
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിച്ചു. നട അടച്ച ശേഷം താക്കോല്‍ ദേവസ്വം എക്സിക്യൂട്ടീവ്ഓഫീസര്‍ എച്ച് കൃഷ്ണകുമാറിന് കൈമാറി. ഇനി കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും.
ഉത്സവത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച രാത്രി മാളികപ്പുറത്ത് ഗുരുതി നടന്നു. ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി ഒന്‍പതിന് ഹരിവരാസനം പാടി ശബരീശ നട അടച്ച ശേഷമാണ് ഗുരുതി നടത്തിയത്. ശനിയാഴ്ച നെയ്യഭിഷേകം ഉണ്ടായിരുന്നില്ല. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു.
മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബര്‍ 30നും മണ്ഡലകാല മഹോത്സവത്തിനായി നവംബര്‍ 16നുമാണ് നട തുറന്നത്. മണ്ഡല -മകരവിളക്ക് കാലം അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് സാക്ഷ്യം വഹിച്ചത്.