Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/03/2024 )

പുരസ്‌കാര വിതരണം നടത്തി

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഞങ്ങളുടെ ദുരന്തനിവാരണം എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലേലി ജിജെഎംയുപി സ്‌കൂളിലെ ശ്രീയ ഷിജുവും മൂന്നാം സ്ഥാനം തിരുവല്ല എംജിഎംഎച്ച്എസ്എസിലെ ഹെലെന ആന്‍ ജേക്കബും സ്വന്തമാക്കി.

ബയോബിന്‍ വിതരണം ചെയ്തു

ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ 2023 – 2024 പദ്ധതി പ്രകാരമാണ് പഞ്ചായത്തിലെ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍  പ്രസിഡന്റ് ഏബ്രഹാം തോമസ് ബയോ ബിന്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, ടി വി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രന്‍, അശ്വതി,സുജ, രജിത, ദാസ്, ലിബിന്‍, വിലാസിനി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നടത്തി

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് ആക്കിയ 49-ാം  നമ്പര്‍ വാരണേത്തു അങ്കണവാടിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്പഞ്ചായത്ത് അംഗം  കെ എസ് രാജലക്ഷ്മി നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്പഞ്ചായത്തിന്റെയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പ്രോജക്ടായ അങ്കണവാടി സ്മാര്‍ട്ടാക്കല്‍ പദ്ധതി പ്രകാരം 2023 -24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് അങ്കണവാടി സ്മാര്‍ട്ട് ആക്കിയത്.

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍ -ഔട്ട്ഡോര്‍ കളിയുപകരണങ്ങള്‍, കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ തുടങ്ങിയവയും പദ്ധതി പ്രകാരം നല്‍കിയിട്ടുണ്ട്.  കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിപിഒ ഡോ. ആര്‍ പ്രീതാ കുമാരി   വിഷയാവതരണം നടത്തി.

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍  നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്വപ്ന ചന്ദ്രന്‍, അങ്കണവാടി വര്‍ക്കര്‍ ശ്രീദേവിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു

വനിതാ ദിനാഘോഷവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പോസിറ്റീവ് പേരന്റ്‌റിംഗ്  സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയും പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍  ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജി ആര്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ ഡെസ്‌കിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ  ഭാഗമായുള്ള  പോസിറ്റീവ് പേരന്റ്‌റിംഗ് സംബന്ധിച്ച്  രക്ഷിതാക്കള്‍ക്കു ബോധവല്‍ക്കരണ ക്ലാസ് നടന്നു.  കടപ്ര, നെടുമ്പ്രം, നിരണം, പെരിങ്ങര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ പങ്കെടുത്തു. ലൈഫ് സ്‌കില്‍ പരിശീലകരായ ഉമാദേവി,ഷീലു എം ലൂക് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ശിശുവികസന പദ്ധതി ഓഫീസര്‍  ഡോ. ആര്‍. പ്രീതാ കുമാരി എന്നിവര്‍
വിഷയാവതരണം നടത്തി.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം,  ആരോഗ്യ-വിദ്യാഭ്യാസ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സോമന്‍ താമരച്ചാലില്‍, ബ്ലോക്ക് അംഗങ്ങളായ  ചന്ദ്രലേഖ, രാജലക്ഷ്മി, ജിനു തോമ്പുംകുഴി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു ജിങ്കാ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്ക്യുഎംഎല്‍) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ വേതനം 15000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.supplycokerala.comwww.cfrdkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0468 2961144

വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നത്തിനു 13ന് മേലെ വെട്ടിപ്പുറത്തുള്ള  ഭാരതീയ ചികിത്സാ വകുപ്പ് (ഡിഎംഒ, ഐഎസ്എം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഒഴിവുകള്‍: സ്ത്രീ – ഒന്ന്, പുരുഷന്‍ ഒന്ന്. യോഗ്യത: കേരള ഗവണ്മെന്റ് അംഗീകൃത (ഡിഎഎംഇ) ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പഠിച്ചവര്‍. പ്രായപരിധി : മാര്‍ച്ച് ഒന്നിന് 40 വയസ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അന്നേ ദിവസം ഉച്ചക്ക് 12 ന് ഓഫീസില്‍ ഹാജരാകണം. വെബ്സൈറ്റ്:  www.namkerala.gov.in    

