Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 31/10/2022)

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി മാറ്റിവെച്ചു
പരുമല പെരുനാള്‍ പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധിയായതിനാല്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന ഡി 03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി നവംബര്‍ മൂന്നിലേക്ക് മാറ്റിയതായി പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

 

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി.

 

ജില്ലയിലെ തിരുവല്ല, അടൂര്‍, പത്തനംതിട്ട, പന്തളം എന്നീ നാല് മുനിസിപ്പാലിറ്റികള്‍ക്ക് ഈ പദ്ധതി പ്രകാരം 27.70 കോടി രൂപയാണ് അഞ്ച് വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേരള സര്‍ക്കാരും ലോകബാങ്കും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. നിലവിലുള്ള ഖരമാലിന്യപരിപാലന പദ്ധതികള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും നൂതന ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി തുകയുടെ പത്തു ശതമാനമാണ് ഈ വര്‍ഷം ഓരോ മുനിസിപ്പാലിറ്റികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. തിരുവല്ല മുനിസിപ്പാലിറ്റിക്ക് 88,53,500 രൂപയും, പത്തനംതിട്ട നഗരസഭയ്ക്ക് 63 ലക്ഷം രൂപയും അടൂര്‍ നഗരസഭയ്ക്ക് 48,99680 രൂപയും പന്തളം നഗരസഭയ്ക്ക് 64,61750 രൂപയുടെ പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ബ്ലോക്ക്തല യോഗങ്ങള്‍ ഈ മാസം 14, 15, 16 തീയതികളില്‍ ചേരാനും ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ആസൂത്രണസമിതി അംഗങ്ങളായ വി.ടി. അജോമോന്‍, സി.കെ. ലതാകുമാരി, ലേഖ സുരേഷ്, ബീന പ്രഭ, ആര്‍.അജയകുമാര്‍, ജിജി മാത്യു, രാജി ചെറിയാന്‍, പി.കെ. അനീഷ്, ആര്‍. തുളസീധരന്‍പിള്ള, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം: കൂടിക്കാഴ്ച നവംബര്‍ അഞ്ചിന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിലേക്ക് റിസോഴ്സസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ അഞ്ചിന് രാവിലെ 10:30ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. എന്‍എസ്‌ക്യൂഎഫ് കോഴ്‌സായ സിഇറ്റി പാസായവരോ, അസാപ്പിന്റെ സ്‌കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ലയില്‍ ബന്ധപ്പെടാം. ഫോണ്‍: 0469 2 600 181.

ലഹരി വിരുദ്ധ കാമ്പയിന്‍: ദീപശിഖാ പ്രയാണം
തിരുവല്ല മാര്‍ത്തോമാ കോളേജില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ ദീപശിഖാ പ്രയാണത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി നിര്‍വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവ് വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണം നടത്തി. അസി.പ്രൊഫ. റെനോഷ് ടോം,(കണ്‍വീനര്‍, ആന്റീ ഡ്രഗ് സെല്‍, തിരുവല്ല മാര്‍ത്തോമാ കോളേജ്),  അസി.പ്രൊഫ.എലിസബത്ത് ജോര്‍ജ് (പ്രോഗ്രാം ഓഫീസര്‍, മാര്‍ത്തോമാ കോളേജ്, തിരുവല്ല) തുടങ്ങിയവര്‍ പങ്കെടുത്തു. എസ്‌സി സ്‌കൂള്‍, ബാലികാമഠം, കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് തിരുവല്ല എന്നിവിടങ്ങളില്‍ തെരുവുനാടകാവതരണവും നടത്തി. ജില്ലയിലെ വിവിധ ഇടങ്ങളിലും വിദ്യാലയങ്ങള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സാമൂഹ്യ സന്നദ്ധ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ കര്‍മ്മ പദ്ധതികളുമാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.

 

ജലമേള; യോഗം ഒന്‍പതിന്
നീരേറ്റുപറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ നാലിന് നടക്കുന്ന പമ്പാ ജലമേളയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതിലേക്ക് നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേരും.

എന്‍സിവിറ്റി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2014 മുതല്‍ 2017 ആഗസ്റ്റ് വരെ എന്‍സിവിറ്റി ട്രേഡുകളില്‍ പ്രവേശനം നേടിയതും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരും ആയ ട്രെയിനികളില്‍ നിന്നും, 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്നും 2022 നവംബറില്‍ നടക്കുന്ന എന്‍സിവിറ്റി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിതഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. സിബിറ്റി ഫീസായ 163 രൂപയും രജിസ്ട്രേഷന്‍ ഫീസായ 50 രൂപയും നവംബര്‍ 10നകം പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അനുബന്ധരേഖകള്‍ സഹിതം അന്നേ ദിവസം വൈകുന്നേരം നാലിനകം പ്രിന്‍സിപ്പല്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 259 952.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അസീറ ഖാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സാഹിത്യ മത്സരം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോന്നി ബ്ലോക്ക്തല സാഹിത്യ മത്സരങ്ങള്‍ നവംബര്‍ രണ്ടിന് അരുവാപ്പുലം ഗവ, എല്‍പി സ്‌കൂളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍. ഫോണ്‍ : 9495 112 604.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടാക്‌സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (ഏഴ് സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 1500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താതപര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.

error: Content is protected !!