Trending Now

ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന്

 

konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട ജില്ലാ കൺവീനർ പി. സക്കീർ ശാന്തിയും, ജില്ലാ രക്ഷാധികാരി സുനീൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു.

സിനിമയുടെ വിവിധ മേഖലകളിൽ ലാലു അലക്സ് നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ് ഭാഷകളിലായി 250 ൽഅധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ് , സെൻ ലാലു അലക്സ് , സിയ ലാലു അലക്സ് എന്നിവർ മക്കളാണ് .

എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത 1978 ജനുവരി 20ന് റിലീസ് ചെയ്ത ” ഈ ഗാനം മറക്കുമോ ” എന്നസിനിമയിൽ സഹനടനായി വിക്രമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരങ്ങേറ്റം നടത്തി.അഞ്ച് തമിഴ് സിനിമകളിലും ( വാലിബമെ വാ വാ , ജീവ , എയർപോർട്ട് , ബിമാ, സാന്റൽ ) അദ്ദേഹം അഭിനയിച്ചു.

2004ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും (മഞ്ഞുപോലൊരു പെൺക്കുട്ടി ) ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്സ്, ഏഷ്യാനെറ്റ് , അമൃത ,മാതൃഭൂമി , കല അബുദാബിയുടെ കലാരത്നം , സൗദി അറേബ്യയിലെ എറണാകുളം പ്രവാസി അസോസിയേഷൻ നൽകിയ അഭിനയ കീർത്തി പുരസ്കാരവും അദ്ദേഹം നേടി.

മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020 ) , സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് എറണാകുളത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!