങ്ങുന്നതിനെതിരെ സുരക്ഷ ഒരുക്കും. അലോപതി-ആയുര്‍വേദ-ഹോമിയോ വകുപ്പുകളുടെ സേവനം ഉണ്ടാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതമായ ഇടവേളകളില്‍ പരിശോധന നടത്തും. വിവിധ ഭാഷകളിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നശേഷം സെപ്റ്റംബര്‍ 27 ന് പന്തളത്ത് വീണ്ടും ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, കെ. സുന്ദരേശന്‍, പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ എന്‍. ശ്രീധര ശര്‍മ, ദേവസ്വം എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ എസ്. വിജയമോഹന്‍, അടൂര്‍ ആര്‍.ഡി.ഒ ബി. രാധാകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി അംഗങ്ങള്‍, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു