Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (24/01/2023)

ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ കീഴില്‍ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2 333 037.

ദേശീയ സമ്മതിദായക ദിനാഘോഷം: യോഗം 
ദേശീയ സമ്മതിദായക ദിനാഘോഷവുമായി ബന്ധപ്പെട്ട്  (25/01/2023) വൈകിട്ട് മൂന്നിന് പത്തനംതിട്ട കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, യുവജന സംഘടനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.രാജലക്ഷമി അറിയിച്ചു.

ആര്‍.ടി.എ യോഗം 27ന്
മോട്ടോര്‍ വാഹന വകുപ്പ് ആര്‍.ടി.എ യോഗം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 27ന് രാവിലെ 11ന് ചേരുമെന്ന് ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ ദിലു അറിയിച്ചു.

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് 2021
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് 2021-ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വരെ ലേബര്‍കമ്മീഷണറുടെ www.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 324 947.

റാങ്ക്പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നം. 419/2017) തസ്തികയുടെ 17/12/2019ല്‍ നിലവില്‍ വന്ന 625/2019/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്‌സിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡിജിപിഎസ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറുമാസത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഇന്ന് (ജനുവരി 25ന്) രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.

ഉന്നതവിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.
2022 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കലണ്ടര്‍ വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസ്സായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി, ടിടിസി, ഐറ്റിഐ, പോളീടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ഡി.എഡ്, മെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറം ഇമെയില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 31ന് വൈകിട്ട് അഞ്ച് മണി വരെ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0468 2 327 415.
താല്‍പ്പര്യപത്രം ക്ഷണിക്കുന്നു
സ്വകാര്യ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാഹന നിര്‍മ്മാണ വിപണന സര്‍വീസ്, ഹോട്ടല്‍ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമര്‍ ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ പരിശീലനവും തൊഴിലും ഉറപ്പു നല്‍കുന്ന കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (2022-23) എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വകാര്യ സംരംഭകരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, താല്‍പ്പര്യപത്രം ക്ഷണിച്ചു. താല്‍പ്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0484 2 983 130 (എറണാകുളം മേഖലാ ആഫീസ്).
വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ടമായി വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിക്കും. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം രണ്ടാംഘട്ടം എന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ നടത്തുവാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജനുവരി 26 മുതല്‍ 30 വരെയാണ് ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പൊതുസ്ഥലങ്ങളിലെ മാലിന്യകൂനകളും മാലിന്യ നിക്ഷേപണ കേന്ദ്രങ്ങളും കണ്ടെത്തി പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി പ്രസ്തുത സ്ഥലങ്ങള്‍ ആകര്‍ഷകമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌കൂള്‍ കോളേജ്, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വോളന്റിയര്‍മാര്‍, വിവിധ തലങ്ങളിലുളള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്
ടെന്‍ഡര്‍ ക്ഷണിച്ചു
തെങ്ങമം ഗവ. ഹയര്‍സെക്കണ്ടറി വിദ്യാലയത്തില്‍ ലാബോറട്ടറി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ട് മണി വരെ

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ:ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്തെ നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9846 033 001.

 

ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ അഭിമുഖം 28 മുതല്‍

സര്‍വെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വെ ഹെല്‍പ്പര്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 നവംബര്‍ 20ന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ എഴുത്ത് പരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 28, 30, 31 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടക്കും. അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലായി ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
അടൂരില്‍ ‘ലഹരിയില്ലാ തെരുവ്’ : ഡെപ്യുട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’ ബോധവല്‍ക്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂരില്‍  (25/01/2023) ‘ലഹരിയില്ലാ തെരുവ്’ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അടൂര്‍ പുതിയ പാലത്തിന് സമീപം വിവിധ സ്‌കൂള്‍, കോളജ് കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെ അവതരിപ്പിക്കും.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ‘ലഹരിയില്ലാ തെരുവ്’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ അതിഥി ആയിരിക്കും. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ലിംഗ പദവി സമത്വം; ബോധവല്‍കരണ പരിപാടി 
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (25/01/2023) ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ മതമേലധ്യക്ഷന്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി ശൈശവ വിവാഹ നിരോധന നിയമം 2006, പൊന്‍വാക്ക് എന്നിവയെകുറിച്ചുളള ലിംഗ പദവി സമത്വം സംബന്ധിച്ച്  ജില്ലാ തലത്തില്‍ ബോധവല്‍കരണ പരിപാടി നടത്തുമെന്ന് ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525, ഇ-മെയില്‍ : [email protected]
 പ്രകൃതികൃഷി പരിശീലനം, കാര്‍ഷിക മേള, പ്രദര്‍ശനം എന്നിവയ്ക്ക് തുടക്കമായി
മണ്ണിലെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തികൊണ്ട് ഭക്ഷ്യശൃംഖലെയെ മെച്ചപ്പടുത്തി മികച്ച പോഷകദായകങ്ങളായ ആഹാര പദാര്‍ത്ഥങ്ങള്‍ മനുഷ്യരാശിക്കു ലഭ്യമാക്കുന്നതിന് പ്രകൃതി കൃഷി അനിവാര്യമാണെന്ന് തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി കൃഷി പദ്ധതിയോടുനിബന്ധിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് – പുളിക്കീഴ് ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍  തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ ആരംഭിച്ച ‘പ്രകൃതികൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവും മുന്‍ എം.എല്‍.എയുമായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി  മുഖ്യാതിഥിയായിരുന്നു.
ഏറ്റവും നീളം കൂടിയ ചേമ്പ് ഇല ഉല്പാദിപ്പിച്ച് ഗിന്നസ് റിക്കോഡ് കരസ്ഥമാക്കിയ റാന്നി പുല്ലൂപ്രം കടക്കേത്ത് റെജി ജോസഫിനെയും പ്രകൃതി കൃഷി പ്രചാരകനായ ഓമനകുമാറിനെയും ചടങ്ങില്‍ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ആദരിച്ചു. തിരുവല്ല മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും കാര്‍ഷികമേളയുടെയും, പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹക്കുകയും ചെയ്തു.
പ്രകൃതി കൃഷി പദ്ധതിയുടെ വിശദീകരണം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എന്‍.ഡബ്ല്യു.ഡി.പി.ആര്‍.എ) വി.ജെ റെജി എന്നിവര്‍ നിര്‍വഹിച്ചു. പ്രകൃതി കൃഷി വീഡിയോ പ്രകാശനം കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ് നിര്‍വഹിച്ചു.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും കര്‍ഷകരുടെയും ഇതര സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കാര്‍ഷിക പ്രദര്‍ശനവും വിപണനവും സജ്ജീകരിച്ചു. തുടര്‍ന്ന് നടന്ന പ്രകൃതി കൃഷിയുടെ സാധ്യതകളും വിവിധ ഉത്പാദന ഉപാധികളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഗ്രോണമി വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ്  വിനോദ് മാത്യു പരിശീലനത്തിന് നേതൃത്വം നല്‍കി.
ഇന്ന് (25) നടക്കുന്ന പ്രകൃതി കൃഷിയിലെ രോഗ കീട നയന്ത്രണം, നാടന്‍ പശുപരിപാലനം, ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മ്മാണ രീതികള്‍ എന്നീ വിഷയങ്ങളിലെ പരിശീലനം നടക്കും. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ്മാരായ അലക്സ് ജോണ്‍, ഡോ. സെന്‍സി മാത്യു, കര്‍ഷകന്‍ ഓമനകുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കാര്‍ഷിക മേളയും, പ്രദര്‍ശനവും 25ന് സമാപിക്കും.
തിരുവല്ല മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സാറാമ്മ ഫ്രാന്‍സിസ്, ഷീജ കരിമ്പിന്‍കാല, കൃഷി അസ്സി. ഡയറക്ടര്‍ ജാനറ്റ് ഡാനിയേല്‍, മാമ്മന്‍ മത്തായി നഗര്‍ റസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ദീപക്ക് മാമ്മന്‍ മത്തായി എന്നിവര്‍ പങ്കെടുത്തു
error: Content is protected !!