Trending Now

കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം

കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം ; സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നത് സെന്റിന് 13 ലക്ഷം രൂപക്ക് ; കണ്ണടച്ച് റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോന്നി മെഡിക്കൽ കോളേജിനു മുന്നില്‍   വൻഭൂമി കയ്യേറ്റം. സ്വകാര്യ വ്യക്തികൾ സംഘടിതമായി നടത്തുന്ന ഈ കയ്യേറ്റത്തിനെതിരെ ഒരു നടപടിയും ഇല്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ മീഡിയാകളുടെ പ്രമുഖ സംഘടനയായ “ചീഫ് എഡിറ്റേ​ഴ്‌സ് ഗിൽഡ്” നടത്തിയ അന്വേഷണത്തിലും ഭൂമി കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയതായി ഭാരവാഹികള്‍ പറഞ്ഞു

കോന്നി മെഡിക്കൽ കോളേജിലേക്കുള്ള  റോഡിന്‍റെ ഇരുവശങ്ങളിലുമായി കൃഷി വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. പന്തളം കൃഷി ഫാമിന്‍റെയാണ് ഈ സ്ഥലം. ചില സർവ്വീസ് സംഘടന നേതാക്കളുടേയും റവന്യൂ -കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടേയും വ്യക്തമായ അറിവോടെയും മൌനസമ്മതത്തോടെയുമാണ്‌ സര്‍ക്കാരിന്‍റെ ഏക്കറുകണക്കിന് സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് എന്നാണ് പ്രദേശവാസികളുടെ ആരോപണം.

 

കയ്യേറിയ ഭൂമിയിലേക്ക്‌ യന്ത്രങ്ങള്‍ ഉപയോഗിച്ച് വഴി വെട്ടി ഉത്ഘാടനവും നടത്തി. വലിയ വാഹനങ്ങൾക്ക് വരെ കടന്നുപോകാവുന്ന വീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. റോഡ് വെട്ടിയ ഭൂമികൾ എട്ട് മുതൽ പതിമൂന്ന് ലക്ഷം രൂപ വരെ വിലയിൽ വിറ്റഴിക്കുന്നുമുണ്ട്. രേഖകളിൽ  തെറ്റിധാരണ സൃഷ്ടിച്ചാണ് വിൽപ്പന നടത്തുന്നത്. സർക്കാർ ഭൂമി കയ്യേറുന്നത് ശിക്ഷാർഹമാണെന്ന് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലും ഭൂമി കയ്യേറിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സ്ഥാപിച്ച ബോർഡുകളും കാണാനില്ല.സർക്കാർ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ജണ്ട പൊളിച്ചു നീക്കുകയും അതോടൊപ്പം ഭൂമിയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരുമ്പുവേലി മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.

ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫെൻസിംഗും കയ്യേറ്റക്കാർ പൊളിച്ചുനീക്കി. ഇത് മറിച്ചു വിൽക്കുകയും ചെയ്തു. മാത്രമല്ല റോഡ് വെട്ടിയതിന് ശേഷം അനധികൃതമായി ഇവിടെ നിന്ന് പാറ പൊട്ടിച്ച് മാറ്റിയിട്ടുമുണ്ട്. പന്തളം ഫാമിന്‍റെ   മേൽനോട്ടത്തിലാണ് ഈ ഭൂമിയെങ്കിലും ഇത് സംരക്ഷിക്കുന്നതിനോ സ്ഥലം സന്ദർശിക്കുന്നതിനോ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ല.

വലിയ തെങ്ങിൻ തോട്ടമുൾപ്പെടെ ഈ ഭൂമിയിൽ നിലവിലുണ്ട്. ഐരവൺ വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ജില്ലയിലേയും കോന്നി ബ്ലോക്കിലേയും കൃഷി ഉദ്യോഗസ്ഥരും മെഡിക്കൽ കോളേജിന്റെ  പരിസരത്ത് പകൽവെട്ടത്തിൽ നടക്കുന്ന ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണമുയരുന്നത് . ഐരവൺ വില്ലേജിൽ നിന്ന് സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥരാണ് ബിനാമികളായി ഭൂമി കച്ചവടം നടത്തുന്നതും. ഇതിൽ ചില സർക്കാർ സർവ്വീസ് സംഘടന നേതാക്കൾക്ക് പങ്കുള്ളതായും പറയുന്നു.

കോന്നി മെഡിക്കൽ കോളേജ് റോഡിൽ നിന്ന് കൃഷി വകുപ്പിന്റെ ഭൂമിയിലേക്ക് വെട്ടിയ തെങ്ങിൻ തുണ്ടിൽ റോഡിന് അധികൃതർ നിരോധന ഉത്തരവ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇത് ഉത്ഘാടനം ചെയ്യപ്പെട്ടിരുന്നു. സ്വകാര്യ വ്യക്തികൾക്ക്  നിലവിൽ അവരുടെ ഭൂമിയിലേക്ക് റോഡ് ഉണ്ടെങ്കിലും സർക്കാർ ഭൂമി കയ്യേറി വീടുകളിലേക്ക് പ്രത്യേക റോഡ് നിർമ്മിച്ചിരിക്കുന്നതും ഇവിടെ കാണാം.

വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തി കയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം സി പി ഐ യുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ പറഞ്ഞു.

സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ, മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ കൌൺസിലംഗം എ ദീപകുമാർ, സി പി ഐ ഐരവൺ ലോക്കൽ കമ്മറ്റി അസിസ്റ്റന്റ്  സെക്രട്ടറി ബിനോയ് ജോൺ, സി കെ ശാമുവേൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

 

error: Content is protected !!