Trending Now

ലഹരി വസ്തുക്കള്‍ക്കെതിരേ പോലീസ് റെയ്ഡ് ഊര്‍ജിതം, നിരവധി കേസുകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമവിരുദ്ധമായി മദ്യ നിര്‍മാണവും ലഹരി വസ്തുക്കളുടെ വിപണനവും നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയില്‍ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) വ്യാപകമായി നടത്തിയ റെയ്ഡില്‍ മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരം ലിറ്ററോളം കോട പിടിച്ചെടുത്ത് നശിപ്പിച്ചു.

കൂടാതെ വാറ്റുപകരണങ്ങളും, വില്പനക്കായി സൂക്ഷിച്ച വാറ്റുചാരായവും, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. ജില്ലയില്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയ്ഡുകള്‍ ശക്തിപ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു.

കോവിഡ് രോഗവ്യാപനം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഡാന്‍സാഫ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തി വ്യാപകമായി റെയ്ഡുകള്‍ നടന്നുവരികയാണ്. വ്യാജ വാറ്റിലൂടെ അനധികൃതമായി ചാരായം നിര്‍മിച്ച് വിപണനം നടത്തുകയും, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും, നിരോധിത പുകയില ഉത്പന്നങ്ങളും കടത്തി വില്പന നടത്തുകയും ചെയ്യുന്നവരെ പിടികൂടാന്‍ റെയ്ഡുകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് സംഘം ഇക്കാലയളവില്‍ നടത്തിയ റെയ്ഡില്‍ ജില്ലയിലെ എട്ട് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലായാണ് കോടയും മറ്റും പിടികൂടിയത്.

കൂടാതെ കഞ്ചാവ് ഉള്‍പ്പെടെയുള്ള നിരോധിത മയക്കുമരുന്ന് – പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഏറ്റവും ഒടുവില്‍ തിരുവല്ല കുറ്റൂരില്‍ ഓട്ടോറിക്ഷയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത് ഉള്‍പ്പെടെ രണ്ടു കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീം, ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ പിന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പന്തളം കുളനടയില്‍ വീട്ടിലെ കിടപ്പുമുറിയിലെ മെത്തക്കടിയില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ 34 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനും കേസെടുത്തിരുന്നു. ഡാന്‍സാഫ് ജില്ലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം റെയ്ഡുകള്‍ ഊര്‍ജിതമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.