Trending Now

പത്തനംതിട്ടയും കോന്നിയും കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടുകള്‍ : സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും തുണിക്കടയും കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം

Spread the love

 

konnivartha.com/ പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാരക്കണ്ണുകള്‍. വരുമാനമാര്‍ഗം കാണിക്കാന്‍ കഴിയാതെ ലക്ഷങ്ങള്‍ ചെലവഴിച്ചവര്‍ക്കെതിരേയാണ് ഇഡിയുടെ അന്വേഷണം.പത്തനംതിട്ടയില്‍ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാപാരികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട ടൗണ്‍, കോന്നി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൂപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി ഓഫീസ് ഉണ്ടായിരിക്കേ കോന്നിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇവരുടെ യോഗം ചേര്‍ന്നതും സംശയത്തിന് ഇട നല്‍കി.

പത്തനംതിട്ടയില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍, കോന്നിയില്‍ തുണിക്കട, അടുത്തു തന്നെ ആരംഭിക്കാന്‍ പോകുന്ന സ്ഥാപനം എന്നിവയാണ് നിരീക്ഷിക്കപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പലരും ഒരു കോടി രൂപ വരെ ചെലവഴിച്ചു.

സാമ്പത്തികമായി അത്ര ശേഷിയില്ലാത്തവര്‍ കട തുടങ്ങാനുള്ള മുറിക്ക് 40 മുതല്‍ 60 ലക്ഷം വരെ ഡെപ്പോസിറ്റ് നല്‍കിയതായി ഇഡി കണ്ടെത്തി. കടകളിലേക്ക് ഒരു കോടി രൂപയുടെ വരെ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തു. സമീപകാലത്ത് പൊടുന്നനെ അപ്രത്യക്ഷമായ ട്രസ്റ്റുകളുടെ നീക്കവും പരിശോധിച്ച് വരുന്നുണ്ട്.

പത്തനംതിട്ട, കോന്നി എന്നിവയ്ക്ക് പുറമേ മണ്ണഞ്ചേരി, ഫാറൂഖ്, തൃക്കരിപ്പൂര്‍ , കരുനാഗപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലെ ഇടപാടുകളാണ് അന്വേഷണ പരിധിയില്‍. കേന്ദ്ര  ഇന്റലിജന്‍സും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!