Trending Now

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,86,089 പേര്‍

 

പത്തനംതിട്ട ജില്ലയില്‍ 45 വയസിനുമേല്‍ പ്രായമുള്ള 1,86,089 പേരാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 2,54,827 പേരാണ് ജില്ലയില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.

45 വയസിനുമേല്‍ പ്രായമുള്ള 4,84,572 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ജില്ല ലക്ഷ്യമിടുന്നത്. 63 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 22 സ്വകാര്യ കേന്ദ്രങ്ങളിലുമായി 33 ശതമാനം പേരാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

വിതരണ പുരോഗതി വിലയിരുത്തുവാന്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നേരിട്ടെത്തി. ഇലന്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച കളക്ടര്‍ വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വാക്സിന്‍ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കളക്ടര്‍ അഭിനന്ദിച്ചു.

ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇതുവരെ 60 വയസിനു മുകളില്‍ പ്രായമുള്ള 5479 പേരാണ്(74 ശതമാനം) വാക്‌സിന്‍ സ്വീകരിച്ചത്. 7433 പേരെയാണ് ഇലന്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ലക്ഷ്യമിടുന്നത്. കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രമാണ് ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം.

കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എത്രയുംവേഗം വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. നൂറിലധികം പേര്‍ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍, ഓഫീസുകള്‍ എന്നിവ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ അറിയിച്ചാല്‍ ഓഫീസിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാനുള്ള സൗകര്യമൊരുക്കും.

അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.ഗണേഷ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം സിവില്‍ സര്‍ജന്‍ ഡോ.മായ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!