കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എംഎല്‍എ ഫണ്ടില്‍ നിന്നും(2019-2020 പ്രാദേശിക വികസന ഫണ്ട്) തുക വിനിയോഗിച്ചാണ് ഹൈടെക് അമ്മത്തൊട്ടില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യഥാര്‍ഥ്യമാക്കിയത്. ശിശുക്ഷേമ രംഗത്ത് ദേശീയ ശ്രദ്ധയും പ്രശംസയും ലഭിച്ച അമ്മത്തൊട്ടിലുകളുടെ കാര്യത്തില്‍ ഒരുതലം കൂടി കടന്നാണ് ഹൈടെക്ക് അമ്മത്തൊട്ടില്‍ യഥാര്‍ഥ്യമാക്കിയത്.
2009 ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ പുതിയ അമ്മത്തൊട്ടിലില്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്ത് ഉടനീളം ഇത്തരത്തിലുള്ള അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്.
നിപ്പയുമായി ബന്ധപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നുള്ളത് ഏറെ ആശ്വാസകരമായ ഒന്നാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ നിരീക്ഷിച്ചു വരികയാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും ഹൗസ് ടു ഹൗസ് സര്‍വെയ്‌ലന്‍സ് പൂര്‍ത്തിയായി. കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍വെയ്‌ലന്‍സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വയറല്‍ പാന്റമിക്കിന്റെ സമയമായതിനാല്‍ അസ്വാഭാവിക പനി, അസ്വാഭാവിക മരണം എന്നിവ ഉണ്ടായിട്ടുണ്ടോ എന്നറിയുന്നതിനായാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചത്. കോവിഡ് മരണം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് അന്വേഷിച്ചു. ഇതില്‍ നിന്നും ആശ്വാസകരമായ വിവരങ്ങളാണ് നമുക്ക് ലഭിച്ചത്.
നിപ മരണം ഉണ്ടായിട്ടുള്ള സമയത്തിന് ഒരു മാസം മുന്‍പ് വരെ ഇത്തരത്തില്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പനിയുള്ളവരെ കണ്ടെത്തിയെങ്കിലും ഇവര്‍ക്ക് നിപ ബാധിച്ച കുട്ടിയുമായി യാതൊരു ബന്ധമോ ഉണ്ടായിട്ടില്ല. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ്, നിപ എന്നിവ പരിശോധിക്കുന്നുണ്ട്. 21 ദിവസമാണ് നിരീക്ഷണ കാലാവധി. അത് വരേയ്ക്കും ജാഗ്രത പുലര്‍ത്തണം. നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി പൂനെ എന്‍ഐവിയില്‍ നിന്നും വിദഗ്ധര്‍ എത്തിയിട്ടുണ്ട്.
ആദ്യ സാമ്പിളുകള്‍ പൂനെയിലേക്ക് അയയ്ക്കും.
സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് സീറോ പോസിറ്റീവിറ്റി കണ്ടെത്തുന്നതിനായി സീറോ പ്രൊവലന്‍സ് സ്റ്റഡി നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഈ പഠനം പൂര്‍ത്തിയാകും. അതില്‍ നിന്നും കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും സീറോ പോസ്റ്റിവിറ്റി എത്രയാണെന്ന് കണക്കാക്കാന്‍ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാവും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമൊക്കെ ചേര്‍ന്ന് തീരുമാനമെടുക്കുക.
18 വയസിന് മുകളിലുള്ളവരില്‍ 80 ശതമാനം വാക്‌സിനേഷനിലേക്ക് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസത്തിലെ മരണത്തിന്റെ കണക്ക് പരിശോധിച്ചപ്പോള്‍ 94.6 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലത്തവരും മറ്റ് രോഗങ്ങളുള്ള ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുമാണെന്ന് കണ്ടെത്തി. മറ്റ് രോഗങ്ങളുള്ള അഞ്ച് ശതമാനം ആളുകളിലും മരണം കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ തീര്‍ച്ചയായും പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കും. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക് പരിശോധിച്ചാലും ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ.ടി.കെ.ജി നായര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ ആര്‍.രാജു, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹന്‍ കുമാര്‍, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, ആര്‍.എം.ഒ ആഷിഷ് മോഹന്‍കുമാര്‍, ഡോ. എം.ജെ. സുരേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.