ത്സ്യകുഞ്ഞുങ്ങളെ പമ്പാ നദിയില്‍ നിക്ഷേപിച്ചു
ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ പമ്പാ നദിയില്‍ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആറന്മുള പരപ്പുഴകടവില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മഞ്ഞക്കൂരി, കാരി, കല്ലേമുട്ടി, വയമ്പ് എന്നീ നാടന്‍ മത്സ്യ കുഞ്ഞുങ്ങളെയാണ് പമ്പാ നദിയില്‍ നിക്ഷേപിച്ചത്.

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേത്യത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ബി.എം.സി കളുടെ സഹകരണത്തോടെ മത്സ്യങ്ങളെ നാട്ടുകുളങ്ങളിലും വീട്ടുകുളങ്ങളിലും സംരക്ഷിച്ച ശേഷം മത്സ്യകുഞ്ഞുങ്ങളെ പുഴകളില്‍ തിരികെ വിടാനുള്ള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി, തോട്ടപ്പുഴശരി, ആലപ്പുഴ ജില്ലയിലെ മാന്നാര്‍, പാനാട്,  കോട്ടയം ജില്ലയിലെ കോരുത്തോട് എറണാകുളം ജില്ലയിലെ രാമമംഗലം, വാളകം. തൃശ്ശൂര്‍ ജില്ലയിലെ അന്നമനട, കൂഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍  മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബി.എം.സി ചെയര്‍പേഴ്‌സണുമായ മിനി ജിജു ജോസഫ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍ മാത്യു, ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് വത്സല വാസു, അംഗങ്ങളായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സി.ആര്‍ സതീദേവി, ഉത്തമന്‍ പുരുഷോത്തമന്‍, കെ.എസ്.ബി.ബി. അംഗം ഡോ. കെ സതീഷ്‌കുമാര്‍, കെ.എസ്.ബി.ബി റിസര്‍ച്ച് ഓഫീസര്‍ ഡോ കെ ശ്രീധരന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, ബി.എം.സി. കണ്‍വീനര്‍ പി.കെ ഉണ്ണികൃഷ്ണന്‍, ബി.എം.സി. അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

 

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വീടിന്റെ വയറിങ്ങ്, ഹോസ്പിറ്റല്‍ വയറിങ്ങ്, തീയറ്റര്‍ വയറിങ്ങ്, ലോഡ്ജ് വയറിങ്ങ്, ടു വേ സ്വിച് വയറിങ്ങ്, ത്രീ ഫേസ് വയറിങ്ങ്  എന്നിവയുടെ സൗജന്യ സര്‍ട്ടിഫിക്കേറ്റ് അധിഷ്ഠിത പരിശീലനം ആരംഭിക്കുന്നു. കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ചെയ്യണം.

ജില്ലയില്‍ 687 ഹരിത സ്ഥാപനങ്ങളെ കണ്ടെത്തി ഹരിത കേരളം മിഷന്‍

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത സ്ഥാപനങ്ങളെ കണ്ടെത്തി ഗ്രേഡ് നല്‍കുന്ന പ്രവര്‍ത്തനം ജില്ലയില്‍ നടന്നുവരുന്നു. ഹരിത പെരുമാറ്റചട്ടം പാലിക്കല്‍, ശുചിത്വം, ഇ-മാലിന്യം കൈകാര്യം ചെയ്യല്‍ , ഖര-ദ്രവ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളും  നേട്ടങ്ങളും പരിഗണിച്ചാണ് സ്ഥാപനങ്ങളെ കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ ഘടകസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി ജില്ലയിലെ 1178 സ്ഥപാനങ്ങളിലാണ് പരിശോധന നടന്നത്. 687 സ്ഥാപനങ്ങള്‍ക്ക് ഹരിത സ്ഥാപന ഗ്രേഡിംഗ് ലഭിച്ചു. 152 സ്ഥാപനങ്ങള്‍ക്ക് എപ്ലസ് ഗ്രേഡും 535 സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡുമാണുളളത്.

error: Content is protected !!