സാധാരണരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള യത്നവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുക ആണെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ് തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് പ്രചരണ പരിപാടികളും പ്രദര്‍ശനങ്ങളും നടത്തുന്നത്. ജനങ്ങളുടെ അതാതു കാലത്തെ ആവശ്യങ്ങള്‍ പരിഗണിച്ചും ഓരോ മേഖലയിലും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സ്വാംശീകരിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അധികം ശ്രദ്ധിക്കാതിരുന്ന പല മേഖലകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നുണ്ട്.
റോഡുകളും പാലങ്ങളും ഗതാഗത മാര്‍ഗങ്ങളും മെച്ചപ്പെടുന്നതിനൊപ്പം തന്നെ കേരളത്തിനെ വൈജ്ഞാനികസമൂഹമായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എംപ്ലോയിസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ. പ്രകാശ് ബാബു, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ഉഷാകുമാരി മാടമണ്‍, തിരുവല്ല കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.സാമുവേല്‍, പ്രചരണ സമിതി അംഗം സുമേഷ് ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുത്തു.