നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന നീര്‍ച്ചാല്‍ മാപ്പിങ്ങിന് റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടുകള്‍ ഫീല്‍ഡ് സര്‍വേയിലൂടെ കണ്ടെത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡിജിറ്റല്‍ മാപ്പിംഗ് നടത്തുന്ന പ്രവര്‍ത്തനമാണ് മാപ്പത്തോണ്‍.
ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന ജലസംരക്ഷണ – ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളിലൂടെ ഒഴുകുന്ന മുണ്ടിയന്തറ ഒഴുവന്‍പാറത്തോട് ഡിജിറ്റല്‍ മാപ്പിങ് ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നവകേരളം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ അനീഷ് ഫിലിപ്പ്, സീമ മാത്യു, അസിസ്റ്റന്റ് സെക്രട്ടറി എ.എസ് പ്രദീപ്, തൊഴിലുറപ്പ് പദ്ധതി എഞ്ചിനിയര്‍മാരായ മനു, അരുണ്‍, നവകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍സ് , തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.