Trending Now

വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു

 

തിരുവനന്തപുരം : നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു. ഏഴാച്ചേരി രാമചന്ദ്രൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.

ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് അവാർഡിനർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്.

രാജ്ഭവനിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ ഗവർണ്ണർക്ക് പുറമെ അവാർഡ് ജേതാവും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

ട്രസ്റ്റ്‌ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭവാർമ്മ സ്വാഗതം പറഞ്ഞു. പ്രൊഫ. ജി. ബാലചന്ദ്രൻ, ട്രസ്റ്റ്‌ സെക്രട്ടറി സി. വി. ത്രിവിക്രമൻ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 44 വർഷമായി വയലാർ സാഹിത്യ അവാർഡ് നിർണ്ണയ ചടങ്ങുകൾ ഭംഗിയായി നടത്തിവരുന്ന, 90 വയസ്സ് പിന്നിട്ട സെക്രട്ടറി സി വി ത്രിവിക്രമനെ ഗവർണ്ണർ പൊന്നാട അണിയിച്ച് ആദരിച്ചുചടങ്ങിൽ അഡ്വ . ബി. സതീശൻ നന്ദി രേഖപ്പെടുത്തി.

പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ചു വയലാർ ഗാനസന്ധ്യയും നടന്നു.
കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിപാടി. പൊതുവേദി ഒഴിവാക്കി ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെ ഗാനസന്ധ്യ തത്സമയം ആളുകൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.